ചെറുതോണി: ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്ന് ജലമൊഴുക്കിവിട്ടിട്ടും ഇടുക്കി അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തില്‍ കെഎസ്ഇബി അതീവ ജാഗ്രതാ നിര്‍ദ്ദേശം (റെഡ് അലര്‍ട്ട്) പുറപ്പടുവിച്ചു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ഇപ്പോഴും കനത്ത മഴ തുടരുന്നതിനാല്‍ നീരൊഴുക്കു വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ട്രയല്‍ റണ്‍ തുടരാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ, 4.30ന് ട്രയല്‍ റണ്‍ അവസാനിപ്പിക്കുമെന്നാണ് അറിയിച്ചിരുന്നത്. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി. 26 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇടുക്കി– ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ ട്രയല്‍ റണ്ണിനായി തുറന്നത്.
ജലനിരപ്പ് 2399.04 അടിയിലെത്തിയപ്പോഴാണ് ട്രയല്‍ റണ്‍ ആരംഭിച്ചത്. മൂന്നാമത്തെ ഷട്ടര്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തിയാണ് ട്രയല്‍ റണ്‍ പുരോഗമിക്കുന്നത്. എന്നാല്‍, സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ ജലം വീതം നാലു മണിക്കൂര്‍ ഒഴുക്കിവിട്ടിട്ടും ജലാശയത്തിലേക്കുള്ള നീരൊഴുക്കു തുടരുകയാണെന്ന് കെഎസ്ഇബി അറിയിച്ചു. ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ച രാവിലെ ആറുമണിക്ക് ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്ന് സുരക്ഷിതമായ അളവില്‍ ജലം ചെറുതോണി/പെരിയാര്‍ നദിയിലേക്ക് ഒഴുക്കിവിടാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും കെഎസ്ഇബിയുടെ അറിയിപ്പിലുണ്ട്.
അതേസമയം ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്ന പശ്ചാത്തലത്തില്‍ നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിര്‍ത്തിവച്ച വിമാനങ്ങളുടെ ലാന്‍ഡിങ് പുനരാരംഭിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.10 മുതലാണ് വിമാനങ്ങളുടെ ലാന്‍ഡിങ് താത്കാലികമായി നിര്‍ത്തിവെച്ചത്. സ്ഥിതിഗതികള്‍ വിലയിരുത്തിയ വിമാനത്താവള അധികൃതര്‍ 3.05 നു വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കുകയായിരുന്നു. ഇടമലയാറില്‍ നിന്ന് എത്തുന്ന വെള്ളം പെരിയാര്‍ കവിഞ്ഞ് ചെങ്കല്‍ത്തോടും കവിഞ്ഞൊഴുകിയതോടെയാണ് ലാന്‍ഡിങ് നിര്‍ത്തിയത്. ചുറ്റുമതിലിന് പുറത്ത് വെള്ളം നിറഞ്ഞിട്ടുണ്ട്. റണ്‍വേയില്‍ നനവുണ്ടോ എന്ന് പരിശോധിച്ച ശേഷമാണ് വിമാനങ്ങളുടെ ലാന്‍ഡിങ് പുനഃരാരംഭിച്ചത്.
വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് 2013ല്‍ വിമാനത്താവളം അടച്ചിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് ഇടമലയാര്‍ ഡാം തുറന്നുവിട്ട സാഹചര്യത്തില്‍ സമീപത്തെ ചെങ്ങല്‍ കനാല്‍ നിറഞ്ഞുകവിഞ്ഞതോടെയാണ് അന്ന് വിമാനത്താവളം അടച്ചുപൂട്ടിയത്. ചെങ്ങല്‍ കനാലിന്റെ ആഴം കൂട്ടിയും ബണ്ടുകള്‍ സ്ഥാപിച്ചും വിമാനത്താവളത്തെ വെള്ളപ്പൊക്കഭീഷണിയില്‍ നിന്നും സംരക്ഷിക്കാന്‍ നടപടികളെടുത്തിരുന്നു.
വെള്ളപ്പൊക്കെ ഭീഷണിയെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവള അധികൃതര്‍ അടിയന്തര ഹെല്‍പ് ലൈന്‍ തുറന്നിട്ടുണ്ട്. അന്താരാഷ്ട്ര ടെര്‍മിനലില്‍ ആരംഭിച്ച ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 0484 3053500.