രാജ്കോട്ട്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനവും ഇന്ത്യന്‍ ആധിപത്യം. ആദ്യ ദിനം അരങ്ങേറ്റക്കാരന്‍ പൃഥ്വി ഷായുടെ സെഞ്ചുറി നേടിയതിനു പിന്നാലെ രണ്ടാം ദിനം ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും സെഞ്ചുറി തികച്ചു. കോലിയുടെ 24-ാം ടെസ്റ്റ് സെഞ്ചുറിയാണിത്. 184 പന്തില്‍ ഏഴു ബൗണ്ടറികളടക്കമാണ് കോലി ടെസ്റ്റില്‍ തന്റെ 24-ാം സെഞ്ചുറി കുറിച്ചത്.
അതേസമയം അടിച്ചുതകര്‍ത്ത് മുന്നേറിയ യുവതാരം ഋഷഭ് പന്തിന് എട്ടു റണ്‍സ് അകലെ രണ്ടാം ടെസ്റ്റ് സെഞ്ചുറി നഷ്ടമായി. 84 പന്തില്‍ എട്ടു ബൗണ്ടറിയും നാലു സിക്സറുമടക്കം 92 റണ്‍സെടുത്ത പന്തിനെ ദേവേന്ദ്ര ബിഷുവാണ് പുറത്താക്കിയത്. അഞ്ചാം വിക്കറ്റില്‍ കോലിക്കൊപ്പം 136 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് പന്ത് പുറത്തായത്. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ സെഞ്ചുറി നേടിയ പന്തിന്, തുടര്‍ച്ചയായ രണ്ടു ടെസ്റ്റുകളില്‍ സെഞ്ചുറി നേടാനുള്ള അവസരമാണ് നഷ്ടമായത്.
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 488 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 111 റണ്‍സോടെ കോലിയും 10 റണ്‍സുമായി ജഡേജയുമാണ് ക്രീസില്‍.
രണ്ടാം ദിനം നാലിന് 34 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യന്‍ സ്‌കോര്‍ വേഗത്തില്‍ മുന്നോട്ടുകൊണ്ടുപോയത് പന്തിന്റെ വെടിക്കെട്ടായിരുന്നു. നേരത്തെ ടെസ്റ്റിന്റെ ആദ്യ ദിനം സെഞ്ചുറി നേടിയ പൃഥ്വി ഷായും (134) പൂജാരയുമാണ് (86) ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയത്. ലോകേഷ് രാഹുലിനെ ആദ്യ ഓവറില്‍ തന്നെ നഷ്ടമായ ശേഷം ഒത്തു ചേര്‍ന്ന ഈ സഖ്യം 206 റണ്‍സ് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിലേക്ക് ചേര്‍ത്തു.
ഇരുവരും പുറത്തായതിനു പിന്നാലെ ഒത്തുചേര്‍ന്ന കോലി-രഹാനെ (41) സഖ്യവും സെഞ്ചുറി കൂട്ടുകെട്ട് (105) തീര്‍ത്ത ശേഷമാണ് പിരിഞ്ഞത്.