വേണമെങ്കില്‍ ടി.വി. മ്യൂട്ട് ചെയ്ത് കണ്ടോളൂ; സഞ്ജുവിനെ വിമര്‍ശിച്ച കാംബിക്കെതിരേ പ്രതിഷേധം

സഞ്ജുവിന്റെ ബാറ്റിങ് കരുത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് റോയല്‍ ചാലഞ്ചേഴ്സ് കുതിക്കുന്നത്. മുംബൈ ഇന്ത്യന്‍സിനെയും ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെയുമെല്ലാം പരാജയപ്പെടുത്തിയതില്‍ സഞ്ജുവിന്റെ പങ്ക് ചെറുതല്ല. മലയാളി താരം സഞ്ജു സാംസന്റെ ഏറ്റവും മികച്ച ഐ.പി.എല്‍ സീസണായിരിക്കും ഇത്. സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനം മുഖമുദ്രയാക്കിയ സഞ്ജു അഞ്ചു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ റണ്‍വേട്ടയില്‍ വിരാട് കോലിയെയും ക്രിസ് ഗെയ്ലിനെയുമെല്ലാം മറികടന്ന് ഓറഞ്ച് ക്യാപ്പും സ്വന്തമാക്കിക്കഴിഞ്ഞു. ഒന്നിലൊഴികെ മറ്റു മത്സരങ്ങളിലെല്ലാം ഉജ്വലമായ ബാറ്റിങ് പ്രകടനമാണ് സഞ്ജു കാഴ്ചവച്ചത്. പതിനൊന്നാം സീസണിന്റെ താരമായി മാറിക്കഴിഞ്ഞു ഈ മലയാളി താരം.

അതുകൊണ്ടു തന്നെ കമന്റേറ്റര്‍മാരുടെ ഇഷ്ടതാരം കൂടിയാണ് ഇപ്പോള്‍ സഞ്ജു. എന്നാല്‍, ഈ പുകഴ്ത്തല്‍ അത്ര പിടിയ്ക്കാത്ത ഒരാളുണ്ട്. മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലി. ട്വിറ്ററിലൂടെയാണ് കാംബ്ലി തന്റെ രോഷം പ്രകടിപ്പിച്ചത്. സഞ്ജുവിന്റെ ഡൊമസ്റ്റിക് സീസണിനെയും ഐ.പി.എല്‍ സീസണിനെയും കുറിച്ച് കമന്റേറ്റര്‍മാര്‍ പറയുന്നത് കേട്ടാല്‍ തോന്നും അവര്‍ക്ക് വേറൊന്നും പറയാനില്ലെന്ന്. അത്രയ്ക്കും ബോറാണത്. എന്നായിരുന്നു കാംബ്ലിയുടെ ട്വീറ്റ്.

എന്നാല്‍, കാംബ്ലിയുടെ ഈ ട്വീറ്റ് ക്രിക്കറ്റ് ആരാധകര്‍ക്ക് അത്ര പിടിച്ചിട്ടില്ല. ഈ ട്വീറ്റിനെതിരേ വന്‍ വിമര്‍ശനമാണ് ട്വിറ്ററില്‍ ഉണ്ടാകുന്നത്. കമന്റേറ്റര്‍മാരെ വിമര്‍ശിക്കണമെങ്കില്‍ അതിലേയ്ക്ക് എന്തിനാണ് സഞ്ജുവിന്റെ പേര് വലിച്ചിഴയ്ക്കുന്നത് എന്നായിരുന്നു ഒരു ചോദ്യം. വേണമെങ്കില്‍ ടി.വി. മ്യൂട്ട് ചെയ്ത് കണ്ടോളൂ’ എന്ന പരിഹാസവുമുണ്ട്. സെലക്ടര്‍മാര്‍ വേണ്ടത്ര പരിഗണന നല്‍കാത്തതുകൊണ്ടാണ് കമന്റേറ്റര്‍മാര്‍ക്ക് പറയേണ്ടിവരുന്നത് എന്നാണ് മറ്റൊരു അഭിപ്രായം. അനുഭവസമ്പത്ത് കുറഞ്ഞിട്ടും ഇത്രയും മികച്ച രീതിയില്‍ കളിക്കുന്ന മറ്റ് ഏതൊരു താരമുണ്ട് എന്ന് ചിലര്‍ ചോദിച്ചു. ലഭിച്ച അവസരങ്ങള്‍ നശിപ്പിച്ച ആളാണ് നിങ്ങള്‍. സഞ്ജു ഓരോ ദിവസവും മെച്ചപ്പെടുകയാണ്. വലിയ പരിശീലകരോ ഗോഡ്ഫാദര്‍മാരോ ഇല്ലാതെയാണ് സഞ്ജു ഇത്ര മികച്ച രീതിയില്‍ കളിക്കുന്നത്. അതിനെ മാനിക്കൂ-അങ്ങനെ പോകുന്നു ട്വീറ്റിന് താഴെയുള്ള കമന്റുകള്‍.
ഈ സീസണില്‍ ആറു കളികളില്‍ നിന്ന് മൊത്തം 239 റണ്‍സാണ് സഞ്ജു നേടിയത്. രണ്ട് അര്‍ധശതകം ഉള്‍പ്പെടുന്നതാണ് ഇന്നിങ്സ്. പുറത്താകാതെ നേടിയ 92 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7