നടിമാരുടെ പ്രതിഷേധം വിജയിക്കുന്നു..? രാജിവച്ച നടിമാരുമായി കൂടിക്കാഴ്ചയ്ക്ക് അമ്മ തയാറാകുന്നു..?

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളും പ്രതികരണങ്ങളും ഫലം കാണുമോ എന്നാണ് കേരള ജനത ഉറ്റുനോക്കുന്നത്.
തീരുമാനത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയ നടിമാരുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചതായി റിപ്പോര്‍ട്ട്. കൂടിക്കാഴ്ചയ്ക്ക് അനുവാദം നല്‍കിയതിന് പിന്നാലെ സംഘടനയിലേക്ക് ഇപ്പോള്‍ തിരിച്ചുവുന്നില്ലെന്ന് ദിലീപ് പ്രഖ്യാപിക്കുകകൂടി ചെയ്തതോടെ പ്രതിഷേധങ്ങള്‍ക്ക് ശമനമുണ്ടാവുമെന്നാണ് അമ്മ ഭാരവാഹികള്‍ പ്രതീക്ഷിക്കുന്നത്. വിദേശത്തുള്ള നടിമാര്‍ കേരളത്തിലേക്ക് തിരിച്ചെത്തിയ ശേഷമായിരിക്കും കൂടിക്കാഴ്ച നടക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
വിഷയത്തില്‍ അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്ന് നടിമാരായ പാര്‍വ്വതി, രേവതി, പത്മപ്രിയ എന്നവര്‍ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് കത്ത് നല്‍കിയിരുന്നു.
ഈ കത്തിനോടാണ് അമ്മ ഭാരവാഹികള്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. പ്രതി ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് റിമാ കല്ലിങ്കല്‍, ഭാവന, രമ്യാനമ്പീശന്‍, ഗീതുമോഹന്‍ദാസ് എന്നിവര്‍ രാജിവച്ചിരുന്നു.
ഇവര്‍ക്ക് പിന്‍തുണ പ്രഖ്യാപിച്ചുകൊണ്ടാണ് മറ്റുമൂന്നുപേരും ഇടവേളബാബുവിന് കത്തെഴുതിയത്. തീരുമാനത്തിനെതിരെ സംഘടനയ്ക്ക് അകത്തും പുറത്തും രൂക്ഷമായ പ്രതിഷേധമുയര്‍ന്നതോടെ അമ്മ സമ്മര്‍ദത്തിലായി.
അവസരം നിഷേധിക്കപ്പെടുന്നുവെന്ന് കാണിച്ച് നടി നല്‍കിയ കത്തില്‍ കഴമ്പില്ലെന്ന് വാദിച്ച ദിലീപ് അനുകൂലികള്‍ ഇടവേള ബാബുവിന്റെ പ്രതികരണം വന്നതോടെ പ്രതിസന്ധിയിലായി.
തീരുമാനത്തില്‍ പ്രതിഷേധം കനക്കുന്നതിനിടെ സംഘടനയിലേക്കില്ലെന്ന് ദിലീപ് പ്രഖ്യാപിച്ചതും ശ്രദ്ധേയമായി.
തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കഴമ്പില്ലാത്തതെന്ന് പ്രേക്ഷകര്‍ക്കും നിയമത്തിനും ബോധ്യമാവും വരെ സംഘടനയില്‍ സജീവമാവില്ലെന്നായിരുന്നു ദിലീപിന്റെ പ്രതികരണം.
അതേസമയം പൃഥ്വിരാജും ബാലചന്ദ്രമേനോനും ഉള്‍പ്പെടെയുള്ള നടന്‍മാര്‍ നടിമാരുടെ പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. ആദ്യം മുതല്‍ പ്രതിക്കെതിരെ ശക്തമായ നിലപാടുകളാണ് പൃഥ്വിരാജ് സ്വീകരിച്ചത്.

അതേസമയം രാജിവച്ച നടിമാര്‍ ഉള്‍പ്പെടുന്ന ഒരു സംഘം യുഎസിലാണിപ്പോള്‍. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ വൈകാതെ ലണ്ടനിലേക്കു യാത്ര തിരിക്കും. ഇടവേള ബാബു യുഎസ് ടീമിലുണ്ടെങ്കിലും അദ്ദേഹം പോകണോ എന്നു തീരുമാനിച്ചിട്ടില്ല. ജൂലൈ 20 വരെ മിക്കവരും വിദേശത്തു തുടരും.

