കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; ഇത്തവണ 134 ജീവനക്കാര്‍ പുറത്ത്

കൊച്ചി: ദീര്‍ഘകാലമായി ജോലിക്കു ഹാജരാകാതിരുന്ന 134 ഉദ്യോഗസ്ഥരെക്കൂടി കെഎസ്ആര്‍ടിസി പിരിച്ചുവിട്ടു. 69 ഡ്രൈവര്‍മാരെയും 65 കണ്ടക്ടര്‍മാരെയുമാണു പുതുതായി പിരിച്ചുവിട്ടത്. 773 പേരെ ഇതേകാരണത്താല്‍ നേരത്തേ സര്‍വീസില്‍നിന്നു പുറത്താക്കിയിരുന്നു.

സ്ഥിരം നിയമനം ലഭിച്ച 304 ഡ്രൈവര്‍മാര്‍ക്കെതിരെയും 469 കണ്ടക്ടര്‍മാര്‍ക്കെതിരെയുമാണു നേരത്തേ നടപടി സ്വീകരിച്ചിരുന്നത്. ഇവരോടു തിരികെയെത്താന്‍ കഴിഞ്ഞ മേയില്‍ കെഎസ്ആര്‍ടിസി അന്ത്യശാസനം നല്‍കിയിരുന്നു. ഇത് അനുസരിക്കാത്തവര്‍ക്കെതിരെയായിരുന്നു നടപടി. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഇല്ലാത്തതിനാല്‍ സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്ന സാഹചര്യം ഉണ്ടായതോടെയാണ് ലീവിലുള്ള ഉദ്യോഗസ്ഥരെ കെഎസ്ആര്‍ടിസി തിരികെ വിളിച്ചത്.

കോര്‍പറേഷനിലെ നിയമം അനുസരിച്ച് അഞ്ച് വര്‍ഷം വരെ ജീവനക്കാര്‍ക്കു ദീര്‍ഘകാല അവധിയെടുക്കാം. എന്നാല്‍ ആവശ്യപ്പെട്ടാല്‍ ജോലിക്കു ഹാജരാകണമെന്നാണു നിബന്ധന. മെക്കാനിക്കല്‍, മിനിസ്റ്റീരിയല്‍ വിഭാഗങ്ങളില്‍ അനധികൃതമായി ജോലിക്കു ഹാജരാകാത്ത ജീവനക്കാരെ പിരിച്ചുവിടുമെന്ന് എംഡി ടോമിന്‍ തച്ചങ്കരി നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനിടെ തച്ചങ്കരിക്കെതിരേ തൊഴിലാളി സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular