നിപ്പ വൈറസ്: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് 12 വരെ നീട്ടി

കോഴിക്കോട്: നിപ്പ വൈറസ് ഭീതിയില്‍ കൂടുതല്‍ കരുതലോടെ കോഴിക്കോട്. ജില്ലയിലെ സ്‌കൂളുകളും കോളേജുകളും തുറക്കുന്നത് ഈ മാസം 12 വരെ നീട്ടി. പ്രൊഫഷണല്‍ കോളേജുകളും ഇതില്‍ ഉള്‍പ്പെടും. നേരത്തെ അഞ്ചാം തീയതി വരെയായിരുന്നു നീട്ടിയിരുന്നത്. കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനം.

ജില്ലയിലെ തിരക്കുള്ള കോടതികള്‍ ആറാം തീയതി വരെ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിപ്പ ബാധയുടെ സാഹചര്യത്തില്‍ കോടതി നിര്‍ത്തിവയ്ക്കണമെന്ന് കലക്ടര്‍ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് നിര്‍ദേശം.

മജിസ്ട്രേറ്റ് കോടതികളും കുടുംബ കോടതികളും ഈ മാസം ആറു വരെ നിര്‍ത്തിവയ്ക്കാനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശത്തിന്റെ പകര്‍പ്പ് ലഭിച്ച ശേഷം ശനിയാഴ്ച ചേരുന്ന അസോസിയേഷന്‍ യോഗത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.കെ.കൃഷ്ണകുമാര്‍ വ്യക്തമാക്കി.

കോഴിക്കോട് ജില്ലാ കോടതിയിലെ സീനിയര്‍ സൂപ്രണ്ട് ടി.പി.മധുസൂദനന്‍ നിപ്പ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചതോടെയാണ് കോടതി നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതിയോട് അഭ്യര്‍ഥിച്ചത്. ജൂണ്‍ ആറിന് സ്ഥിതി വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ജഡ്ജിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേ സമയം, നിപ്പ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ആരാധനാലയങ്ങളില്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി. പള്ളികളിലും ക്ഷേത്രങ്ങളിലും ആളുകള്‍ ഒരുമിച്ചു കൂടുന്നത് ഒഴിവാക്കാനും പ്രതിരോധ പ്രവര്‍ത്തന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാനും തീരുമാനിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7