വാഷിംഗ്ടണ്‍: ലോക വിപണിയില്‍ തിരിച്ചടി നേരിടുന്ന അമേരിക്ക പുതിയ ഭീഷണിയുമായി രംഘത്ത്. ലോകവ്യാപാര സംഘടനയില്‍ (WTO) നിന്ന് അമേരിക്ക പിന്‍വാങ്ങുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ആഗോളവിപണിയില്‍ അമേരിക്ക തിരിച്ചടി നേരിടുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രഖ്യാപനമെന്നാണ് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.
അമേരിക്കയുടെ താല്പര്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ ലോക വ്യാപാരസംഘടന ഗുരുതര പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആഗോളവിപണിയില്‍ അമേരിക്ക വേണ്ടവിധം പരിഗണിക്കപ്പെടുന്നില്ലെന്നാണ് ട്രംപിന്റെ പരാതി. ലോകവ്യാപാര സംഘടനയുടെ നിലപാടുകളാണ് ഈ അവഗണനയ്ക്ക് കാരണമെന്നാണ് ട്രംപിന്റെ വിശ്വാസം. ഈ സാഹചര്യത്തിലാണ് സംഘടനയില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങുമെന്നും തുടര്‍ന്ന് ശക്തമായ പ്രതിഷേധനടപടി സ്വീകരിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.
എന്ത് നടപടിയാണ് ലോകവ്യാപാരസംഘടനയ്‌ക്കെതിരെ തങ്ങള്‍ സ്വീകരിക്കുക എന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ ഭീഷണി.