കൊച്ചി: ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതില്‍ വ്യാപക പ്രതിഷേധമാണ് ഉടലെടുത്തത്. ദീലിപിനെ തിരിച്ചെടുത്തത് പുനപരിശോധിക്കണമെന്നും എക്സിക്യൂട്ടിവ് വിളിക്കണമെന്നും ആവശ്യപ്പെട്ട് രേവതിയടക്കം മൂന്നു നടിമാര്‍ അമ്മയ്ക്ക് കത്ത് നല്‍കിയിരുന്നു. ലണ്ടനില്‍ ഷൂട്ടിങ്ങിലുള്ള അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ തിരിച്ചെത്തിയ ശേഷം വിമന്‍ സിനിമാ കലക്ടീവുമായി ചര്‍ച്ച നടത്തും. അതേസമയം ഫെഫ്കയുടെ യോഗം ഇന്ന് കൊച്ചിയില്‍ ചേരും.
അമ്മയില്‍ നിന്ന് രാജിവെച്ച നടിമാര്‍ ശത്രുക്കളല്ലെന്നും നിലവിലെ വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉടന്‍ സംഘടനയുടെ എക്സിക്യൂട്ടീവ് യോഗം വിളിക്കുമെന്നും ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു. നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യം യോഗത്തില്‍ ചര്‍ച്ച ചെയ്യും. ദിലീപ് സംഘടനയ്ക്കയച്ച കത്ത് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സംഘടനയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിരാമമിടാന്‍ ശ്രമിച്ച് അമ്മയ്ക്ക് ദിലീപ് ഇന്നലെ കത്തയച്ചിരുന്നു. കേസ് അവസാനിക്കുന്നതുവരെ ഒരു സംഘടനയിലും സജീവമാകാനില്ലെന്നുള്ള കത്തിന്റെ പകര്‍പ്പ് ദിലീപ് ഫെയ്സ്ബുക്കില്‍ പോസ്റ്റുചെയ്തു. തന്നെ പുറത്താക്കിയ നടപടിയിലെ പിഴവുതിരുത്തിയ അമ്മയുടെ പുതിയ ഭാരവാഹികള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് സംഘടനയിലേക്ക് തല്‍ക്കാലമില്ലെന്ന് ദിലീപ് വ്യക്തമാക്കിയത്. തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ കാര്യത്തിലും താന്‍ സമാന നിലപാട് അറിയിച്ചതാണെന്ന് വ്യക്തമാക്കിയ ദിലീപ് തന്റെ പേരില്‍ സംഘടനയെ പലരും അപമാനിക്കുന്നതില്‍ സങ്കടമുണ്ടെന്നും കുറിച്ചു.
ദിലീപിനെ തിരിച്ചെടുത്ത നടപടിക്കെതിരെ വിമര്‍ശനമുയര്‍ന്നിട്ടും പ്രതികരിക്കാതിരുന്ന അമ്മയ്ക്ക് വനിതാകൂട്ടായ്മയിലും അംഗങ്ങളായ നടി രേവതി, പത്മപ്രിയ, പാര്‍വതി എന്നിവര്‍ എക്സിക്യുട്ടീവ് വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയതിനുപിന്നാലെയാണ് ദിലീപിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വന്നത്. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചുകൊണ്ടുവന്നത് പുനഃപരിശോധിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ജുലൈ 13നോ 14നോ അമ്മയുടെ നിര്‍വാഹകസമിതി ചേരണമെന്നായിരുന്നു നടി രേവതി ഉള്‍പ്പടെ ആവശ്യപ്പെട്ടത്.
അമ്മ നിസംഗത തുടര്‍ന്നാല്‍ കൂടുതല്‍പേര്‍ രാജിവയ്ക്കുന്നതടക്കമുള്ള നിലപാടുമായി മുന്നോട്ടുപോകാനും ഇവര്‍ തീരുമാനിച്ചിരുന്നു. രാജിവച്ച നടിമാര്‍ക്ക് പിന്തുണയമായി നടന്‍ പൃഥ്വിരാജുമെത്തിയിരുന്നു. രാജിവച്ചവര്‍ക്കൊപ്പമാണെന്നും അവരുടെ ധീരതയെ അംഗീകരിക്കുകയാണെന്നും ദിലീപിനെ പുറത്താക്കിയത് അമ്മയുടെ കൂട്ടായ തീരുമാനമായിരുന്നുവെന്നും ദ് വീക്കിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു. ആക്രമിക്കപ്പെട്ട നടി ദിലീപ് അവസരങ്ങള്‍ നിഷേധിച്ചുവെന്ന് രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നാണ് അമ്മയുടെ നിലപാടെങ്കിലും ഇതുവരെ പരസ്യ പ്രതികരണത്തിന് അമ്മ തയാറായിട്ടില്ല.
അതേസമയം ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് റിമാ കല്ലിങ്കല്‍, ഭാവന, രമ്യാനമ്പീശന്‍, ഗീതുമോഹന്‍ദാസ് എന്നിവര്‍ രാജിവച്ചിരുന്നു. രാജിവച്ച നടിമാര്‍ ഉള്‍പ്പെടുന്ന ഒരു സംഘം യുഎസിലാണിപ്പോള്‍. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ വൈകാതെ ലണ്ടനിലേക്കു യാത്ര തിരിക്കും. ഇടവേള ബാബു യുഎസ് ടീമിലുണ്ടെങ്കിലും അദ്ദേഹം പോകണോ എന്നു തീരുമാനിച്ചിട്ടില്ല. ജൂലൈ 20 വരെ മിക്കവരും വിദേശത്തു തുടരും.
