വിശ്വാസം നേടി സര്‍ക്കാര്‍; 325-126- അവിശ്വാസ പ്രമേയം വോട്ടിനിട്ട് തള്ളി; 12 മണിക്കൂര്‍ ചര്‍ച്ച; മോദി ജയം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ

ന്യൂഡല്‍ഹി: ഒരു ദിവസം മുഴുവന്‍ നീണ്ട നടപടിക്രമങ്ങള്‍ക്കൊടുവില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ടിഡിപി കൊണ്ടു വന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് മോദി സര്‍ക്കാര്‍ പ്രമേയം പരാജയപ്പെടുത്തിയത്. രാവിലെ 11ന് തുടങ്ങിയ ചര്‍ച്ച 12 മണിക്കൂര്‍ നീണ്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി പ്രസംഗം 100 മിനിട്ട് വരെ ഉണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഉള്‍പ്പെടെ പ്രതിപക്ഷ നേതാക്കളുടെ ആരോപണങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി പറയാന്‍ മോദി സമയം കണ്ടെത്തി.

ലോക്‌സഭയിലെ 451 എംപിമാര്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ 325 പേര്‍ പ്രമേയത്തിന് എതിരായും 126 പേര്‍ അനുകൂലമായും വോട്ട് ചെയ്തു. എഐഎഡിഎംകെയുടെ വോട്ടുകളും ബിജെപിയ്ക്കാണ് ലഭിച്ചത്. അതേസമയം തെലങ്കാനരാഷ്ട്രസമിതി, ബിജു ജനതാദള്‍, ശിവസേന എന്നീ പ്രമുഖ കക്ഷികള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു.

പ്രതീക്ഷിച്ച സംഖ്യയിലേക്ക് എത്താന്‍ സാധിക്കാതിരുന്നത് പ്രതിപക്ഷത്തിന് തിരിച്ചടിയായി. 140 വോട്ടുകള്‍ എങ്കിലും ലഭിക്കുമെന്നായിരുന്നു പ്രതിപക്ഷം കണക്ക് കൂട്ടിയത്. രാഹുല്‍ ഗാന്ധി മോദി സര്‍ക്കാരിനെതിരെ നടത്തിയ കടന്നാക്രമണം മാറ്റി നിര്‍ത്തിയാല്‍ പ്രതിപക്ഷത്തിന് ആഹ്ലാദിക്കാനൊന്നും വകയില്ലാതെയാണ് അവിശ്വാസപ്രമേയം ലോക്‌സഭ തള്ളിയത്.

2014ലേത് പോലെ അസ്ഥിരമായ പ്രതിപക്ഷമാണ് ഇപ്പോഴും നിലനില്‍ക്കുന്നത് എന്ന വ്യക്തമായ സൂചനയാണ് അവിശ്വാസ പ്രമേയത്തിന് എതിരായ ലഭിച്ച വോട്ടുകളുടെ എണ്ണവും വോട്ടെടുപ്പില്‍ നിന്നും മാറിനിന്ന എംപിമാരുടെ എണ്ണവും സൂചിപ്പിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7