സൈന്യത്തെ വിളക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടപ്പോള്‍ പിണറായി പുച്ഛിച്ചു തള്ളി; ദുരഭിമാനം വെടിഞ്ഞ് മുഖ്യമന്ത്രി ഇനിയെങ്കിലും രക്ഷാദൗത്യം സൈന്യത്തെ പൂര്‍ണമായും ഏല്‍പിക്കണം: ചെന്നിത്തല

തിരുവനന്തപുരം: ദുരന്തനിവാരണ പ്രവര്‍ത്തനം പൂര്‍ണമായും സൈന്യത്തെ ഏല്‍പിക്കാത്തതില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരഭിമാനം വെടിഞ്ഞ് സൈന്യത്തെ രക്ഷാദൗത്യം പൂര്‍ണമായും ഏല്‍പിക്കണമെന്ന് തൊഴുകൈകളോടെ അപേക്ഷിക്കുകയാണെന്നും ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേരളം ഒരുമിച്ചു കൈകോര്‍ത്തിട്ടും ജനങ്ങളെ രക്ഷപ്പെടുത്താന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ് എന്നത് വലിയ ചോദ്യചിഹ്നമാണ്. കുടിവെള്ളവും ഭക്ഷണവും മരുന്നുമില്ലാതെ നിരവധിയാളുകളാണ് കഷ്ടപ്പെടുന്നത്. പതിനായിരക്കണക്കിന് ആളുകള്‍ ഒറ്റപ്പെട്ടിരിക്കുകയാണ് ചെന്നിത്തല പറഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല സൈന്യത്തെ ഏല്‍പിക്കണമെന്നാണ് പ്രതിപക്ഷം സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. സൈന്യത്തെ കൂടുതല്‍ വിന്യസിപ്പിക്കണം. കളക്ടര്‍മാരുടെയും തഹസില്‍ദാര്‍മാരുടെയും വില്ലേജ് ഓഫീസര്‍മാരുടെയും പ്രവര്‍ത്തനം മതിയാവില്ലെന്ന് അറിയുന്നതു കൊണ്ടാണ് സൈന്യത്തെ വിളിക്കാന്‍ ആവശ്യപ്പെടുന്നത്. ഇപ്പോഴാണ് സൈന്യത്തിന്റെ പൂര്‍ണസാന്നിധ്യം ഉണ്ടാകുന്നത്. എന്തുകൊണ്ട് ഇതുവരെ സൈന്യത്തെ വിളിച്ചില്ല?. ഓഗസ്റ്റ് 15 മുതല്‍ സൈന്യത്തെ വിളിക്കാന്‍ താന്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ മുഖ്യമന്ത്രി ആ ആവശ്യത്തെ പുച്ഛിച്ച് തള്ളിക്കളയുകയായിരുന്നു. ദുരഭിമാനം വെടിഞ്ഞ് സൈന്യത്തെ പൂര്‍ണമായി കാര്യങ്ങള്‍ ഏല്‍പിക്കണം ചെന്നിത്തല പറഞ്ഞു.

കേരളം അതിഗുരുതരമായ പ്രളയക്കെടുതിയില്‍പെട്ടിട്ട് നാലുദിവസം കഴിയുന്നു. സംസ്ഥാനത്ത് ഉടനീളം അതിദയനീയ സാഹചര്യമാണുള്ളത്. സഹായത്തിനു വേണ്ട് ആയിരക്കണക്കിന് ആളുകള്‍ കേഴുകയാണ്. ഈ ആവശ്യങ്ങള്‍ക്കു മുന്നില്‍ ജനപ്രതിനിധികള്‍ നിസ്സഹായരായി നില്‍ക്കുകയാണ്. ചെങ്ങന്നൂര്‍, തിരുവല്ല, പന്തളം, റാന്നിയുടെ പലഭാഗങ്ങള്‍, ആറന്മുള, ആലുവ, പറവൂര്‍, അങ്കമാലി, ചാലക്കുടി, കുട്ടനാട് എന്നിവിടങ്ങളില്‍ സ്ഥിതി ഗുരുതരമാണ്.

കുടുങ്ങിക്കിടക്കുന്നവരുടെ വിദേശത്തുനിന്നുള്ള ബന്ധുക്കളുടെ നിരവധി ഫോണ്‍ കോളുകളാണ് ഓരോദിവസവും വരുന്നത്. നൂറുകണക്കിന് സഹായ അഭ്യര്‍ഥനകളാണ് വരുന്നത്. ഈ സഹായ അഭ്യര്‍ഥനകള്‍ക്ക് കഴിഞ്ഞ നാലുദിവസമായി പരിഹാരം കാണാന്‍ സാധിക്കാത്തത് വേദനാജനകമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7