കൊച്ചി: കേരള രഞ്ജി ക്രിക്കറ്റ് ടീമിലെ 13 താരങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. കേരള ക്രിക്കറ്റ് അസോസിയേഷനാണ് നോട്ടീസയച്ചത്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരേ പരാതി നല്‍കിയതിനാണ് സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. സച്ചിന്‍ ബേബിക്കെതിരേ മുതിര്‍ന്ന താരങ്ങള്‍ ഗൂഢാലോചന നടത്തിയതായും 13 പേര്‍ തന്ന പരാതിയില്‍ കഴമ്പില്ലെന്നും കെ.സി.എ വ്യക്തമാക്കി.
സഞ്ജു സാംസണ്‍, അക്ഷയ്, സല്‍മാന്‍ നിസാര്‍, അസ്ഹറുദ്ദീന്‍ എന്നിവര്‍ക്ക് പ്രത്യേകം കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. കെ.എസ്.സി.എ ടൂര്‍ണെമന്റിനിടെ ടീം മാനേജ്മെന്റിനെ അറിയിക്കാതെ ഹോട്ടല്‍ വിട്ടുപോയതിനാണ് നാല് താരങ്ങള്‍ക്കെതിരേ പ്രത്യേക നടപടിയെടുത്തത്.
ശ്രീലങ്കൻ പര്യടനത്തിടെയാണ് ക്യാപ്റ്റൻ സച്ചിൻ ബേബിക്കെതിരെ 13 താരങ്ങൾ ഒപ്പിട്ട കത്ത് കെസിഎയ്ക്ക് നൽകിയത്. ഈ കത്ത് പിന്നീട് മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. നായകനെന്ന നിലയില്‍ സച്ചിന്‍ ബേബിയുടെ ആറ്റിറ്റിയൂഡ് ശരിയല്ലെന്നും വളരെ ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണിതെന്നും കത്തില്‍ പറയുന്നു. ടീമിലെ കളിക്കാരുടെയെല്ലാം താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ഈ കത്തെന്നും ടീമംഗങ്ങള്‍ പറയുന്നു. സച്ചിന്‍ ബേബി സ്വാര്‍ത്ഥനാണെന്നാണ് താരങ്ങളുടെ ആരോപണം. ജയിക്കുമ്പോള്‍ അത് സ്വന്തം ക്രെഡിറ്റിലേക്ക് മാറ്റുമെന്നും തോല്‍ക്കുമ്പോള്‍ സഹതാരങ്ങളുടെ മേല്‍ കെട്ടി വയ്ക്കുന്നുവെന്നുമാണ് ആരോപണം.