ഓര്‍മയില്ല എന്നു മുകേഷ് പറയുന്നതു ശരിയല്ല; നടപടിയെടുക്കുകയാണെങ്കില്‍ അമ്മയിലെ എല്ലാവരെയും പുറത്താക്കേണ്ടി വരും; ഭാഗ്യലക്ഷ്മി പ്രതികരണവുമായി

മീ ടൂ ക്യാംപെയ്ന്‍ വെളിപ്പെടുത്തലില്‍ കുടുങ്ങിയ മുകേഷിനെതിരേ വന്‍ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. പല പ്രമുഖരും ഇതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രംഗത്തെത്തി. എന്നാല്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് പറയാനുള്ളത് ഇതാണ്. ജനപ്രതിനിധി കൂടിയായ മുകേഷ് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. ഇത്തരം ആള്‍ക്കാര്‍ക്കെതിരെ താന്‍ ശക്തമായ നടപടി മുമ്പു സ്വീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ തുടര്‍ച്ചയായുള്ള വെളിപ്പെടുത്തല്‍ സ്വാഗതം ചെയ്യുന്നു. താര സംഘടനയായ അമ്മ കുറവുകള്‍ നോക്കി നടപടിയെടുക്കുകയാണെങ്കില്‍ സംഘടനയിലെ എല്ലാവരെയും പുറത്താക്കേണ്ടി വരുമെന്നും ഭാഗ്യലക്ഷ്മി ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി..

‘വിഷയത്തില്‍ പ്രതികരിക്കേണ്ടത് എംഎല്‍എ കൂടിയായ മുകേഷിന്റെ കടമയാണ്. എന്താണ് യാഥാര്‍ഥ്യമെന്ന് മുകേഷ് പറയണം. എന്തുപറഞ്ഞാലും ഉടനെ പെണ്ണ് നുണ പറയുന്നു, ഇല്ലാക്കഥ പറയുന്നു എന്നാണല്ലോ പൊതുവെ നമ്മള്‍ കണ്ടുവരുന്നത്. ഈ സാഹചര്യത്തില്‍ മുകേഷ് തന്നെ പറയട്ടെ എന്താണ് സംഭവിച്ചതെന്ന്.- ഭാഗ്യലക്ഷ്മി പറഞ്ഞു.

‘ഓര്‍മയില്ല എന്നു മുകേഷ് പറയുന്നതു ശരിയല്ല. ഒന്നുമില്ലെങ്കില്‍ അതു പറയണം. ഓര്‍മയില്ല എന്നു പറയുന്നത് ശരിയായ രീതിയല്ല. പ്രത്യേകിച്ച് ഒരു ജനപ്രതിനിധി കൂടിയല്ലേ. ഇത്തരം തുറന്നുപറച്ചിലുകള്‍ ഗൗരവമുള്ളതാണ്. ഏറെക്കാലമായി ഇത്തരം കാര്യങ്ങള്‍ തുറന്നുപറയാറില്ല. ഈ സാഹചര്യത്തില്‍ തുറന്നുപറയുക എന്നത് ധീരമായ നടപടിയാണ്.

എന്നോട് ഇത്തരത്തില്‍ സംസാരിച്ചവര്‍ക്ക് ആ സമയം തന്നെ ഞാന്‍ മറുപടി കൊടുത്തിട്ടുണ്ട്. അത്തരക്കാരുടെ സിനിമകള്‍ വേണ്ടെന്നു വയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കാലം മാറി. പെണ്‍കുട്ടികള്‍ രഹസ്യമായി പ്രതികരിക്കുകയും മൂടിവയ്ക്കുകയും ചെയ്യുന്ന കാലം പോയി. അവര്‍ തുറന്നുപറയുകയാണ്. ധൈര്യപൂര്‍വം പെണ്‍കുട്ടികള്‍ തുറന്നുപറയുകയാണ്. തീര്‍ച്ചയായും സ്വാഗതം ചെയ്യേണ്ടതാണിത്. ഇങ്ങനെയാണ് മാറ്റം വരേണ്ടത്.

എല്ലാത്തിനും സംഘടന മറുപടി പറയണമെന്ന് ആവശ്യപ്പെടുന്നത് ശരിയല്ല. പരാതി ലഭിച്ച ശേഷമാണു സംഘടന പ്രതികരിക്കേണ്ടത്. 400 ലധികം അംഗങ്ങളുള്ള സംഘടനയാണ് അമ്മ. 400 പേരും നാനൂറ് സ്വഭാവക്കാരായിരിക്കും. ഓരോരുത്തരുടെയും കുറവ് നോക്കി പുറത്താക്കിയാല്‍ എല്ലാവരെയും പുറത്താക്കേണ്ട സാഹചര്യമാകും മിക്കവാറും സംഭവിക്കുക’ – ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
മീ ടൂ ക്യാംപെയ്‌നിന്റെ ഭാഗമായി ദേശീയ തലത്തില്‍ ഒട്ടേറെ പ്രമുഖര്‍ക്കെതിരെ നടിമാരുടെയും മറ്റു സഹപ്രവര്‍ത്തകരുടെയും വെളിപ്പെടുത്തല്‍ തുടരുകയാണ്. എന്നാല്‍ ആദ്യമായാണ് മലയാളത്തിലെ പ്രമുഖ നടനെതിരെ ആരോപണം ഉയരുന്നത്. കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫ് ആണ് മുകേഷിനെതിരെ രംഗത്തുവന്നത്. 19 വര്‍ഷം മുമ്പ് മുകേഷ് ചെന്നൈയിലെ ഹോട്ടലില്‍ വച്ച് മോശമായി പെരുമാറിയെന്നാണ് അവരുടെ ആരോപണം. എന്നാല്‍ ആരോപണം മുകേഷ് നിഷേധിച്ചു. ടെസ് ജോസഫ് എന്ന കുട്ടിയെ തനിക്ക് ഓര്‍മ പോലുമില്ലെന്നും ഇത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നുമായിരുന്നു മുകേഷിന്റെ പ്രതികരണം. പരാതിക്കാരി നിയമപരമായി വഴി സ്വീകരിക്കട്ടെ എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേറി ബാലകൃഷ്ണന്റെ പ്രതികരണം.

മലയാള സിനിമയില്‍ സ്ത്രീകള്‍ എന്നും പിന്നില്‍; കാര്യങ്ങള്‍ തീരുമാനിക്കുന്നത് പുരുഷന്മാര്‍ തന്നെ; സ്ത്രീ-പുരുഷ സമത്വത്തെ കുറിച്ച് തുറന്നടിച്ച് ഹണി റോസ്

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7