വിവിധ സ്ഥലങ്ങളിലെ ഷോകള്‍ക്കു വേണ്ടിയാണു വനിതാസംഘം യുഎസിലേക്കു പോയത്. മഞ്ജു വാരിയര്‍, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ്, പാര്‍വതി എന്നിവരെല്ലാം അമേരിക്കയിലെ വിവിധ ഷോകളിലുണ്ട്. അമ്മ യോഗത്തിനു ശേഷം ഇവര്‍ ഫോണില്‍ കൂടിയാലോചന നടത്തിയിരുന്നു. ആക്രമിക്കപ്പെട്ട നടിയുമായും പ്രമുഖ ഭാരവാഹിയായ ബീന പോളുമായും ഇവര്‍ സംസാരിച്ചു. ഇതിനു ശേഷമാണു നാലുപേര്‍ അമ്മ വിടാന്‍ തീരുമാനിച്ചത്. മഞ്ജുവും പാര്‍വതിയും തല്‍ക്കാലം രാജിവയ്‌ക്കേണ്ടതില്ല എന്നും ഇവര്‍ കൂട്ടായി എടുത്ത തീരുമാനമാണ്. ഫെയ്‌സ്ബുക്കില്‍ എന്തു പോസ്റ്റ് ചെയ്യണമെന്നും കൂട്ടായാണു തീരുമാനിച്ചത്. ഇടുന്ന പോസ്റ്റുകള്‍ പരസ്പരം കാണിക്കുകയും ഇടുന്ന സമയം തീരുമാനിക്കുകയും ചെയ്തിരുന്നു. അച്ഛന്‍ മരിച്ചതിന്റെ പ്രയാസത്തിലായതിനാല്‍ താന്‍ തല്‍ക്കാലം ഫേസ്ബുക് പോസ്റ്റ് ഇടുന്നില്ലെന്നു മഞ്ജു ഇവരെ അറിയിച്ചിരുന്നു. തുടര്‍ന്നു പ്രതികരിക്കേണ്ടെന്നും എല്ലാവരും തീരുമാനിച്ചിട്ടുണ്ട്.

രാജിവച്ച രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഭാവന, ഗീതു മോഹന്‍ദാസ് എന്നിവരുടെ സിനിമാഭാവി എന്താകുമെന്ന ആശങ്കയാണു പല കോണില്‍നിന്ന് ഉയരുന്നത്. എന്നാല്‍ അത്തരം ഭയത്തിന്റെ ആവശ്യമില്ലാത്തവരാണ് ഈ നാലു പേരുമെന്ന് അവരുടെ കരിയര്‍ ഗ്രാഫ് തെളിയിക്കുന്നു. ‘കേള്‍ക്കുന്നുണ്ടോ’ എന്ന ഹ്രസ്വചിത്രത്തിലൂടെ സംവിധാന രംഗത്തേക്കു കളം മാറിയ ഗീതു മോഹന്‍ദാസ്, നിവിന്‍ പോളി നായകനാകുന്ന മൂത്തോന്‍ എന്ന സിനിമയുടെ അണിയറയിലാണ്. മുന്‍പു ‘ലയേഴ്‌സ് ഡൈസ്’ എന്ന ചിത്രവും ഗീതു സംവിധാനം ചെയ്തിട്ടുണ്ട്. ഭാവനയുടെ രണ്ടു കന്നഡ ചിത്രങ്ങള്‍ റിലീസാകാനുണ്ട്. ഹണീ ബീ 2.5, ആദം ജോണ്‍ എന്നിവയാണു മലയാളത്തില്‍ മുന്‍പ് ഇറങ്ങിയ ചിത്രങ്ങള്‍.

രമ്യ നമ്പീശനു മലയാളത്തില്‍ പുതിയ രണ്ടു പടങ്ങളും തമിഴില്‍ ഒരു ചിത്രവും ഉണ്ട്. തമിഴില്‍ സജീവമായതിനാല്‍ മലയാള സിനിമയെ മാത്രം ആശ്രയിക്കേണ്ട ആവശ്യം താരത്തിനില്ല. ഗായിക എന്ന നിലയിലും രമ്യ തമിഴില്‍ ശ്രദ്ധേയയാണ്. റിമ കല്ലിങ്കല്‍ പുതിയ ഒരു ചിത്രത്തില്‍ മാത്രമാണു കരാര്‍ ഒപ്പുവച്ചിട്ടുള്ളത്. സ്വന്തം ഡാന്‍സ് സ്‌കൂളുമായി സജീവമാണു റിമ. അവസരത്തിനായി ആരെയും സമീപിക്കേണ്ട അവസ്ഥയിലല്ല ഇവരാരും. ഇതില്‍ രണ്ടുപേരുടെ ഭര്‍ത്താക്കന്‍മാര്‍ മലയാളത്തിലെ മുന്‍നിര സംവിധായകരാണെന്നതും ശ്രദ്ധേയമാണ്. പഴയ പോലെ ആര്‍ക്കും അവസരങ്ങള്‍ നിഷേധിക്കാന്‍ ഇപ്പോള്‍ കഴിയില്ലെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7