രാജ്‌കോട്ട്: സച്ചിന്‍ തെന്‍ഡുല്‍ക്കറിനെ പിന്നിലാക്കി വിരാട് കോഹ്‌ലി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കരിയറിലെ 24ാം സെഞ്ചുറി പൂര്‍ത്തിയാക്കിയതോടെയാണ് കോഹ് ലി സച്ചിനെ പിന്നിലാക്കിയത്. ഏറ്റവും കുറച്ച് ഇന്നിങ്‌സുകളില്‍നിന്ന് 24 സെഞ്ചുറി പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരമാണ് കോഹ്‌ലി.
സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനാണ് ഇക്കാര്യത്തില്‍ മുന്‍പന്‍. വെറും 66 ഇന്നിങ്‌സുകളില്‍നിന്ന് ബ്രാഡ്മാന്‍ 24 ടെസ്റ്റ് സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍, രണ്ടാം സ്ഥാനം സ്വന്തമാക്കിയ കോഹ്‌ലിക്ക് ഈ നേട്ടത്തിലേക്ക് 123 ഇന്നിങ്‌സുകള്‍ വേണ്ടിവന്നു. സച്ചിന്‍ 125 ഇന്നിങ്‌സുകളില്‍ നിന്നാണ് 24 ടെസ്റ്റ് സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയത്. സുനില്‍ ഗാവസ്‌കര്‍ (128), മാത്യു ഹെയ്ഡന്‍ (132) എന്നിവര്‍ പിന്നിലുണ്ട്.
അര്‍ധസെഞ്ചുറികള്‍ സെഞ്ചുറിയിലേക്ക് എത്തിക്കുന്നതില്‍ ഓസീസ് ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാന് മാത്രം പിന്നിലാണ് കോഹ്‌ലി. ടെസ്റ്റ് ക്രിക്കറ്റില്‍ ഇരുപതിലേറെ സെഞ്ചുറികള്‍ നേടിയ 44 താരങ്ങളില്‍, ഇരുപതില്‍ താഴെ അര്‍ധസെഞ്ചുറിയുള്ള താരങ്ങള്‍ ബ്രാഡ്മാനും കോഹ്‌ലിയും മാത്രമാണ്. ബ്രാഡ്മാന് 13 അര്‍ധസെഞ്ചുറിയും കോഹ്‌ലിക്ക് 19 അര്‍ധസെഞ്ചുറിയുമാണുള്ളത്. അതായത് നേടിയ അര്‍ധസെഞ്ചുറികളില്‍ കൂടുതലും ഇരുവരും സെഞ്ചുറികളാക്കി രൂപാന്തരപ്പെടുത്തി.
ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമായും കോഹ്‌ലി മാറി. ഇന്ത്യയെ നയിക്കുമ്പോള്‍ കോഹ്‌ലിയുടെ 17ാം ടെസ്റ്റ് സെഞ്ചുറിയാണിത്. ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ ഗ്രെയിം സ്മിത്ത് (25), ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിങ് (19) എന്നിവര്‍ മാത്രമാണ് ഇക്കാര്യത്തില്‍ കോഹ്‌ലിക്കു മുന്നിലുള്ളത്.
ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരവും കോഹ്‌ലി തന്നെ. സച്ചിന്‍ െതന്‍ഡുല്‍ക്കര്‍ (51), രാഹുല്‍ ദ്രാവിഡ് (36), സുനില്‍ ഗാവസ്‌കര്‍ (34) എന്നിവര്‍ മാത്രമാണ് ഇനി കോഹ്‌ലിക്കു മുന്നിലുള്ളത്. ഏറ്റവും കൂടുതല്‍ കലണ്ടര്‍ വര്‍ഷത്തില്‍ ഏഴോ അതിലധികമോ സെഞ്ചുറികള്‍ നേടിയിട്ടുള്ള താരമായും കോഹ്‌ലി മാറി. ഇക്കാര്യത്തില്‍ സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിനൊപ്പമെത്തി കോഹ്‌ലി. ഇത് അഞ്ചാം തവണയാണ് ഒരു കലണ്ടര്‍ വര്‍ഷത്തില്‍ കോഹ്ലി ഏഴ് സെഞ്ചുറി പിന്നിടുന്നത്. 2012, 2014, 2016, 2017 വര്‍ഷങ്ങളിലും കോഹ്‌ലി ഏഴു സെഞ്ചുറികള്‍ നേടി.
സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ 1996, 1998, 1999, 2001, 2010 വര്‍ഷങ്ങളിലാണ് ഏഴോ അതിലധികമോ രാജ്യാന്തര സെഞ്ചുറികള്‍ നേടിയിട്ടുള്ളത്. ഓസീസ് താരങ്ങളായ റിക്കി പോണ്ടിങ് (2002, 03, 05, 06), സ്റ്റീവ് സ്മിത്ത് (2014, 15, 16, 17) എന്നിവര്‍ നാലു കലണ്ടര്‍ വര്‍ഷങ്ങളില്‍ ഏഴോ അതിലധികമോ സെഞ്ചുറി നേടിയിട്ടുണ്ട്. ഇരുപത് വ്യത്യസ്ത മൈതാനങ്ങളില്‍ സെഞ്ചുറി നേടിയ താരമെന്ന നേട്ടവും കോഹ്‌ലിക്കു സ്വന്തം. ഇന്ത്യയില്‍ മാത്രം പത്താമത്തെ വേദിയിലാണ് കോഹ്‌ലി സെഞ്ചുറി പിന്നിടുന്നത്.