മലപ്പുറം: എസ്ബിഐ ശാഖയിലെ അക്കൗണ്ടുകളിലേക്ക് ഉടമകള്‍ അറിയാതെ എത്തിയതു കോടിക്കണക്കിനു രൂപയുടെ നിക്ഷേപം. മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശികള്‍ക്കാണ് 90 ലക്ഷം മുതല്‍ 19 കോടി രൂപ വരെ വിവിധ അക്കൗണ്ടുകളിലേക്ക് എത്തിയത്. അപ്രതീക്ഷിതമായി അക്കൗണ്ടില്‍ 97 ലക്ഷം രൂപ വന്ന സംഭവം കോട്ടയ്ക്കല്‍ സ്വദേശി വെളിപ്പെടുത്തിയതോടെയാണ് കൂടുതല്‍പേര്‍ തങ്ങളുടെ അക്കൗണ്ടില്‍ പണം വന്നുനിറഞ്ഞെന്ന ‘പരാതി’യുമായി രംഗത്തെത്തിയത്. ബാങ്ക് അവധിയായതിനാല്‍ കൂടുതല്‍ അന്വേഷിക്കാനും സാധിച്ചില്ല.
അതേസമയം, അക്കൗണ്ടിലേക്കു പണമിട്ടത് മനഃപൂര്‍വമാണെന്ന വാദവുമായി എസ്ബിഐ രംഗത്തെത്തി. കെവൈസി നിബന്ധന പ്രകാരമുള്ള രേഖകള്‍ സമര്‍പ്പിക്കാത്തവരുടെ അക്കൗണ്ട് മരവിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. ആധാറുമായി ഉള്‍പ്പെടെ ഇവര്‍ അക്കൗണ്ട് ബന്ധിപ്പിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണു നടപടിയെന്നും എസ്ബിഐ അറിയിച്ചു.
ഇരുപതോളം പേരാണ് അധികതുക അക്കൗണ്ടില്‍ വന്നതായി ഇതുവരെ അറിയിച്ചത്. ഒരു കോടി രൂപ വരെ കിട്ടിയവരുണ്ട്. അസാധാരണമായ ഇടപാടിന്റെ പശ്ചാത്തലത്തില്‍ അക്കൗണ്ട് മരവിപ്പിച്ചതോടെ പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും കഴിയാത്ത സ്ഥിതിയിലായി ഇവര്‍.
കഴിഞ്ഞ ദിവസം ശമ്പളം പരിശോധിക്കാനായി എടിഎമ്മില്‍ കയറിയപ്പോഴാണ് വന്‍തോതില്‍ പണം നിക്ഷേപിക്കപ്പെട്ടതായി കണ്ടെത്തിയത്. ചിലര്‍ക്കാകട്ടെ അതിനു മുന്‍പ് ഇതു സംബന്ധിച്ച എസ്എംഎസും ലഭിച്ചിരുന്നു. പിന്നീട് ഉപഭോക്താക്കളുടെ വിരലടയാളം ഉള്‍പ്പെടെ ശേഖരിച്ചാണ് പണം എടുക്കാന്‍ അനുവദിച്ചത്.