ദിലീപിനെ രക്ഷിക്കാന്‍ വേണ്ടി പ്രമുഖ നടിയുടെ നീക്കം; അഞ്ചു സിനിമകള്‍ പൊലീസ് നീരീക്ഷണത്തില്‍; അമ്മ മീറ്റിങ്ങിന് മുന്‍പ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് വിവരം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ അമ്മയിലെ അംഗങ്ങളായ ചില നടീനടന്മാര്‍ ശ്രമിച്ചതായി പൊലീസിന് വിവരം ലഭിച്ചു. ഇതേ തുടര്‍ന്ന് ഇവരുടെ സ്വകാര്യ ഫോണ്‍ നമ്പറുകള്‍ പൊലീസ് നിരീക്ഷിച്ചതായാണ് സൂചന. അമ്മയുടെ പൊതുയോഗത്തിന് മുന്‍പുള്ള ദിവസങ്ങളിലാണ് പ്രമുഖ നടീനടന്‍മാരുടെ സ്വകാര്യ ഫോണ്‍ നമ്പറുകള്‍ പൊലീസ് നിരീക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ട്.

മലയാളത്തിലെ മുന്‍നിര നടിയുടെ സമീപകാല നീക്കങ്ങളും അന്വേഷണ സംഘത്തിന് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സിനിമാരംഗത്തു പ്രവര്‍ത്തിക്കുന്ന 20 സാക്ഷികളുടെ മൊഴികള്‍ വിചാരണഘട്ടത്തില്‍ പ്രോസിക്യൂഷനു നിര്‍ണായകമാണ്. ഈ സാഹചര്യത്തില്‍ എത്രയും വേഗം സാക്ഷിവിസ്താരം ആരംഭിക്കാനാണു പ്രോസിക്യൂഷന്റെ ശ്രമം. കേസിലെ സാക്ഷികള്‍ക്കു മുന്‍നിര താരങ്ങളുടെ നിര്‍മാണ ഘട്ടത്തിലുള്ള ചിത്രങ്ങളില്‍ മികച്ച റോളുകള്‍ വാഗ്ദാനം ചെയ്തതായി രണ്ടു മാസം മുന്‍പേ പൊലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു. സിനിമയില്‍ അഭിനയിക്കുന്നതിനുള്ള പ്രതിഫലമായി വന്‍തുക കൈമാറാമെന്നും വാഗ്ദാനമുണ്ട്. കേസിന്റെ സാക്ഷി വിസ്താരം വൈകിക്കാനുള്ള പ്രതികളുടെ ബോധപൂര്‍വമായ ശ്രമം ഇതിന്റെ ഭാഗമാണെന്നു പൊലീസ് സംശയിക്കുന്നു.

കേസിലെ സാക്ഷി വിസ്താരം വൈകിപ്പിക്കാന്‍ പ്രതിഭാഗം ശ്രമിക്കുന്നതിനെതിരെ വിചാരണക്കോടതിയും കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു. അമ്മയുടെ നേതൃനിരയിലേക്കു ദിലീപിനെ തിരിച്ചെത്തിക്കാനുള്ള നീക്കത്തിന് ഒരു നിര്‍മാതാവും സംവിധായകനും ചരടുവലിച്ചതായി അമ്മയിലെ ചിലരുടെ ഫോണ്‍ സംഭാഷണങ്ങളില്‍നിന്ന് അറിയാനായെന്നു പൊലീസ് സൂചിപ്പിക്കുന്നു.

നിര്‍മാണത്തില്‍ നടന്‍ ദിലീപിനു നേരിട്ടു പങ്കാളിത്തമുള്ള രണ്ടു സിനിമകള്‍ അടക്കം അഞ്ചു മലയാള സിനിമകളുടെ നിര്‍മാണം പൊലീസിന്റെ നിരീക്ഷണത്തില്‍. കേസിലെ സാക്ഷിപ്പട്ടികയിലുള്ളവര്‍ ഈ സിനിമകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലാണിത്. ജൂലൈ 11നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.

അതിനിടെ ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം അമ്മ യോഗത്തില്‍ എടുത്തതിനെ തുടര്‍ന്ന് അമ്മയില്‍നിന്ന് രാജിവച്ച നടിമാര്‍ അമേരിക്കയിലാണ്. രാജിവച്ച നടിമാര്‍ ഉള്‍പ്പെടുന്ന ഒരു സംഘം യുഎസിലാണിപ്പോള്‍. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ വൈകാതെ ലണ്ടനിലേക്കു യാത്ര തിരിക്കും. ഇടവേള ബാബു യുഎസ് ടീമിലുണ്ടെങ്കിലും അദ്ദേഹം പോകണോ എന്നു തീരുമാനിച്ചിട്ടില്ല. ജൂലൈ 20 വരെ മിക്കവരും വിദേശത്തു തുടരും.

