പെട്രോള്‍ വില 90 കടന്നു; രാജ്യത്ത് ഏറ്റവും വിലക്കൂടുതല്‍ ഇവിടെ…

കൊച്ചി: പെട്രോള്‍, ഡീസല്‍ വില ഇന്നും കുതിച്ചുയര്‍ന്നു. പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 88.62 രൂപയാണിപ്പോള്‍. രാജ്യത്തുതന്നെ ഏറ്റവും ഉയര്‍ന്ന എണ്ണവിലയുള്ള മഹാരാഷ്ട്രയിലെ പര്‍ഭാനി നഗരത്തില്‍ ചൊവ്വാഴ്ച പെട്രോളിന്റെ വില 90.05 രൂപയിലേക്ക് കുതിച്ചു. പ്രാദേശിക തീരുവകളും കടത്തുകൂലിയും കാരണമാണ് പര്‍ഭാനിയില്‍ എണ്ണവില മറ്റിടങ്ങളിലേതിനേക്കാള്‍ കൂടുന്നത്.

പെട്രോളിനും ഡീസലിനും ഏറ്റവുമധികം തീരുവ ചുമത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. കേന്ദ്ര സംസ്ഥാന നികുതികളായി സംസ്ഥാനത്ത് പെട്രോളിനു മേല്‍ 65 ശതമാനത്തോളം തീരുവ നിലവിലുണ്ട്. കേന്ദ്ര നികുതിക്കു പുറമേ മഹാരാഷ്ട്ര പെട്രോളിനു മേല്‍ 25 ശതമാനം മൂല്യ വര്‍ധിത നികുതി ചുമത്തുന്നുണ്ട്. ഇതിനു പുറമേ സംസ്ഥാനത്ത് ഒമ്പതു രൂപ സര്‍ചാര്‍ജുമുണ്ട്.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 84 രൂപ 19 പൈസയും, ഡീസലിന് 78 രൂപ 14 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 82.86 പൈസയും ഡീസലിന്76രൂപ 88 പൈസയും കോഴിക്കോട് പെട്രോളിന് 83.11 പൈസയും ഡീസലിന് 77 .15 പൈസയുമാണ് ഇന്നത്തെ നിരക്ക്. ഇന്നലെ പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയും കൂടിയിരുന്നു.

അന്താരാഷ്ട്ര വിപണയില്‍ എണ്ണ വില കുറഞ്ഞ സമയത്ത് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെ എക്സൈസ് തീരുവ ഗണ്യമായി വര്‍ധിപ്പിച്ചിരുന്നു. 2014-നും 16-നുമിടയ്ക്ക് ഒമ്പതു തവണകളിലായി പെട്രോളിന്റെ തീരുവയില്‍ 11.77 രൂപയുടെയും ഡീസലിന്റെ തീരുവയില്‍ 13.47 രൂപയുടെയും വര്‍ധനയാണ് വരുത്തിയത്. എന്നാല്‍ വില ഉയര്‍ന്നപ്പോള്‍ എക്‌സൈസ് തീരുവയില്‍ ആകെ രണ്ടു രൂപയുടെ ഇളവാണ് നല്‍കിയത്.

Similar Articles

Comments

Advertismentspot_img

Most Popular