അബുദാബി: മുഹമ്മദ് ബിന്‍ സായിദ് സ്‌റ്റേഡിയത്തില്‍ ആരാധകര്‍ക്കായി അര്‍ജന്റീന കാത്തുവച്ചത് കടുമധുരം. ജൂലിയന്‍ അല്‍വാരസ് 17-–ാം മിനിറ്റില്‍ തുടങ്ങിവച്ചു. മത്സരം കൃത്യം ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ജോവോക്വിന്‍ കോറയ പൂര്‍ത്തിയാക്കി. ലോകകപ്പിനു മുന്‍പുള്ള അവസാന സൗഹൃദ മത്സരത്തില്‍, ആതിഥേയരായ യുഎഇയ്‌ക്കെതിരെ 5-0 വിജയം ആഘോഷിച്ച് ലയണല്‍ മെസ്സിയും സംഘവും ഖത്തറിലേക്ക്.
അര്‍ജന്റീനയ്ക്കു വേണ്ടി എയ്ഞ്ചല്‍ ഡി മരിയ ഇരട്ട ഗോളുകളും ഒരു അസിസ്റ്റുമായി തിളങ്ങി. ഒരു ഗോളും ഒരു അസിസ്റ്റുമായി ക്യാപ്റ്റന്‍ മെസ്സി പിന്തുണ നല്‍കി. അല്‍വാരസ്, കോറയ എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി.
17-–ാം മിനിറ്റില്‍ മെസ്സിയുടെ അസിസ്റ്റില്‍ നിന്നാണ് അല്‍വാരസ് അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. ബോക്‌സിന്റെ മധ്യഭാഗത്തുനിന്ന് അല്‍വാരസിന്റെ വലംകാല്‍ ഷോട്ട് വലയുടെ ഇടതു മൂലയില്‍ കയറി. 25, 36 മിനിറ്റുകളിലായിരുന്നു ഡി മരിയയുടെ ഗോളുകള്‍. ആദ്യത്തേത് മാര്‍ക്കോസ് അക്കുനയുടെ ക്രോസില്‍നിന്നും രണ്ടാമത്തേത് അലക്‌സിസ് മക്ആലിസ്റ്ററിന്റെ അസിസ്റ്റില്‍നിന്നും. ഇടവേളയ്ക്ക് ഒരു നിമിഷം മുന്‍പ് മെസ്സിയുടെ വലംകാല്‍ ഷോട്ടില്‍ നിന്ന് ഗോള്‍ പിറന്നപ്പോള്‍ അതിനു പിന്തുണയായത് ഡി മരിയ. 60–ാം മിനിറ്റില്‍ റോഡ്രിഗോ ഡിപോളിന്റെ സഹായത്തോടെ ജോവോക്വിന്‍ കോറയ അഞ്ചാം ഗോളും നേടി.