സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു; കൂടുതല്‍ ഡാമുകള്‍ തുറക്കാന്‍ സാധ്യത; ജാഗ്രതാ നിര്‍ദേശം

കൊച്ചി: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. ആവശ്യമെങ്കില്‍ ഡാമുകള്‍ തുറന്നു വിടാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കേരളത്തില്‍ അതിതീവ്ര മഴയുടെ സാധ്യതയും ചില ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്ഇബിയുടെ അധീനതയിലുള്ള ഡാമുകളിലെ നീരൊഴുക്കും ജലനിരപ്പും നിരീക്ഷിച്ച് യുക്തമായ നടപടികള്‍ എടുക്കാനാണ് തീരുമാനം. ചീഫ് സെക്രട്ടറിയുടേയും ദുരന്തനിവാരണ അതോറിറ്റിയുടേയും നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്താണു നടപടി.

അതേസമയം, സംസ്ഥാനത്ത് വ്യാപക മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത നല്‍കി ന്യൂനമര്‍ദം വെള്ളിയാഴ്ച ലക്ഷദ്വീപിനു സമീപം രൂപമെടുക്കും. ലക്ഷദ്വീപിനു സമീപം 50 കിലോമീറ്റര്‍ വേഗതയുള്ള കാറ്റ് വീശാനും സാധ്യയുണ്ട്. ചുഴലിക്കാറ്റായി മാറിയാല്‍ ഒമാന്‍ തീരത്തേക്കു നീങ്ങാനാണു സാധ്യത. മത്സ്യത്തൊഴിലാളികള്‍ ഇന്നു തന്നെ തീരത്തു മടങ്ങിയെത്തണമെന്നു കാലാവസ്ഥാ കേന്ദ്രം നിര്‍ദേശിച്ചു.

തമിഴ്‌നാടിന്റെ അധീനതയിലുള്ള ഡാമുകളിലെ ജലനിരപ്പ് ഇപ്പോള്‍ തന്നെ ഏകദേശം പൂര്‍ണമായ നിലയില്‍ എത്തിയിരിക്കുന്നതിനാല്‍ ഷോളയാര്‍ ഡാമിന്റെ ഒരു ഷട്ടറും പെരിങ്ങല്‍കൂത്ത് ഡാമിന്റെ രണ്ടു സ്ല്യയിസ് ഗേറ്റുകളും ജില്ലാ ഭരണാധികാരികളുടെ അനുമതിയോടെ തുറന്നു ചെറിയ തോതില്‍ വെള്ളം ഒഴുക്കിത്തുടങ്ങിയിട്ടുണ്ട്. ഇടമലയാര്‍ ഡാമിന്റെ ജലനിരപ്പ് ഇപ്പോള്‍ 160 മീറ്റര്‍ താഴെയാണ്. എന്നാല്‍ അവിടെയും ഡാമിന്റെ ഗേറ്റുകള്‍ തുറന്നുവയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വയനാട് ജില്ലയിലും കോഴിക്കോട് ജില്ലയിലും യെല്ലോ അലര്‍ട്ട് നില്‍ക്കുന്നതിനാല്‍ ബാണാസുരസാഗര്‍ ഡാമില്‍ നിന്നും കുറ്റ്യാടി ഡാമില്‍ നിന്നും ആവശ്യമെങ്കില്‍ ജലം കുറഞ്ഞ തോതില്‍ പുറത്തേക്ക് ഒഴുക്കിക്കളയാന്‍ തീരുമാനിച്ചിട്ടുണ്ട്.

ശബരിമലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതുകൂടി കണക്കിലെടുത്താകും പമ്പ, കക്കി ഡാമുകളില്‍നിന്നും ജലം പുറത്തേക്ക് ഒഴുക്കുക. ഇടുക്കി ജില്ലയില്‍ റെഡ് അലര്‍ട്ടും അതിതീവ്ര മഴയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ഡാമിലെ ജലനിരപ്പ് പരമാവധി നിരപ്പായ 2403 അടിയേക്കാള്‍ 15 അടി കുറവാണെങ്കിലും വെള്ളം ആവശ്യമെങ്കില്‍ പുറത്തേയ്ക്ക് ഒഴുക്കി വിടണമെന്നു തീരുമാനിച്ചിട്ടുണ്ട്. ഏതു സാഹചര്യത്തിലും ഡാമുകള്‍ തുറന്നു വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനു മുന്‍പായി ജില്ലാ ഭരണാധികാരികളെയും ദുരന്തനിവാരണ അതോറിറ്റിയെയും അറിയിച്ചു മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന നിര്‍ദേശവും ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിട്ടുണ്ട്.

അതിതീവ്രമഴയും ഡാമുകളിലേയ്ക്കുള്ള നീരൊഴുക്കും പ്രതീക്ഷിക്കുന്നതിനാല്‍ ഇതുമായി ബന്ധപ്പട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കാനും ഇപ്പോള്‍ തുറന്നിരിക്കുന്ന മാട്ടുപ്പെട്ടി, പൊന്‍മുടി, കുണ്ടള ഡാമുകളില്‍നിന്നു പുറത്തേയ്ക്ക് ഒഴുകുന്ന ജലത്തിന്റെ അളവ് ആവശ്യമെങ്കില്‍ ഉയര്‍ത്താനും തീരുമാനമായിട്ടുണ്ട്. കൃത്യമായ നിരീക്ഷണത്തോടെ ഇക്കാര്യങ്ങള്‍ ചെയ്യുന്നതിനായി ഡാം സേഫ്റ്റി ചീഫ് എന്‍ജിനീയറെ കെഎസ്ഇബി ചുമതലപ്പെടുത്തി

അതിനിടെ കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ മലമ്പുഴ ഡാം തുറന്നു. നാല് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. കല്‍പാത്തിപ്പുഴ, ഭാരതപ്പുഴയുടെ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. 115.06 മീറ്റര്‍ പരമാവധി സംഭരണശേഷിയുള്ള അണക്കെട്ടില്‍ ജലനിരപ്പ് 114.03 മീറ്ററിലേക്ക് ഉയര്‍ന്നതോടെയാണ് തുറന്നത്.

pathram:
Leave a Comment