ദേവനന്ദയുടെ മരണം നാലുപേരെക്കൂടി ചോദ്യ ചെയ്തു: അന്വേഷണം നിര്‍ണായക വഴിത്തിരിവില്‍…കുട്ടിയുടെ ബന്ധുക്കളില്‍ ചിലരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും

കൊല്ലം: ഇത്തിക്കരയാറ്റില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദയുടെ മരണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. കുട്ടിയെ ആരോ ആറ്റിലേക്ക് എടുത്ത് എറിഞ്ഞതാകാമെന്ന് നാട്ടുകാരും വീട്ടുകാരും സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് പോലീസ്. കുട്ടിയെ ആറ്റില്‍ തള്ളിയതാണെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നാണ് സൂചന. പോലീസ് സംശയിക്കുന്ന നാല് പേരെ കൂടി ഇന്നലെ ചോദ്യം ചെയ്തു. ദേവനന്ദയുടെ ബന്ധുക്കളില്‍ ചിലരുടെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. സംഭവ ദിവസം പ്രദേശത്തുണ്ടായിരുന്നവരുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ സൈബര്‍ സെല്‍ സഹായത്തോടെ ശേഖരിച്ചു. ഇവ പരിശോധിച്ചുവരികയാണ്. അന്വേഷണം നിര്‍ണ്ണായക വഴിത്തിരിവിലാണെന്നാണ് സൂചന.

ബന്ധുക്കളും അയല്‍ക്കാരുമുള്‍പ്പെടെ എണ്‍പതോളം പേരുടെ മൊഴിയെടുത്തിട്ടുണ്ട്. ദേവനന്ദയുടെ ബന്ധുക്കളില്‍ ചിലരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തില്‍ ബന്ധുക്കളും നാട്ടുകാരും ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണിത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ശശികലയുടെ നേതൃത്വത്തിലുള്ള സംഘം കുട്ടിയുടെ വീടും പരിസരവും മൃതദേഹം കിട്ടിയ ഇത്തിക്കരയാറും പരിശോധിച്ച് തെളിവ് ശേഖരിച്ചു.

വിദഗ്ദ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടും ശാസ്ത്രീയ പരിശോധനയുടെ അന്തിമ റിപ്പോര്‍ട്ടും ലഭിക്കുന്നതോടെ ദുരൂഹത മാറുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്. മുതിര്‍ന്നവര്‍ പോലും ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ മടിക്കുന്ന വിജനമായ സ്ഥലത്തേക്ക് കുട്ടി ഒറ്റയ്ക്ക് പോകില്ലെന്നാണ് വീട്ടുകാരുടെയും നാട്ടുകാരുടെയും വാദം. കുട്ടിയെ കാണാതായ ദിവസം പോലീസ് നായ തൊട്ടുതാഴത്തെ വീട്ടിലും പിന്നീട് തടയണ മറികടന്ന് ക്ഷേത്ത്രിന് പിന്നില്‍ അരകിലോമീറ്ററോളം അകലെയുള്ള വീട്ടുമുറ്റത്തും ചെന്നത് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

വീടിന് നാനൂറ് മീറ്റര്‍ അകലെ പള്ളിമണ്‍ ആറിന് കുറുകെ നിര്‍മ്മിച്ച താല്‍ക്കാലിക നടപ്പാലത്തിനടുത്താണ് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ഈ ഭാഗത്തല്ല കുട്ടി വീണതെന്നാണ് ഫോറന്‍സിക് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. വീടിന് സമീപത്തെ കടവില്‍ വീണ ശേഷം ഇവിടേക്ക് ഒഴുകി വന്നിരിക്കാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.

ദേവനന്ദയെ ആറ്റിലേക്ക് എറിഞ്ഞത്?കേസ് നിര്‍ണായകഘട്ടില്‍

Similar Articles

Comments

Advertismentspot_img

Most Popular