കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നടന്‍ മോഹന്‍ലാലിന്റെ അപ്രതീക്ഷിത പ്രതികരണം. മാധ്യമപ്രവര്‍ത്തകരുടെ ശബരിമലയെ സംബന്ധിച്ച ചോദ്യത്തിന് തമാശകലര്‍ന്ന സിനിമാ സ്റ്റൈലില്‍ ലാല്‍ തല്ലാനോങ്ങിയത്. അമ്മ യോഗത്തിലെ അജണ്ടകളെപ്പറ്റി സംസാരിച്ച ശേഷം പോകാന്‍ തുടങ്ങിയ താരത്തോട് ശബരിമല വിധി സംബന്ധിച്ച ചോദിച്ചപ്പോഴായിരുന്നു ഇങ്ങനെ പ്രതികരിച്ചത്. നര്‍മരസത്തില്‍ ഒഴിഞ്ഞുമാറുകയായിരുന്നു മോഹന്‍ലാല്‍ യഥാര്‍ഥത്തില്‍ ചെയ്തത്.
അതേസമയം, താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടിവ് യോഗം ഇന്ന് കൊച്ചിയില്‍ ചേരുന്നുണ്ടെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. പ്രളയ ബാധിതരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാരിനായി അമ്മയുടെ നേതൃത്വത്തില്‍ സ്‌റ്റേജ് ഷോ ഒരുങ്ങുന്നുണ്ടെന്നും. ഇതിലൂടെ അഞ്ച് കോടി സ്വരൂപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദിലീപ് വിഷയവും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകുന്നുണ്ട്. ഇത് സംബന്ധിച്ച് വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് നല്‍കിയ കത്തും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.
പ്രളയത്തില്‍ ദുരിതം അനുഭവിച്ച കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിനികള്‍ക്ക് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ വിതരണം നടന്നു. സര്‍വ്വകലാശാല ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ 200 വിദ്യാര്‍ത്ഥിനികള്‍ക്ക് 5000 രൂപയുടെ വസ്ത്രങ്ങള്‍ വാങ്ങാനായി കൂപ്പണുകള്‍ വിതരണം ചെയ്തു. ശീമാട്ടിയുമായി സഹകരിച്ചായിരുന്നു സഹായ വിതരണം. ഇന്നസെന്റ് എംപി, സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ധര്‍മരാജ് അടാട്ട്, ബീന കണ്ണന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.