കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ നിഷേധാത്മക സമീപനം തുടരുന്നതിനാല്‍ ഫ്രാങ്കോയെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കും. നുണപരിശോധന കേസിന് ഗുണം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. അതേസമയം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും. ഫാദര്‍ ജെയിംസ് എര്‍ത്തയില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാകും നടപടി.
അതേസമയം, തെളവെടുപ്പിനായി ബിഷപ്പിന് കുറവിലങ്ങാട് മഠത്തിലെത്തിച്ചു. ബലാത്സംഗം നടന്നതായി പരാതിയില്‍ പറയുന്ന ഇരുപതാം നമ്പര്‍ മുറിയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. അതിനാല്‍ മഠത്തിലെ കന്യാസ്ത്രീകളോട് തെളിവെടുപ്പ് കഴിയും വരെ മഠത്തില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണമെന്ന് അന്വേഷണ സംഘം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബിഷപ്പും കന്യാസ്ത്രീകളും മുഖാമുഖം കാണുന്നത് ഒഴിവാക്കുന്നതിനാണിത്.
പാലാ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌കോടതി തിങ്കളാഴ്ച്ച ഉച്ചയ്ക്ക് രണ്ടര വരെയാണ് പ്രതി ഫ്രാങ്കോയെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
അതിനു മുന്‍പ്‌തെളിവെടുപ്പ് പൂര്‍ത്തിയാക്കാനുള്ള തിരക്കിട്ട ശ്രമങ്ങളിലാണ് പോലീസ്.കഴിഞ്ഞ ദിവസം,കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ച് ബിഷപ്പിന്റെ ലൈംഗിക ക്ഷമതാ പരിശോധന
നടത്തിയിരുന്നു. ഡിഎന്‍എ പരിശോധന നടത്തുന്നതിനുള്ള സാമ്പിളുകളും ശേഖരിച്ചു.