വിന്‍ഡീസിനെതിരേ മികച്ച പോരാട്ടം കാഴ്ചവച്ച് ഇന്ത്യ; ആദ്യദിനം ഒരു സെഞ്ചറിയും രണ്ട് അര്‍ധ സെഞ്ച്വറിയും

രാജ്‌കോട്ട്: വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഉജ്ജ്വല പോരാട്ടം കാഴ്ചവച്ച ഇന്ത്യ, ആദ്യദിനം നാലു വിക്കറ്റ് നഷ്ടത്തില്‍ 364 റണ്‍സെന്ന നിലയില്‍. 72 റണ്‍സോടെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും 17 റണ്‍സോടെ ഋഷഭ് പന്തുമാണ് ക്രീസില്‍. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറിത്തിളക്കവുമായി രാജ്‌കോട്ടിന്റെ മനം കവര്‍ന്ന പതിനെട്ടുകാരന്‍ പൃഥ്വി ഷാ ആയിരുന്നു ആദ്യദിനത്തിലെ ശ്രദ്ധാ കേന്ദ്രം. രണ്ടാം വിക്കറ്റില്‍ പൃഥ്വി ഷാ -ചേതേശ്വര്‍ പൂജാര സഖ്യത്തിന്റെ ഇരട്ടസെഞ്ചുറി കൂട്ടുകെട്ടും (206), നാലാം വിക്കറ്റില്‍ കോഹ്‌ലി -രഹാനെ സഖ്യത്തിന്റെ സെഞ്ചുറി കൂട്ടുകെട്ടും (105) ആണ് ഇന്ത്യയെ ശക്തമായ നിലയില്‍ എത്തിച്ചത്.

അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് പൃഥ്വി ഷാ സ്വന്തമാക്കി. ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ഏഴാമത്തെ പ്രായം കുറഞ്ഞ താരമാണ് ഷാ. ഇന്ത്യക്കാരില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിനു മാത്രം പിന്നില്‍ രണ്ടാമനും. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി പിന്നിടുന്ന 15ാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് ഷാ.

രാജ്‌കോട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അരങ്ങേറ്റം കുറിച്ച ഷാ, 99 പന്തില്‍ 15 ബൗണ്ടറി സഹിതമാണ് കന്നി സെഞ്ചുറി പിന്നിട്ടത്. ഷാ 134 റണ്‍സെടുത്തും പൂജാര 86 റണ്‍സെടുത്തും പുറത്തായി. 154 പന്തില്‍ 19 ബൗണ്ടറികള്‍ സഹിതമാണ് ഷാ 134 റണ്‍സെടുത്തത്. പൂജാര 130 പന്തില്‍ 14 ബൗണ്ടറികളോടെ 86 റണ്‍സുമെടുത്തു. രഹാനെ 92 പന്തില്‍ അഞ്ചു ബൗണ്ടറി സഹിതം 41 റണ്‍സെടുത്തു പുറത്തായി. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ലോകേഷ് രാഹുലിനെ(പൂജ്യം) ഇന്ത്യയ്ക്ക് നഷ്ടമായിുന്നു.

നേരത്തെ, ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പതിനെട്ടുകാരന്‍ പൃഥ്വി ഷായുടെ അരങ്ങേറ്റമായിരുന്നു മല്‍സരത്തിലെ പ്രധാന വിശേഷം. തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ആദ്യ ഓവറില്‍ത്തന്നെ ലോകേഷ് രാഹുലിനെ പുറത്താക്കി ഷാനന്‍ ഗബ്രിയേല്‍ വിന്‍ഡീസിന് ഉജ്വല തുടക്കമാണ് സമ്മാനിച്ചത്. നാലു പന്തുകള്‍ മാത്രം നീണ്ട ഇന്നിങ്‌സിനൊടുവില്‍ റണ്ണൊന്നുമെടുക്കാനാകാതെ ഗബ്രിയേലിന്റെ പന്തില്‍ എല്‍ബിയില്‍ കുരുങ്ങിയാണ് രാഹുല്‍ മടങ്ങിയത്. ഇതിനിടെ അംപയറുടെ തീരുമാനം റിവ്യൂ ചെയ്ത് അവസരം നഷ്ടമാക്കുകയും ചെയ്തു.