വിവിധ സ്ഥലങ്ങളിലെ ഷോകള്‍ക്കു വേണ്ടിയാണു വനിതാസംഘം യുഎസിലേക്കു പോയത്. മഞ്ജു വാരിയര്‍, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ്, പാര്‍വതി എന്നിവരെല്ലാം അമേരിക്കയിലെ വിവിധ ഷോകളിലുണ്ട്. അമ്മ യോഗത്തിനു ശേഷം ഇവര്‍ ഫോണില്‍ കൂടിയാലോചന നടത്തിയിരുന്നു. ആക്രമിക്കപ്പെട്ട നടിയുമായും പ്രമുഖ ഭാരവാഹിയായ ബീന പോളുമായും ഇവര്‍ സംസാരിച്ചു. ഇതിനു ശേഷമാണു നാലുപേര്‍ അമ്മ വിടാന്‍ തീരുമാനിച്ചത്. മഞ്ജുവും പാര്‍വതിയും തല്‍ക്കാലം രാജിവയ്‌ക്കേണ്ടതില്ല എന്നും ഇവര്‍ കൂട്ടായി എടുത്ത തീരുമാനമാണ്. ഫെയ്‌സ്ബുക്കില്‍ എന്തു പോസ്റ്റ് ചെയ്യണമെന്നും കൂട്ടായാണു തീരുമാനിച്ചത്. ഇടുന്ന പോസ്റ്റുകള്‍ പരസ്പരം കാണിക്കുകയും ഇടുന്ന സമയം തീരുമാനിക്കുകയും ചെയ്തിരുന്നു. അച്ഛന്‍ മരിച്ചതിന്റെ പ്രയാസത്തിലായതിനാല്‍ താന്‍ തല്‍ക്കാലം ഫേസ്ബുക് പോസ്റ്റ് ഇടുന്നില്ലെന്നു മഞ്ജു ഇവരെ അറിയിച്ചിരുന്നു. തുടര്‍ന്നു പ്രതികരിക്കേണ്ടെന്നും എല്ലാവരും തീരുമാനിച്ചിട്ടുണ്ട്.

രാജിവച്ച രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഭാവന, ഗീതു മോഹന്‍ദാസ് എന്നിവരുടെ സിനിമാഭാവി എന്താകുമെന്ന ആശങ്കയാണു പല കോണില്‍നിന്ന് ഉയരുന്നത്. എന്നാല്‍ അത്തരം ഭയത്തിന്റെ ആവശ്യമില്ലാത്തവരാണ് ഈ നാലു പേരുമെന്ന് അവരുടെ കരിയര്‍ ഗ്രാഫ് തെളിയിക്കുന്നു. ‘കേള്‍ക്കുന്നുണ്ടോ’ എന്ന ഹ്രസ്വചിത്രത്തിലൂടെ സംവിധാന രംഗത്തേക്കു കളം മാറിയ ഗീതു മോഹന്‍ദാസ്, നിവിന്‍ പോളി നായകനാകുന്ന മൂത്തോന്‍ എന്ന സിനിമയുടെ അണിയറയിലാണ്. മുന്‍പു ‘ലയേഴ്‌സ് ഡൈസ്’ എന്ന ചിത്രവും ഗീതു സംവിധാനം ചെയ്തിട്ടുണ്ട്. ഭാവനയുടെ രണ്ടു കന്നഡ ചിത്രങ്ങള്‍ റിലീസാകാനുണ്ട്. ഹണീ ബീ 2.5, ആദം ജോണ്‍ എന്നിവയാണു മലയാളത്തില്‍ മുന്‍പ് ഇറങ്ങിയ ചിത്രങ്ങള്‍.

രമ്യ നമ്പീശനു മലയാളത്തില്‍ പുതിയ രണ്ടു പടങ്ങളും തമിഴില്‍ ഒരു ചിത്രവും ഉണ്ട്. തമിഴില്‍ സജീവമായതിനാല്‍ മലയാള സിനിമയെ മാത്രം ആശ്രയിക്കേണ്ട ആവശ്യം താരത്തിനില്ല. ഗായിക എന്ന നിലയിലും രമ്യ തമിഴില്‍ ശ്രദ്ധേയയാണ്. റിമ കല്ലിങ്കല്‍ പുതിയ ഒരു ചിത്രത്തില്‍ മാത്രമാണു കരാര്‍ ഒപ്പുവച്ചിട്ടുള്ളത്. സ്വന്തം ഡാന്‍സ് സ്‌കൂളുമായി സജീവമാണു റിമ. അവസരത്തിനായി ആരെയും സമീപിക്കേണ്ട അവസ്ഥയിലല്ല ഇവരാരും. ഇതില്‍ രണ്ടുപേരുടെ ഭര്‍ത്താക്കന്‍മാര്‍ മലയാളത്തിലെ മുന്‍നിര സംവിധായകരാണെന്നതും ശ്രദ്ധേയമാണ്. പഴയ പോലെ ആര്‍ക്കും അവസരങ്ങള്‍ നിഷേധിക്കാന്‍ ഇപ്പോള്‍ കഴിയില്ലെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular