പട്ടൗഡി കുടുംബത്തിലെ ‘ഇളംതലമുറക്കാരന്‍’ തൈമൂര്‍ അലി ഖാന്‍ ജനിച്ച അന്നു മുതല്‍ താരമാണ്. സെയ്ഫ് അലി ഖാന്‍- കരീന ദമ്പതികളുടെ മകന്‍ എന്ന രീതിയിലായിരുന്നു ആദ്യം തൈമൂറിനു പിന്നാലെയുള്ള പാപ്പരാസി ക്യാമറകളുടെ നടപ്പെങ്കില്‍, ഇപ്പോള്‍ അവരോളമോ അവരില്‍ കൂടുതലോ ഫാന്‍സുണ്ട് പട്ടൗഡി കുടുംബത്തിലെ ഈ കുഞ്ഞു രാജകുമാരന്. എവിടെപ്പോയാലും തൈമൂറിന് പിറകെയാണ് ക്യാമറകള്‍. തൈമൂറിന്റെ കുസൃതികളും കുറുമ്പുകളും എന്തിന് ആംഗ്യങ്ങള്‍ പോലും പാപ്പരാസികള്‍ക്ക് ഇന്ന് വാര്‍ത്തയാണ്.
കുട്ടിക്കുറുമ്പനായ ഈ ഒന്നരവയസ്സുകാരന്‍ ബോളിവുഡ് താരങ്ങളുടെയും പ്രിയപ്പെട്ട സ്റ്റാര്‍ ചൈല്‍ഡാണ്. പാര്‍ട്ടികളിലെല്ലാം ഈ സ്റ്റാര്‍ ചൈല്‍ഡിനു ചുറ്റുമാണ് താരങ്ങള്‍. തൈമൂറിന്റെ ഒന്നാം പിറന്നാളിന് മുംബൈയിലെ സൊനാവില്‍ ഒരു ഫോറസ്റ്റ് തന്നെ തൈമൂറിന് പിറന്നാള്‍ സമ്മാനമായി ലഭിച്ചിരുന്നു. കരീനയുടെ ന്യൂട്രിഷനിസ്റ്റിന്റെ വകയായിരുന്നു ഈ ‘വിചിത്രമായ’ സമ്മാനം.