ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിക്കുന്നത് ഭരണ ഘടനാ വിരുദ്ധം,എന്തടിസ്ഥാനത്തിലാണ് സ്ത്രീകള്‍ക്കു പ്രവേശനം വിലക്കുന്നതെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിക്കുന്നത് ഭരണ ഘടനാ വിരുദ്ധമാണെന്ന് സുപ്രിം കോടതി നിരീക്ഷണം. പൊതുക്ഷേത്രത്തില്‍ എല്ലാവര്‍ക്കും പ്രവേശിക്കാന്‍ കഴിയണമെന്ന്, സ്ത്രീപ്രവേശനം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി നിരീക്ഷിച്ചു.

എന്തടിസ്ഥാനത്തിലാണ് ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കു പ്രവേശനം വിലക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ക്ഷേത്ര അധികൃതരോടു ചോദിച്ചു. ഭരണഘടനയ്ക്കു വിരുദ്ധമായ നടപടിയാണത്. പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്താല്‍ ക്ഷേത്രത്തില്‍ എല്ലാവര്‍ക്കും പോവാനാവണമെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

സ്വകാര്യ ക്ഷേത്രം എന്നൊരു സങ്കല്‍പ്പമില്ല. സ്വകാര്യ ആവശ്യത്തിനായി ഒരു ക്ഷേത്രം എന്ന സങ്കല്‍പ്പവുമില്ല. ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നാല്‍ എല്ലാവര്‍ക്കും പോവാമെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ ആമുഖത്തില്‍ ആരാധന എന്ന വാക്കുപയോഗിച്ചിട്ടുണ്ട്. അത് മത ആരാധനയുടെ കാര്യമല്ലായിരിക്കാം, എന്നാല്‍ 25-ാം അനുച്ഛേദത്തില്‍ അതു വ്യക്തമായി വിശദീകരിച്ചുണ്ട്.

പുരുഷന്മാര്‍ക്കു ബാധമാവുന്ന കാര്യം സ്ത്രീകള്‍ക്കും ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് മതാചാരങ്ങള്‍ ഭരണഘടനാ മൂല്യങ്ങള്‍ക്കു വിരുദ്ധമാവാനാവില്ലെന്ന് വ്യക്തമാക്കി. പൊതുക്ഷേത്രത്തില്‍ ആരാധന നടത്തുന്നതില്‍നിന്ന് ഒരു സ്ത്രീയെ തടയാന്‍ ആരോഗ്യപരമായ ധാര്‍മികമോ ആയ ഒന്നിനും തടയാനാവില്ല, പ്രാര്‍ഥിക്കാനുള്ള സ്ത്രീയുടെ അവകാശം പുരുഷന്റേതിനു തുല്യമാണ്- കോടതി നിരീക്ഷിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7