കൊച്ചി: ശബരിമലയെ രക്ഷിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി മുന്‍ സംഘടനാസെക്രട്ടറി പി.പി.മുകുന്ദന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു പ്രത്യേക ഓര്‍ഡിനന്‍സിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണം. തുടര്‍ന്ന് ക്ഷേത്രഭരണം അരാഷ്ട്രീയവല്‍ക്കരിച്ചു ശരിയായ പരിപാലനത്തിനും ഭരണത്തിനുമായി തിരുപ്പതി മാതൃകയില്‍ ദേവസ്ഥാനം സ്ഥാപിക്കണം.
സ്വത്തിലും വരുമാനത്തിലും മാത്രം കണ്ണുവച്ച അവിശ്വാസികളുടെ പിടിയില്‍നിന്നു ശബരിമലയെ രക്ഷിക്കണം. സുപ്രീംകോടതിവിധി എത്രയും വേഗം നടപ്പാക്കുകവഴി ശബരിമലയിലെ ആചാരങ്ങളും പാരമ്പര്യവും തകര്‍ക്കാനാണു സിപിഎം നയിക്കുന്ന സംസ്ഥാന സര്‍ക്കാരും സര്‍ക്കാര്‍ നോമിനികളായ ദേവസ്വം ബോര്‍ഡും ശ്രമിക്കുന്നതെന്നും കത്തില്‍ മുകുന്ദന്‍ ആരോപിച്ചു.
അതേസമയം ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ അഞ്ച് തെക്കന്‍ സംസ്ഥാനങ്ങളില്‍ കടുത്ത പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ തീരുമാനിച്ചു. കൊച്ചിയില്‍ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന 41 ഹിന്ദു സംഘടനകളുടെ നേതൃസമ്മേളനത്തിലാണു തീരുമാനം. നവരാത്രി ദിനത്തില്‍ പ്രക്ഷോഭങ്ങള്‍ക്കു തുടക്കം കുറിക്കുന്നതിനാണു തീരുമാനിച്ചിട്ടുള്ളത്. 10നു സംഘപരിവാര്‍ സംഘടനകള്‍ കേരളത്തിലെ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും ഉപരോധ സമരം നടത്തുമെന്നും ഹിന്ദു സംഘടനകളുടെ നേതൃത്വം അറിയിച്ചു.
ഗുരുസ്വാമിമാരുടെയും ആചാര്യന്മാരുടെയും ഹിന്ദുസംഘടനകളുടെയും നേതൃത്വത്തില്‍ 11നു കോട്ടയത്ത് ഹിന്ദു നേതൃസമ്മേളനം നടക്കും. 12നു പന്തളം രാജകുടുബത്തോടൊപ്പം സെക്രട്ടേറിയറ്റ് പടിക്കല്‍ നാമജപ യജ്ഞവും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. 17നു നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ അമ്മമാരെ അണിനിരത്തി ഉപവാസവും സംഘടിപ്പിക്കാനും ഹിന്ദു നേതൃ സമ്മേളനം തീരുമാനിച്ചു.