രാജിവെച്ച നടിമാര്‍ എന്നും കുഴപ്പക്കാര്‍! അമ്മയ്ക്ക് ജനങ്ങളുടെ കൈയ്യടി വേണ്ട; ഗണേഷ് കുമാര്‍ ഇടവേള ബാബുവിന് അയച്ച ശബ്ദ സന്ദേശം പുറത്ത്

അമ്മയില്‍ നിന്ന് രാജിവെച്ച നടിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും എംഎല്‍എയുമായ ഗണേഷ് കുമാര്‍. രാജിവെച്ച നടിമാര്‍ എന്നും അമ്മയോട് ശത്രുത പുലര്‍ത്തുന്നവരാണ്. അവര്‍ എന്നും അമ്മയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവരാണ്. ഇവര്‍ക്കെതിരെ പ്രതികരിക്കരുത്. രാജിവെച്ച നടിമാര്‍ സിനിമയില്‍ സജീവമല്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അമ്മയുടെ സ്റ്റേജ് ഷോയിലും ഇവര്‍ സഹകരിച്ചില്ല. മാധ്യമങ്ങള്‍ രണ്ട് ദിവസം കഴിയുമ്പോള്‍ ഈ വര്‍ത്തകള്‍ അവസാനിപ്പിക്കും. പത്രവാര്‍ത്തയും ഫെയ്സ്ബുക്കും കണ്ട് നമ്മള്‍ പേടിക്കരുതെന്നും ഗണേഷ് പറഞ്ഞു. ഇടവേള ബാബുവിന് വാട്സ്ആപ്പില്‍ അയച്ച ശബ്ദ സന്ദേശത്തിലാണ് ഗണേഷ് കുമാര്‍ ഇക്കാര്യങ്ങള്‍ പറയുന്നത്.

‘അമ്മ’യൊരു രാഷ്ട്രീയ സംഘടനയല്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. അമ്മയ്ക്ക് പൊതുജനപിന്തുണയൊന്നും വേണ്ട. ജനങ്ങളുടെ കയ്യടി നേടാന്‍ വേണ്ടി നടത്തുന്ന സംഘടനയൊന്നുമല്ല അമ്മയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. നമ്മുടെ അംഗങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി നടത്തുന്ന സംഘടനയാണ്. ഒന്നിനോടും പ്രതികരിക്കരുതെന്നും സന്ദേശത്തില്‍ ഗണേഷ് പറയുന്നു.

അമ്മയില്‍ നിന്ന് നടിമാര്‍ രാജിവെച്ച വിഷയത്തില്‍ പ്രതികരിച്ച രാഷ്ട്രീയ നേതാക്കളെയും ഗണേഷ് കുമാര്‍ ശബ്ദ സന്ദേശത്തില്‍ വിമര്‍ശിച്ചു. രാഷ്ട്രീയക്കാരുടെ വിമര്‍ശനം ചാനലുകളില്‍ പേര് വരാന്‍ വേണ്ടിയാണ്. വിമര്‍ശിച്ചവര്‍ക്ക് രാഷ്ട്രീയത്തിലും വലിയ പ്രസക്തിയൊന്നുമില്ലെന്നും ഗണേഷ് പറഞ്ഞു.

ഇടതുപക്ഷ നേതാക്കളായ എം.സി ജോഫസൈന്‍, ജി. സുധാകരന്‍, ബൃന്ദ കാരാട്ട് തുടങ്ങിയവര്‍ അമ്മയില്‍ അംഗങ്ങളായ ഇടതു നേതാക്കള്‍ക്കെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. ഇടതുപക്ഷ നിലപാടുകള്‍ പുലര്‍ത്തുന്നവര്‍ക്ക് ഒരുതരത്തിലും അംഗീകരിക്കാന്‍ പറ്റാത്ത തീരുമാനമാണ് അമ്മ കൈക്കൊണ്ടിട്ടുള്ളതെന്നും അതിനാല്‍ സംഘടനയുടെ ഭാഗമായ ഇടത് എം.എല്‍.എമാര്‍ നിലപാട് വ്യക്തമാക്കണമെന്നുമാണ് ഇവര്‍ ആവശ്യപ്പെട്ടത്. ഇടത് നേതാക്കളുടെ ഈ നിലപാടിനെയാണ് ഗണേഷ് കുമാര്‍ പബ്ലിസിറ്റിക്കുവേണ്ടിയുള്ള ശ്രമമായി വ്യാഖ്യാനിച്ചിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതോടെ വിവാദങ്ങളും തലപൊക്കിയിരിക്കുകയാണ്. ‘അമ്മ’ തിലകനോടും ദിലീപിനോടും രണ്ട് തരത്തിലുള്ള സമീപനമാണ് സ്വീകരിച്ചതെന്ന ആരോപണവുമായി ഇതിനോടകം പലരും രംഗത്ത് വന്നുകഴിഞ്ഞു. 2010ല്‍ അമ്മ സെക്രട്ടറിയായിരുന്ന മോഹന്‍ലാലിന് തിലകന്‍ എഴുതിയ കത്ത് തിലകന്റെ മകള്‍ സോണിയ പുറത്തുവിട്ടിരുന്നു. നീതി കിട്ടുന്നില്ലെന്ന പരാതിയുമായാണ് തിലകന്‍ മോഹന്‍ലാലിന് കത്തയച്ചത്. എന്നാല്‍ അന്ന് അക്കാര്യത്തില്‍ വേണ്ട നടപടിയെടുക്കാന്‍ ‘അമ്മ’ തയ്യാറായില്ല.

