കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദി പൂര്‍ണ പിന്തുണ അറിയിച്ചു. പ്രളയത്തിനു ശേഷമുളള സാഹചര്യം പ്രധാനമന്ത്രിയെ വിശദമായി ധരിപ്പിച്ചു. കേന്ദ്രസര്‍ക്കാരും വിവിധ ഏജന്‍സികളും നല്‍കിയ നിര്‍ലോപമായ പിന്തുണക്ക് പ്രധാനമന്ത്രിയെ നന്ദി അറിയിച്ചു.
പ്രളയക്കെടുതികളുടെ ഏകദേശ ചിത്രം പ്രധാനമന്ത്രിക്ക് അറിയാവുന്നതാണ്. 481 പേരുടെ വിലപ്പെട്ട ജീവന്‍ നഷ്ടപ്പെട്ടു. 13 ജില്ലകളെയും പ്രളയം ബാധിച്ചു. 14,50,707 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം പ്രാപിച്ചത്. 15,000 വീടുകള്‍ പൂര്‍ണ്ണമായും 4,000 ത്തോളം വീടുകള്‍ ഭാഗികമായും നശിച്ചു. ആയിരക്കണക്കിന് ഹെക്ടറില്‍ കൃഷി നശിച്ചു. ഉരുള്‍പൊട്ടലില്‍ ഭൂമി തന്നെ ഇല്ലാതായി. 10,000 ത്തോളം കിലോമീറ്റര്‍ റോഡുകള്‍ തകരുകയോ ഗതാഗത യോഗ്യമല്ലാതാവുകയോ ചെയ്തു. ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതോപാധി നഷ്ടപ്പെട്ട കാര്യവും പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണതയിലേക്ക് നീങ്ങുമ്പോഴും 700 കുടുംബങ്ങള്‍ ഇപ്പോഴും ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. ലോകത്തിനുതന്നെ മാതൃകയാകുന്ന രീതിയിലുള്ള സമഗ്രമായ രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നത്. ആറു ലക്ഷത്തിലേറെ വീടുകളാണ് വൃത്തിയാക്കിയത്. കിണറുകള്‍ വൃത്തിയാക്കുക, പരിസരം ശുചിയാക്കുക, അണുവിമുക്തമാക്കുക തുടങ്ങി സംഘടിതമായ പ്രവര്‍ത്തനങ്ങളാണ് നടന്നത്. പലസ്ഥലങ്ങളിലും ഇപ്പോഴും ഇതു തുടരുന്നു.
പ്രളയത്തിന്റെ പ്രത്യാഘാതം വിവിധ മേഖലകളെ ബാധിക്കുന്നതാണ്. ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് 4796 കോടിയുടെ അധിക സഹായം അഭ്യര്‍ത്ഥിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നിവേദനം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അനുകൂല തീരുമാനം വേണമെന്നു പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ലോകബാങ്ക്, എഡിബി, ഐഎഫ്‌സി, യുഎന്‍ഡി.പി എന്നീ സ്ഥാപനങ്ങളുടെ സംയുക്തസംഘം ധനമന്ത്രാലയത്തിന്റെ സഹായത്തോടെ നാശനഷ്ടങ്ങള്‍ വിലയിരുത്തുകയുണ്ടായി. ഇതുപ്രകാരം 25,000 കോടി രൂപ പുനര്‍നിര്‍മ്മാണത്തിന് വേണ്ടിവരുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. യു.എന്‍.ഡി.പി യുടെ വിശദമായ റിപ്പോര്‍ട്ട് ഒക്ടോബര്‍ മധ്യത്തോടെ ലഭിക്കും.
80%ത്തോളം ജനങ്ങളെ നേരിട്ടോ അല്ലാതെയോ ബാധിച്ച ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും കണക്കിലെടുക്കുമ്പോള്‍ പുനരധിവാസ നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ ഏറ്റെടുക്കാനുള്ള സാമ്പത്തികസ്ഥിതി കേരളത്തിനില്ല. ഇക്കാരണം കൊണ്ടുതന്നെ നിര്‍ലോപമായ കേന്ദ്ര സഹായം ഉണ്ടെങ്കില്‍ മാത്രമേ വിവിധ ദുരിതാശ്വാസ പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയൂ.
