ന്യൂഡല്‍ഹി : സംസ്ഥാനത്ത്, പ്രത്യേകിച്ചും മലബാര്‍ മേഖലയില്‍ ഭീതി വിതച്ച നിപ വൈറസ് ബാധയുടെ ഉറവിടം പഴം തീനി വവ്വാലെന്ന് സ്ഥിരീകരണം. കോഴിക്കോട് നിന്ന് ശേഖരിച്ച വവ്വാലുകളുടെ സാംപിളുകളിലാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പരിശോധനയിലാണ് വവ്വാലുകളാണ് രോഗബാധയ്ക്ക് കാരണമെന്ന് കണ്ടെത്തിയത്.
നേരത്തെ വൈറസ് ബാധ പടര്‍ന്നുപിടിച്ച കോഴിക്കോട് ജില്ലയിലെ പ്രദേശങ്ങളില്‍ നിന്നും വവ്വാലുകളുടെ സാംപിളുകള്‍ ശേഖരിച്ചിരുന്നെങ്കിലും നിപ വൈറസ് കണ്ടെത്താനായിരുന്നില്ല. എന്നാല്‍ കോഴിക്കോട് നിന്നും രണ്ടാം ഘട്ടത്തില്‍ ശേഖരിച്ച പഴം തീനി വവ്വാലുകളുടെ സാംപിളുകളിലാണ് നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയത്.
നിപ ബാധിച്ച് സംസ്ഥാനത്ത് 17 പേരാണ് മരിച്ചത്. നിപ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയതിനെ തുടര്‍ന്ന്, കഴിഞ്ഞയിടെ സംസ്ഥാന സര്‍ക്കാര്‍ കോഴിക്കോട്, മലപ്പുറം ജില്ലകളെ നിപ വിമുക്ത ജില്ലകളായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മുന്‍കരുതല്‍ തുടരണമെന്നും, നിപയുടെ രണ്ടാം ഘട്ടം വരാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.