ഗണേഷിന്റെ ഗുണ്ടകളില്‍ നിന്ന് ആക്രമണം ഉണ്ടെന്ന് പരാതിപ്പെട്ടിട്ടും അമ്മ സംഘടന നടപടിയെടുത്തില്ലെന്ന് കത്തില്‍ തിലകന്‍ പറഞ്ഞിരുന്നു. വിഷയത്തില്‍ ‘അമ്മ’ മൗനം പാലിച്ചു. ജനാധിപത്യ മര്യാദ ലംഘനം ന്യായീകരിക്കുന്ന സംഘടനയാണ് ‘അമ്മ’. ഏകപക്ഷീയമായാണ് തന്നെ സംഘടനയില്‍ നിന്ന് പുറത്താക്കിയത്. തന്റെ വിശദീകരണം പോലും കേള്‍ക്കാന്‍ തയ്യാറായില്ല. അമ്മ സംഘടന കൊണ്ട് മലയാള സിനിമയ്ക്ക് ഒരു പുരോഗതിയും ഉണ്ടായില്ലെന്നും തിലകന്‍ കത്തില്‍ പറഞ്ഞിരുന്നു. കരാറിലേര്‍പ്പെട്ട ചിത്രം പോലും നിഷേധിക്കുമ്പോള്‍ അമ്മ മൗനം പാലിക്കുന്നുവെന്നായിരുന്നു തിലകന്‍ കത്തില്‍ ഉന്നയിച്ചിരുന്നത്. അമ്മയുടെ മൗനം ന്യായീകരിക്കാന്‍ ആകാത്ത തെറ്റെന്നും തിലകന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം ‘അമ്മ’ക്കെതിരെ നടനും തിലകന്റെ മകനുമായ ഷമ്മി തിലകന്‍ രംഗത്തെത്തി. തിലകനെതിരായ നടപടി മരണാനന്തരമെങ്കിലും പിന്‍വലിക്കണമെന്ന് ഷമ്മി തിലകന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ‘അമ്മ’യ്ക്ക് കത്ത് നല്‍കി. അമ്മ പ്രസിദ്ധീകരണത്തില്‍ നിന്ന് തിലകന്റെ പേര് വെട്ടിമാറ്റി. താരസംഘടനയുടെ നടപടി വേദനാജനകമാണെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

തിലകനെ സീരിയലില്‍ അഭിനയിക്കുന്നത് പോലും അന്ന് വിലക്കിയെന്ന് സംവിധായകന്‍ വിനയന്‍ പറഞ്ഞു. ഗണേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ആത്മ സംഘടനയായിരുന്നു വിലക്കിയത്. അന്ന് തന്റെ വീട്ടിലിരുന്ന് തിലകന്‍ കരഞ്ഞുവെന്നും വിനയന്‍ പറഞ്ഞു. ദിലീപിനോട് സംഘടന കാണിച്ച പരിഗണന തിലകന് ലഭിച്ചില്ലെന്ന് മകള്‍ സോണിയ പറഞ്ഞു.

മലയാളത്തിന്റെ നടനവിസ്മയമായ തിലകന് മാസങ്ങളോളമാണ് അമ്മയില്‍ നിന്നുള്ള സസ്പെന്‍ഷനെ തുടര്‍ന്ന് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നത്.2010ല്‍ വന്ന സസ്പെന്‍ഷന്‍ 2012 സെപ്തംബറില്‍ തിലകന്‍ മരിക്കുന്നവതുവരെയും ഈ വിലക്ക് മാറ്റമില്ലാതെ തുടര്‍ന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7