സംസ്ഥാനത്തിന്റെ വായ്പാ പരിധി ജി.എസ്.ഡി.പി യുടെ 3% എന്നതില്‍ നിന്നും 4.5% മായി നടപ്പുസാമ്പത്തിക വര്‍ഷം വര്‍ധിപ്പിച്ചു നല്‍കുക, അടുത്ത വര്‍ഷം മുതല്‍ അത് 3.5% മായി നിജപ്പെടുത്തുക എന്നൊരാവശ്യം കേന്ദ്ര ധനവകുപ്പിന്റെ മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. രണ്ടുവര്‍ഷം കൊണ്ട് 16,000 കോടി രൂപയുടെയെങ്കിലും അധികം വായ്പ ലഭ്യമാക്കാനാണ് ഈ ഇളവ് നമ്മള്‍ അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ അനുകൂലമായ ഇടപെടല്‍ നടത്തണെമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്.
ഭവനരഹിതരായവര്‍ക്ക് വീടുവെച്ച് നല്‍കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. 2,530 കോടി രൂപയെങ്കിലും ഇതിനായി വേണം.
വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ പ്രകാരമുള്ള ധനസഹായത്തില്‍ 10% വര്‍ദ്ധനയെങ്കിലും വരുത്താന്‍ പ്രധാനമന്ത്രി വിവിധ മന്ത്രാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണം. ഇത് നടപ്പില്‍ വരുത്തുകയാണെങ്കില്‍ 1,000 കോടി രൂപയുടെ മെച്ചം സംസ്ഥാനത്തിനുണ്ടാകും.
കേന്ദ്ര റോഡു ഫണ്ട് ഇനത്തിലും 201819 ലെ വാര്‍ഷിക പദ്ധതിയിലും ഉള്‍പ്പെടുത്തി 3,000 കോടി രൂപയുടെ സഹായം കേന്ദ്ര റോഡ് ഗതാഗത വകുപ്പ് നല്‍കണം.
വ്യാപാരികള്‍, ചെറുകിട സംരംഭകര്‍ തുടങ്ങിയ വിഭാഗങ്ങളെ ധനസഹായ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ആവശ്യമായ ഭേദഗതികള്‍ വ്യവസ്ഥകളില്‍ ഉണ്ടാക്കേണ്ടത് അനിവാര്യമാണ്. ഈ വിഭാഗങ്ങളിലെ ബഹുഭൂരിപക്ഷം പേര്‍ക്കും ഇന്‍ഷുറന്‍സിന്റെയോ മറ്റോ പരിരക്ഷകള്‍ ഒന്നുംതന്നെയില്ല.
ലോകബാങ്ക്, ഏഷ്യന്‍ വികസന ബാങ്ക് തുടങ്ങി അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്ന് ധനസഹായം ലഭ്യമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണം. നബാര്‍ഡ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ സംസ്ഥാനത്തിന്റെ കാര്യത്തിലുള്ള വായ്പാപരിധിയില്‍ ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്നുള്ള വായ്പക്ക് അനുസൃതമായ ധനവിഭവം പ്രദാനം ചെയ്യാന്‍ കേന്ദ്രം 5,000 കോടി രൂപയുടെ സ്‌പെഷ്യല്‍ ഗ്രാന്റ് സംസ്ഥാനത്തിന് നല്‍കണം. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ പുനര്‍ജീവിപ്പിക്കാനും ലക്ഷങ്ങള്‍ക്ക് ജീവിത മാര്‍ഗം ഒരുക്കാനും അടിസ്ഥാന മേഖലയിലെ പുനര്‍നിര്‍മ്മാണത്തിനും ഗ്രാന്റ് അനിവാര്യമാണെന്നു വ്യക്തമാക്കി.