എന്നാല്‍ രണ്ടാം വിക്കറ്റില്‍ പൃഥ്വി ഷായ്‌ക്കൊപ്പം ചേതേശ്വര്‍ പൂജാര ചേര്‍ന്നതോടെ കളി ഇന്ത്യയുടെ നിയന്ത്രണത്തിലായി. സമയമെടുത്ത് നിലയുറപ്പിച്ച ഇരുവരും പിന്നീട് ആഞ്ഞടിച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് റണ്ണൊഴുകി. ഏകദിന ശൈലിയില്‍ ബാറ്റു വീശിയ ഷായും പതിവിലേറെ വേഗതയില്‍ ബാറ്റേന്തിയ പൂജാരയും 11ാം ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 50 കടത്തി. രണ്ടാം വിക്കറ്റില്‍ ഇരുവരും 58 പന്തില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടും പൂര്‍ത്തിയാക്കി.

56 പന്തില്‍ പൃഥ്വി ഷാ അര്‍ധസെഞ്ചുറി പിന്നിട്ടു. ഏഴു ബൗണ്ടറികള്‍ സഹിതം അര്‍ധസെഞ്ചുറി കടന്ന ഷാ, ഈ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമായി മാറി. 20ാം ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 100 കടന്നു. അധികം വൈകാതെ പൂജാരയും അര്‍ധസെഞ്ചുറി പിന്നിട്ടു. 67 പന്തില്‍ ഒന്‍പതു ബൗണ്ടറികള്‍ സഹിതമാണ് പൂജാര 19ാം അര്‍ധസെഞ്ചുറിയിലേക്ക് എത്തിയത്. ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ 25 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഉച്ചഭക്ഷണത്തിനു പിന്നാലെ 27 ഓവറില്‍ ഇന്ത്യ 150 കടന്നു. രണ്ടാം വിക്കറ്റില്‍ 158 പന്തില്‍ പന്തില്‍ ഷാപൂജാര കൂട്ടുകെട്ട് 150 പിന്നിട്ടു. 40.3 ഓവറില്‍ ഇന്ത്യ 200 കടന്നു. 245 പന്തില്‍ പൂജാരഷാ സഖ്യം 200 റണ്‍സ് പിന്നിട്ടു. സ്‌കോര്‍ 209ല്‍ നില്‍ക്കെ അനാവശ്യ ഷോട്ടിനു ശ്രമിച്ച് പൂജാര മടങ്ങി. 130 പന്തില്‍ 86 റണ്‍സെടുത്ത പൂജാര, ഷെര്‍മാന്‍ ലെവിസിന്റെ പന്തില്‍ പാതി മനസ്സോടെ ബാറ്റുവച്ച് വിക്കറ്റ് കീപ്പറിന് ക്യാച്ച് സമ്മാനിച്ചു. സ്വന്തം നാട്ടില്‍ സെഞ്ചുറിയുടെ അരികില്‍ പൂജാര മടങ്ങുമ്പോള്‍, കന്നി ടെസ്റ്റ് വിക്കറ്റിന്റെ ആഹ്ലാദത്തിലായിരുന്നു ഷെര്‍മാന്‍ ലെവിസ്. സ്‌കോര്‍ 232ല്‍ നില്‍ക്കെ ഷായും മടങ്ങി. സ്പിന്നര്‍ ബിഷൂവിന്റെ പന്തില്‍ ബോളര്‍ക്കു തന്നെ ക്യാച്ച് സമ്മാനിച്ച് മടങ്ങുമ്പോള്‍ 154 പന്തില്‍ 19 ബൗണ്ടറി സഹിതം 134 റണ്‍സായിരുന്നു ഷായുടെ സമ്പാദ്യം.
നാലാം വിക്കറ്റില്‍ ഒരുമിച്ച കോഹ്‌ലി-രഹാനെ സഖ്യമാണ് ആദ്യ ദിനം കൂടുല്‍ വിക്കറ്റ് നഷ്ടം കൂടാതെ ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തിയത്. ഇതിനിടെ 100 പന്തില്‍ രണ്ടു ബൗണ്ടറി സഹിതം കോഹ്‌ലി 20ാം അര്‍ധസെഞ്ചുറിയിലെത്തി. നാലാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടു (105) തീര്‍ത്തതിനു പിന്നാലെ സ്‌കോര്‍ 337ല്‍ നില്‍ക്കെ ചേസിനു വിക്കറ്റ് സമ്മാനിച്ച് രഹാനെ പുറത്തായി. 92 പന്തില്‍ അഞ്ചു ബൗണ്ടറി സഹിതം 41 റണ്‍സായിരുന്നു രഹാനെയുടെ സമ്പാദ്യം. പിന്നീട് ഋഷഭ് പന്തിനൊപ്പം ചേര്‍ന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി കൂടുതല്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ ഇന്ത്യന്‍ സ്‌കോര്‍ 360 കടത്തി.

pathram:
Leave a Comment