ശ്രീനഗര്‍: ജമ്മു – ശ്രീനഗര്‍ ഹൈവേയ്ക്കു സമീപം കാക്രിയാലില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. പോലീസ് വാഹനത്തിനു നേരെ ആക്രമണം നടത്തിയ മൂന്നു ഭീകരരില്‍ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ ഡെപ്യൂട്ടി സൂപ്രണ്ട് അടക്കം എട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ബുധനാഴ്ച മൂന്നു ഭീകരര്‍ ജജ്ജാര്‍ കോട്ലിയിലെ ചെക്പോസ്റ്റിനുനേരെ ആക്രമണം നടത്തിയിരുന്നു. പിന്നീട് ഇവര്‍ ദിര്‍തി ഗ്രാമത്തിലെ ഒരു കുടുംബത്തെ ബന്ദിയാക്കുകയും ഒരു വീട്ടില്‍ ഒളിച്ചിരിക്കുകയും ചെയ്തു. പ്രദേശവാസികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പോലീസും സുരക്ഷാ സേനയും സംയുക്തമായി മേഖലയില്‍ തിരച്ചില്‍ ആരംഭിച്ചത്.
സൈന്യത്തിന്റെ പിടിയില്‍ പെടാതെ ഭീകരര്‍ വേഷം മാറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സുരക്ഷാ സേനയുടെ മുന്നില്‍ പെടുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടത്.
മൂന്നാമനായി സൈന്യം നടത്തിയ വ്യാപക തിരച്ചിലിനൊടുവില്‍ ഇയാളും പിടയിലായതായാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. മൂന്നു ഭീകരരില്‍ രണ്ടുപേര്‍ ലഷ്‌കര്‍ ഇ തൊയ്ബ അംഗങ്ങളാണെന്നാണ് സൂചന.