ലോകബാങ്ക് ഏഷ്യന്‍ വികസന ബാങ്ക് തുടങ്ങിയവ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ഒക്ടോബര്‍ 1 ന് സംസ്ഥാന ഗവണ്‍മെന്റിനും കേന്ദ്ര ധനമന്ത്രാലയത്തിനും നല്‍കുമെന്നാണ് അറിയിച്ചിട്ടുള്ളത്. തുടര്‍ന്ന്, അന്താരാഷ്ട്ര ധനസ്ഥാപനങ്ങളില്‍ നിന്നുള്ള സഹായവുമായി ബന്ധപ്പെട്ട കാര്യത്തിന് സംസ്ഥാന ഗവണ്‍മെന്റ് സമഗ്രമായ മെമ്മോറാണ്ടം സമര്‍പ്പിക്കും.
സംസ്ഥാനം സന്ദര്‍ശിച്ച കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ടും കേന്ദ്ര ഗവണ്‍മെന്റിന് ലഭിക്കുമെന്നാണ് അറിയുന്നത്. ഇതുപ്രകാരം ആവശ്യമായ സഹായം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഗള്‍ഫ് രാജ്യങ്ങളുമായി കേരളത്തിന് സവിശേഷ ബന്ധമാണുള്ളത്. ഇക്കാരണം കൊണ്ടുതന്നെ ആ മേഖലയില്‍ നിന്നുള്ള സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അകമഴിഞ്ഞ് പങ്കുകൊണ്ടു. യു.എ.ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കേരളത്തെ ഉദാരമായി സഹായിക്കാന്‍ സന്നദ്ധമാണ്. കേരളം നേരിടുന്ന വെല്ലുവിളിയുടെ പശ്ചാത്തലത്തില്‍ വിദേശ ധനസഹായം ലഭിക്കുമെന്ന് ഉറപ്പുവരുത്താന്‍ സഹായകരമായ നിലപാട് കേന്ദ്രം സ്വീകരിക്കണം. ഇക്കാര്യത്തില്‍ കേന്ദ്രത്തിന് കൂടി സ്വീകാര്യമായ ഒരു സമീപനം ഉണ്ടാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നാണ് നമ്മുടെ അഭ്യര്‍ത്ഥന. നിരവധി വിദേശരാജ്യങ്ങളില്‍ ശക്തമായ മലയാളി സാന്നിധ്യമുണ്ട്. ജന്മനാടിന്റെ പുനര്‍നിര്‍മ്മാണത്തില്‍ പങ്കുകൊള്ളണമെന്നുള്ള വിദേശമലയാളികളുടെ ആഗ്രഹത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിമാര്‍ നയിക്കുന്ന സംഘം ബന്ധപ്പെട്ട രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. ഇതിനാവശ്യമായ സഹായങ്ങള്‍ കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണം.
പ്രളയവുമായി ബന്ധപ്പെടാത്ത ഒരു വിഷയവും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനത്തിന് തയ്യാറെടുക്കുകയാണ്. കേരളത്തിന് വലിയ പ്രതീക്ഷകള്‍ നല്‍കുന്ന വിമാനത്താവള പദ്ധതിയുടെ ഭദ്രതയ്ക്ക് അനിവാര്യമായ ഒന്നാണ് വിദേശ എയര്‍ലൈനുകളുടെ സാന്നിധ്യം. കണ്ണൂരേക്ക് വിദേശ എയര്‍ലൈനുകളെ അനുവദിക്കണമെന്ന് മുമ്പ് ഒരുതവണ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നതാണ്. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ ഒരു പുരോഗതി ഉണ്ടായിട്ടില്ലാത്തതുകൊണ്ടാണ് വീണ്ടും അദ്ദേഹത്തിന്റെ ഇടപെടല്‍ തേടിയത്. ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ ഉറപ്പു ലഭിച്ചിട്ടുണ്ട്.