പ്രധാനമന്ത്രി പ്രളയക്കെടുതി വിലയിരുത്തുന്നു; തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറില്‍ കൊച്ചിയിലേക്ക് പുറപ്പെട്ടു

കൊച്ചി: പ്രളയക്കെടുതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് നിന്ന് വ്യോമമാര്‍ഗം കൊച്ചിയിലേക്ക് പുറപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍ കണ്ണന്താനം, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി തുടങ്ങിയവരും പ്രധാനമന്ത്രിയ്‌ക്കൊപ്പമുണ്ട്. ഹെലികോപ്റ്റര്‍ മാര്‍ഗം പ്രളയബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തും. പ്രളയം രൂക്ഷമായ റാന്നി, ചെങ്ങന്നൂര്‍, ആലുവ, ചാലക്കുടി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം കൊച്ചിയില്‍ അവലോകനയോഗം ചേരും.

പ്രത്യേക വിമാനത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്. ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും സൈന്യത്തെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കൈമാറി.

ആലുവ, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിലെ വിവിധ ദുരിതബാധിത പ്രദേശങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും. തുടര്‍ന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. പ്രതിപക്ഷ നേതാവും ഗവര്‍ണറും ചര്‍ച്ചയില്‍ പങ്കെടുത്തേക്കും. ഈ ചര്‍ച്ചയിലാകും കേരളത്തിന്റെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയെ അറിയിക്കുക. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ പ്രളയത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടായേക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനസര്‍ക്കാര്‍.

രക്ഷാപ്രവര്‍ത്തനം പലയിടങ്ങളിലും കാര്യക്ഷമമായി നടക്കാന്‍ തടസ്സങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് രക്ഷാദൗത്യം സൈന്യത്തെ ഏല്‍പ്പിക്കണമെന്ന് പ്രതിപക്ഷം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിരവധിയാളുകള്‍ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്, പര്യാപ്തമായ ഹെലികോപ്ടര്‍ സംവിധാനം ഇനിയും ലഭ്യമായിട്ടില്ല, ബോട്ടുകളുടെ സേവനവും പ്രതിസന്ധിയിലാണ്, ചിലയിടങ്ങളില്‍ നിന്നുള്ള കണക്കുകള്‍ മാത്രമാണ് പുറത്തുവരുന്നത് തുടങ്ങിയ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷനേതാവ് നേരിട്ട് ഈ ആവശ്യം പ്രധാനമന്ത്രിയോട് ഉന്നയിച്ചിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും സൈന്യത്തെ ഏല്‍പ്പിക്കണമെന്ന് പ്രതിപക്ഷം ആവശ്യമുന്നയിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ നിരാകരിക്കുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular