ചങ്ങനാശ്ശേരി: യാത്രയ്ക്കിടെ റോഡില്‍ രണ്ടായിരത്തിലേറെ കുഴികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍മ്മാണ ചുമതലയുണ്ടായിരുന്ന എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ സസ്‌പെന്‍ഡ് ചെയ്തു.
യാത്രക്കിടെ ചങ്ങനാശ്ശേരി കെ.എസ്.ടി.പി റോഡിലാണ് നിരവധി കുഴികള്‍ മന്ത്രി കണ്ടെത്തിയത്. കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്താത്തിനെ തുടര്‍ന്നാണ് റോഡില്‍ കുഴികള്‍ രൂപപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു. ഈ റോഡിന്റെ അറ്റകുറ്റപ്പണികളുടെ ഉത്തരവാദിത്തമുണ്ടായിരുന്ന എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്.ആര്‍ അനന്തകുമാരിയാണ് സസ്‌പെന്‍ഷനിലായത്.
ആലപ്പുഴയില്‍നിന്ന് ചങ്ങനാശ്ശേരി റോഡിലൂടെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നും ഒരുമണിക്കുമിടയില്‍ നടത്തിയ യാത്രയില്‍ 2200 കുഴികള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചതെന്ന് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. ചെങ്ങന്നൂര്‍ എം.എല്‍.എ.യുടെ പ്രദേശിക വികസന ഓഫീസ് ഉദ്ഘാടനം നിര്‍വഹിക്കുന്നതിന് പോകുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫിന്റെ കാലത്തു അറ്റകുറ്റപ്പണികള്‍ നടത്തിയ റോഡാണ് ഇത്. റോഡിന്റെ ഒരു പാളി ഉയര്‍ത്തി ടാര്‍ ചെയ്യുകയായിരുന്നു. കടുത്ത അഴിമതിയാണ് ഈ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ നടന്നതെന്നും മന്ത്രി ആരോപിച്ചു. 2016ലും 2017ലും മന്ത്രി നേരിട്ടിടപെട്ട് അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. ഈ വര്‍ഷം പല തവണ അറ്റകുറ്റപ്പണികള്‍ നടത്താന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
അറ്റകുറ്റപ്പണികള്‍ നടത്താനാവശ്യപ്പെട്ട് മന്ത്രി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തയ്യാറായില്ല. അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച ഫോണ്‍വിളികളോട് പ്രതികരിക്കാനോ മറുപടിയോ വിശദീകരണമോ നല്‍കാനോ എഞ്ചിനീയര്‍ മുന്നോട്ടുവന്നില്ലെന്നും മന്ത്രി അറിയിച്ചു.
എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ സസ്‌പെന്‍ഡ് ചെയ്തതതിനൊപ്പം അറ്റകുറ്റപ്പണികളില്‍ വീഴ്ചയും കാലതാമസവും വരുത്തിയെന്ന് ചൂണ്ടിക്കാണിച്ച് സൂപ്രണ്ടിങ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്നിവരോട് മന്ത്രി വിശദീകരണം ആവശ്യപ്പെട്ടു.
ചങ്ങനാശ്ശേരി കെ.എസ്.ടി.പി റോഡിന്റെ അറ്റകുറ്റപ്പണികളില്‍ നടന്ന അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ വിജിലന്‍സിനു നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.