ഇടുക്കി: ചെറുതോണിയില്‍ കനത്ത മഴവെളളപ്പാച്ചിലിനിടെ കുഞ്ഞിനേയും രക്ഷിച്ച് നെഞ്ചോട് ചേര്‍ത്ത് ഓടുന്ന രക്ഷാപ്രവര്‍ത്തകന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ന്നതോടെ ചെറുതോണി അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറുകള്‍ തുറന്നതോടെയാണ് പ്രദേശം വെള്ളത്തിനടിയിലായത്. ഇവിടെ നിന്നും ഒരു കുഞ്ഞിനെ എടുത്ത് ചെറുതോണി പാലത്തിന് മുകളിലൂടെ ഓടുന്ന രക്ഷാപ്രവര്‍ത്തകന്റെ ദൃശ്യങ്ങളാണ് ന്യൂസ് 18 പുറത്തുവിട്ടത്. കണ്ണന്‍ പ്രസന്നന്‍ ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. എല്ലാ രക്ഷാപ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കുന്നുവെന്ന കുറിപ്പോടെ ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ വൈറലായി മാറി.
ദൈവത്തിന്റെ കൈകളാണ് രക്ഷാപ്രവര്‍ത്തകര്‍ക്കെന്ന് നിരവധി പേര്‍ സോഷ്യല്‍മീഡിയയില്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ ജലക്കെടുതിയില്‍ സ്വന്തം ജീവന്‍ പോലും വകവെക്കാതെ മറ്റുളളവരുടെ രക്ഷയ്ക്കിറങ്ങിയവര്‍ക്ക് അഭിവാദ്യങ്ങളുമായി സോഷ്യല്‍മീഡിയയില്‍ പോസ്റ്റുകള്‍ നിറഞ്ഞു.
വീഡിയോ കടപ്പാട്: ന്യൂസ് 18
https://www.facebook.com/News18Kerala/videos/2128235863867476/
വൈകാതെ തന്നെ ചെറുതോണി പാലം വെള്ളത്തിനടിയിലായി. ചെറുതോണി അണക്കെട്ടിന്റെ 40 സെന്റിമീറ്റര്‍ വീതം ഷട്ടറുകള്‍ തുറന്നിട്ടും ജലനിരപ്പ് കുറയാതെ വന്നതോടെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. സെക്കന്റില്‍ 700 ഘനമീറ്റര്‍ വെളളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
വ്യാഴാഴ്ച ട്രയല്‍ റണ്ണിന്റെ ഭാഗമായി ഒരു ഷട്ടറാണ് തുറന്നത്. ഇന്നു രാവിലെയോടെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. ഷട്ടറുകളില്‍ കൂടി ഒഴുക്കുന്ന വെളളത്തിന്റെ ഇരട്ടി അണക്കെട്ടിലേക്ക് ഒഴുകി എത്തിയതോടെയാണ് രണ്ടു ഷട്ടറുകള്‍ കൂടി വീണ്ടും തുറന്നത്. ഇതോടെ ഇടുക്കി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും തുറന്നു.അഞ്ചാമത്തെ ഷട്ടറും തുറന്നതോടെ ചെറുതോണി ഡാമിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ വെളളം കയറി. ചെറുതോണി തീരത്തെ മരങ്ങള്‍ കടപുഴകി വീണു. തീരത്തുളള ചില മരങ്ങള്‍ അഗ്‌നിശമന വിഭാഗം മുറിച്ചു മാറ്റി. ചെറുതോണി പുഴയുടെ തീരത്തുളള കെട്ടിടങ്ങള്‍ തകര്‍ന്ന് വീണു. ചെറുതോണി ബസ് സ്റ്റാന്റിലേക്കും വെളളം കയറി.