വിവിധ സ്ഥലങ്ങളിലെ ഷോകള്‍ക്കു വേണ്ടിയാണു വനിതാസംഘം യുഎസിലേക്കു പോയത്. മഞ്ജു വാരിയര്‍, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ്, പാര്‍വതി എന്നിവരെല്ലാം അമേരിക്കയിലെ വിവിധ ഷോകളിലുണ്ട്. അമ്മ യോഗത്തിനു ശേഷം ഇവര്‍ ഫോണില്‍ കൂടിയാലോചന നടത്തിയിരുന്നു. ആക്രമിക്കപ്പെട്ട നടിയുമായും പ്രമുഖ ഭാരവാഹിയായ ബീന പോളുമായും ഇവര്‍ സംസാരിച്ചു. ഇതിനു ശേഷമാണു നാലുപേര്‍ അമ്മ വിടാന്‍ തീരുമാനിച്ചത്. മഞ്ജുവും പാര്‍വതിയും തല്‍ക്കാലം രാജിവയ്ക്കേണ്ടതില്ല എന്നും ഇവര്‍ കൂട്ടായി എടുത്ത തീരുമാനമാണ്. ഫെയ്സ്ബുക്കില്‍ എന്തു പോസ്റ്റ് ചെയ്യണമെന്നും കൂട്ടായാണു തീരുമാനിച്ചത്. ഇടുന്ന പോസ്റ്റുകള്‍ പരസ്പരം കാണിക്കുകയും ഇടുന്ന സമയം തീരുമാനിക്കുകയും ചെയ്തിരുന്നു. അച്ഛന്‍ മരിച്ചതിന്റെ പ്രയാസത്തിലായതിനാല്‍ താന്‍ തല്‍ക്കാലം ഫേസ്ബുക് പോസ്റ്റ് ഇടുന്നില്ലെന്നു മഞ്ജു ഇവരെ അറിയിച്ചിരുന്നു. തുടര്‍ന്നു പ്രതികരിക്കേണ്ടെന്നും എല്ലാവരും തീരുമാനിച്ചിട്ടുണ്ട്.
രാജിവച്ച രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഭാവന, ഗീതു മോഹന്‍ദാസ് എന്നിവരുടെ സിനിമാഭാവി എന്താകുമെന്ന ആശങ്കയാണു പല കോണില്‍നിന്ന് ഉയരുന്നത്. എന്നാല്‍ അത്തരം ഭയത്തിന്റെ ആവശ്യമില്ലാത്തവരാണ് ഈ നാലു പേരുമെന്ന് അവരുടെ കരിയര്‍ ഗ്രാഫ് തെളിയിക്കുന്നു. ‘കേള്‍ക്കുന്നുണ്ടോ’ എന്ന ഹ്രസ്വചിത്രത്തിലൂടെ സംവിധാന രംഗത്തേക്കു കളം മാറിയ ഗീതു മോഹന്‍ദാസ്, നിവിന്‍ പോളി നായകനാകുന്ന മൂത്തോന്‍ എന്ന സിനിമയുടെ അണിയറയിലാണ്. മുന്‍പു ‘ലയേഴ്സ് ഡൈസ്’ എന്ന ചിത്രവും ഗീതു സംവിധാനം ചെയ്തിട്ടുണ്ട്. ഭാവനയുടെ രണ്ടു കന്നഡ ചിത്രങ്ങള്‍ റിലീസാകാനുണ്ട്. ഹണീ ബീ 2.5, ആദം ജോണ്‍ എന്നിവയാണു മലയാളത്തില്‍ മുന്‍പ് ഇറങ്ങിയ ചിത്രങ്ങള്‍.
രമ്യ നമ്പീശനു മലയാളത്തില്‍ പുതിയ രണ്ടു പടങ്ങളും തമിഴില്‍ ഒരു ചിത്രവും ഉണ്ട്. തമിഴില്‍ സജീവമായതിനാല്‍ മലയാള സിനിമയെ മാത്രം ആശ്രയിക്കേണ്ട ആവശ്യം താരത്തിനില്ല. ഗായിക എന്ന നിലയിലും രമ്യ തമിഴില്‍ ശ്രദ്ധേയയാണ്. റിമ കല്ലിങ്കല്‍ പുതിയ ഒരു ചിത്രത്തില്‍ മാത്രമാണു കരാര്‍ ഒപ്പുവച്ചിട്ടുള്ളത്. സ്വന്തം ഡാന്‍സ് സ്‌കൂളുമായി സജീവമാണു റിമ. അവസരത്തിനായി ആരെയും സമീപിക്കേണ്ട അവസ്ഥയിലല്ല ഇവരാരും. ഇതില്‍ രണ്ടുപേരുടെ ഭര്‍ത്താക്കന്‍മാര്‍ മലയാളത്തിലെ മുന്‍നിര സംവിധായകരാണെന്നതും ശ്രദ്ധേയമാണ്. പഴയ പോലെ ആര്‍ക്കും അവസരങ്ങള്‍ നിഷേധിക്കാന്‍ ഇപ്പോള്‍ കഴിയില്ലെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.