ന്യൂഡല്‍ഹി: നോട്ടുനിരോധനം, തൊഴില്‍ വിഷയങ്ങളില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. രാജ്യത്തെ നിലവിലെ സാഹചര്യം ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പരാജയമാണ് ചൂണ്ടിക്കാണിക്കുന്നത്. വാഗ്ദാനം ചെയ്ത രണ്ടു കോടി തൊഴിലിനായി രാജ്യത്തെ യുവാക്കളുടെ കാത്തിരിപ്പു തുടരുകയാണ്. പിന്നിട്ട നാലു വര്‍ഷവും തൊഴിലവസരങ്ങളുടെ നിരക്കില്‍ ഇടിവുണ്ടായി. തൊഴിലവസരങ്ങളെക്കുറിച്ച് മോദി സര്‍ക്കാര്‍ നല്‍കുന്ന കണക്കുകളില്‍ ജനത്തിന് താല്‍പര്യം നഷ്ടമായെന്നും മന്‍മോഹന്‍ പറഞ്ഞു.
സംരക്ഷിക്കപ്പെടേണ്ട ജനാധിപത്യമൂല്യങ്ങളെ പതുക്കെ ക്ഷയിപ്പിക്കുന്ന നിലപാടാണ് മോദി സര്‍ക്കാര്‍ തുടരുന്നതെന്നു പറഞ്ഞ മന്‍മോഹന്‍, 2019 ലെ പൊതുതിരഞ്ഞെടുപ്പില്‍ ഒരു ബദല്‍ ഉയര്‍ത്താന്‍ പ്രതിപക്ഷ കക്ഷികള്‍ ശ്രമിക്കണമെന്നും അഭിപ്രായപ്പെട്ടു. മുന്‍ കേന്ദ്ര മന്ത്രി കപില്‍ സിബല്‍ രചിച്ച ‘ഷെയ്ഡ്‌സ് ഓഫ് ട്രൂത്ത്’ എന്ന ഗ്രന്ഥം മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിക്കൊപ്പം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി സര്‍ക്കാരിന്റെ കോട്ടങ്ങള്‍ വ്യക്തമാക്കുന്ന പുസ്തകത്തില്‍ പറയുന്ന വിഷയങ്ങളില്‍ ദേശീയതലത്തില്‍ സംവാദം ഉയര്‍ത്താനാകണമെന്നും മന്‍മോഹന്‍ അഭിപ്രായപ്പെട്ടു.
നിലവിലെ സര്‍ക്കാര്‍ വന്നതിനു ശേഷം രാജ്യത്തു സൃഷ്ടിച്ച തൊഴിലവസരങ്ങളുടെ കണക്കുകള്‍ സംശയകരമാണ്. മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യതകള്‍ ഉണ്ടായിരുന്നിട്ടും സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഒട്ടും തൃപ്തികരമായില്ലെന്ന് മന്‍മോഹന്‍ പറഞ്ഞു. വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ നിക്ഷേപിച്ചിരിക്കുന്ന കോടി കണക്കിനു ഡോളറിന്റെ കള്ളപ്പണം തിരിച്ചു കൊണ്ടുവരുന്നതിന് ഈ സര്‍ക്കാര്‍ പ്രത്യക്ഷമായി ഒന്നു ചെയ്തില്ല. നോട്ടുനിരോധനവും ജിഎസ്ടിയും പരാജയമായിരുന്നു. വേണ്ട പോലെ ആലോചനയില്ലാതെ ഇവ നടപ്പാക്കിയത് സംരംഭക മേഖലയെ തകര്‍ത്തു. മേക്ക് ഇന്‍ ഇന്ത്യക്കും സ്റ്റാന്‍ഡ് അപ്പ് ഇന്ത്യക്കും വ്യാവസായിക മേഖലയിലേക്ക് ഇനിയും കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചിട്ടില്ല – മന്‍മോഹന്‍ സിങ് പറഞ്ഞു.
പുസ്തകപ്രകാശനത്തിനു ശേഷം നടന്ന സംവാദത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ പി.ചിദംബരം, കപില്‍ സിബല്‍, സിപിഎം നേതാവ് സീതാറാം യെച്ചൂരി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ചന്ദന്‍ മിത്ര, പുറത്താക്കപ്പെട്ട ജനതാദള്‍ നേതാവ് ശരത് യാദവ് എന്നിവര്‍ പങ്കെടുത്തു. സംവാദത്തിനെത്തുമെന്നറിയിച്ച മുന്‍ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ അസാന്നിധ്യവും ശ്രദ്ധ നേടി.
വ്യക്തമായ രാഷ്ട്രീയ പരിചയമുള്ള ഒരു പ്രാദേശിക നേതാവിനു മാത്രമേ പ്രതിപക്ഷ മുന്നണിയെ നയിക്കാനാകൂവെന്ന് ചന്ദന്‍ മിത്ര അഭിപ്രായപ്പെട്ടു. 2019 ലെ പൊതുതിരഞ്ഞെടുപ്പ് വിവിധ സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ ഒരു കൂട്ടമാകുമെന്ന് പി.ചിദംബരം പറഞ്ഞു. പ്രതിപക്ഷ മുന്നണിയുടെ നേതാവിനെ മുന്‍കൂട്ടി പ്രഖ്യാപിച്ചുള്ള ഒരു തിരഞ്ഞെടുപ്പാവില്ല അതെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് പ്രതിപക്ഷ മുന്നണിയുടെ നേതാവാകണമെന്ന അത്യാഗ്രഹമില്ലെന്നായിരുന്നു ശരത് യാദവിന്റെ അഭിപ്രായം. മോദിക്കെതിരെ ആര് എന്നാണ് ചോദ്യമെങ്കില്‍ മോദിക്കെതിരെ ഇന്ത്യ എന്നതാണ് ഉത്തരമെന്നായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത സീതാറാം യെച്ചൂരിയുടെ അഭിപ്രായം.
Our youth are desperately waiting for the promised 2 Crore jobs. Employment growth rate has been declining in last 4 years. People aren't impressed with the figures being put out by Modi govt to justify creation of large number of jobs: Former PM Manmohan Singh in Delhi pic.twitter.com/xazQra25EB
— ANI (@ANI) September 7, 2018