ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ കിരീട ജേതാവിനെ പ്രഖ്യാപിച്ചു. ഗ്രാന്റ് ഫിനാലെയില്‍ മൂന്ന് എലിമിനേഷനുകള്‍ക്ക് ശേഷവും അവശേഷിച്ച സാബുമോന്‍ അബ്ദുസമദ്, പേളി മാണി എന്നിവരില്‍ നിന്നായിരുന്നു അന്തിമ വിജയി. ഇതില്‍ കൂടുതല്‍ പ്രേക്ഷക വോട്ടുകള്‍ നേടിയ സാബുമോന്‍ അബ്ദുസമദ് ആണ് ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ കിരീട ജേതാവ്.
മൂന്നര മണിക്കൂറോളം നീണ്ട വര്‍ണാഭമായ ഗ്രാന്റ് ഫിനാലെയുടെ അവസാനമായിരുന്നു പ്രഖ്യാപനം. ഗ്രാന്റ് ഫിനാലെയില്‍ അവശേഷിച്ച അഞ്ച് ഫൈനലിസ്റ്റുകളില്‍ അരിസ്‌റ്റോ സുരേഷ് ആയിരുന്നു ആദ്യം പുറത്തായത്. അഞ്ച് പേരില്‍ ഏറ്റവും കുറവ് വോട്ടുകള്‍ ലഭിച്ചത് സുരേഷിനായിരുന്നു. പിന്നാലെ ശ്രീനിഷ് അരവിന്ദ്, ഷിയാസ് കരിം എന്നിവരും പുറത്തായി. അവശേഷിച്ച പേളി, സാബു എന്നിവരില്‍ സാബുവിനായിരുന്നു പ്രേക്ഷകപിന്തുണ കൂടുതല്‍.
ഇതുവരെ പുറത്താക്കപ്പെട്ട 11 മത്സരാര്‍ഥികളും ഫിനാലെയ്ക്ക് എത്തിയിരുന്നു. ശ്വേത മേനോന്‍, ശ്രീലക്ഷ്മി എന്നിവര്‍ ഒഴികെയുള്ള എല്ലാവരും എത്തി. സംഗീത, നൃത്തപരിപാടികള്‍ എല്ലാമുള്ള വലിയ ഷോയാണ് ഫിനാലെയുടെ ഭാഗമായി നടന്നത്. മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായിരുന്നു ഗ്രാന്റ് ഫിനാലെയ്ക്ക്. അതേസമയം വോട്ടിംഗ് ഇന്നലെ രാത്രി 12ന് അവസാനിച്ചിരുന്നു.