മുന്‍ എസ്ഡിപിഐ നേതാവിനെ ഡിവൈഎഫ്‌ഐ ഭാരവാഹിയാക്കി; സിപിഎമ്മില്‍ പൊട്ടിത്തെറി

ചെങ്ങന്നൂര്‍: എസ്എഫ് നേതാവായ അഭിമന്യുവിനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കുത്തിക്കൊന്ന സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെ ചെങ്ങന്നൂരിലെ സിപിഎമ്മില്‍ വിവാദ സംഭവങ്ങള്‍. എസ്ഡിപിഐ മുന്‍ നേതാവിനെ ഡിവൈഎഫ്‌ഐ മേഖലാ വൈസ് പ്രസിഡന്റാക്കിയതുമായി ബന്ധപ്പെട്ടു സിപിഎമ്മില്‍ പൊട്ടിത്തെറി. സിപിഎം ലോക്കല്‍ സെക്രട്ടറിയോടു നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ഏരിയ സെക്രട്ടറി നിര്‍ദേശം നല്‍കി. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ അന്വേഷിക്കാന്‍ മൂന്നംഗ അന്വേഷണ കമ്മിഷനെയും ചുമതലപ്പെടുത്തി. എസ്ഡിപിഐ മുന്‍ നേതാവ് ഷെഫീക്ക് കൊല്ലകടവിനെ ചെറിയനാട് സൗത്ത് മേഖലാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തതിനെച്ചൊല്ലിയാണു പ്രശ്‌നങ്ങള്‍. വര്‍ഷങ്ങളുടെ പ്രവര്‍ത്തനമികവുള്ളവരെ തഴഞ്ഞ് ഷെഫീക്കിനു ചുമതല നല്‍കിയതാണ് ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചത്.

ഇതിനു പിന്നില്‍ സിപിഎം ചെറിയനാട് സൗത്ത് ലോക്കല്‍ സെക്രട്ടറി ഷീദ് മുഹമ്മദാണെന്ന് ആരോപിച്ച് ഒരുവിഭാഗം പ്രവര്‍ത്തകര്‍ ആരോപിച്ചതോടെ വാക്കേറ്റമായി. ഷീദിനെതിരെ ലഘുലേഖകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണവും തുടരുകയാണ്. അന്‍പതോളംപേര്‍ പങ്കെടുത്ത സമ്മേളനത്തില്‍നിന്നു പകുതിയിലേറെപ്പേര്‍ ഇറങ്ങിപ്പോയി. മുന്‍പു ഡിവൈഎഫ്‌ഐക്കാരനായിരുന്ന ഷെഫീക്ക് പാര്‍ട്ടിയിലെ പ്രശ്‌നങ്ങളുടെ പേരില്‍ 2015ല്‍ എസ്ഡിപിഐയില്‍ ചേര്‍ന്നിരുന്നു. ഡിവൈഎഫ്‌ഐക്കാരെ എസ്ഡിപിഐയിലേക്കു കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് ആരോപണമുണ്ടായിരുന്നു.

ഒരുവര്‍ഷം മുന്‍പു തിരികെ ഡിവൈഎഫ്‌ഐയില്‍ എത്തി. എന്നാല്‍, ഇയാള്‍ക്കൊപ്പം പോയ പലരും മടങ്ങിയില്ല. സിപിഎം ഏരിയ നേതൃത്വവും ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വവും പരാതിക്കാരെ നേരില്‍ക്കണ്ടു പരിഹാരത്തിനു ശ്രമിച്ചെങ്കിലും നടന്നിട്ടില്ല. തിരുവന്‍വണ്ടൂര്‍ ലോക്കല്‍ സെക്രട്ടറി കെ.എസ്.ഷിജു, ചെറിയനാട് നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി പി.ഉണ്ണിക്കൃഷ്ണന്‍ നായര്‍, മുരളീധരന്‍ പിള്ള എന്നിവര്‍ അംഗങ്ങളായ കമ്മിഷനെയാണു പ്രശ്‌നം പഠിക്കാന്‍ നിയോഗിച്ചിരിക്കുന്നത്.

ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണു നിര്‍ദേശം. നിര്‍ബന്ധിത അവധിയല്ല: ഏരിയ സെക്രട്ടറി ബിസിനസ് ചെയ്യാനായി ഷീദ് മുഹമ്മദ് ആവശ്യപ്പെട്ട പ്രകാരമാണ് അവധി നല്‍കിയെന്നും നിര്‍ബന്ധിത അവധിയല്ലെന്നും സിപിഎം ഏരിയ സെക്രട്ടറി എം.എച്ച്. റഷീദ് പറഞ്ഞു. പാര്‍ട്ടിയിലും ഡിവൈഎഫ്‌ഐയിലും പ്രശ്‌നങ്ങള്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എസ്ഡിപിഐയുമായി സിപിഎം സഹകരിക്കുന്നുവെന്ന ആരോപണം വ്യാപകമായി ഉയര്‍ന്നതിന് പിന്നാലെയാണ് പുതിയ സംഭവം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7