തിരുവനന്തപുരം: കൊല്ലപ്പെട്ട കെവിന്റെ കുടുംബത്തിന് വീട് വെക്കാന്‍ 10 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. ഭാര്യ നീനുവിന്റെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കും. നേരത്തെ യുവജന കമ്മീഷനും നീനുവിന് പത്ത് ലക്ഷം രൂപ സഹായമായി പ്രഖ്യാപിച്ചിരുന്നു. യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്ത ജെറോം വീട്ടിലെത്തിയാണ് നീനുവിന്റെ പഠനത്തിന് പത്ത് ലക്ഷം രൂപ വാഗ്ദാനം ചെയ്തത്.
തെന്‍മല സ്വദേശി നീനു ചാക്കോയുമായുള്ള പ്രണയ വിവാഹത്തിന്റെ പേരിലാണ് നട്ടാശേരി സ്വദേശി കെവിനെ നീനുവിന്റെ ബന്ധുക്കള്‍ തട്ടിക്കൊട്ടുപോയത്. പിന്നീട് കെവിന്റെ മൃതദേഹം ചാലിക്കരയിലെ പുഴയില്‍ കണ്ടെത്തുകയായിരിന്നു. സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പുഴയില്‍ വീണ് മരിച്ചതാകാമെന്ന് പൊലീസും അതല്ല കൊലപാതകം തന്നെയാണെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.
സ്വന്തമായി ഒരു വീടു പോലുമില്ലാത്ത കുടുംബത്തിന്റെ ഏകപ്രതീക്ഷയായിരുന്നു കൊലപ്പെട്ട കെവിന്‍. കുടുംബ സഹിതം നട്ടാശ്ശേരിയില്‍ വാടകയ്ക്കാണ് ഇവര്‍ താമസിച്ചിരുന്നത്. കെവിന്റെ പിതാവ് ജോസഫിനുള്ള ടൂവീലര്‍ വര്‍ക്ഷോപ്പിലെ വരുമാനമാണ് കുടുംബത്തിന്റെ ഇപ്പോഴുള്ള ഏക ഉപജീവന മാര്‍ഗം.
ഭാര്യയും മകളും ഇപ്പോള്‍ നീനുവും അടങ്ങുന്ന കുടുംബത്തെ ഇനിനോക്കേണ്ട ചുമതല കെവിന്റെ പിതാവ് ജോസഫിനാണ്. തനിക്ക് ആരോഗ്യമുള്ളിടത്തോളം കാലം ജോലി ചെയ്ത് കുടുംബം പോറ്റണം എന്നാണ് കെവിന്റെ പിതാവ് ജോസഫിന്റെ ആഗ്രഹം. മകനൊപ്പം ഇറങ്ങി വന്ന നീനുവിന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ജോസഫിനും നീനുവിനും ഉറച്ച നിലപാടുണ്ടായിരുന്നു. കെവിന്റെ വീട്ടില്‍ ജീവിക്കണം എന്ന നീനുവിന്റെ ഉറച്ച നിലപാടിന് ജോസഫ് പിന്തുണയുമായി നിന്നു. ഇപ്പോള്‍ താമസിക്കുന്ന വാടകവീട്ടില്‍ നിന്ന് സ്വന്തമായി ഒരു വീട്ടിലേക്ക് മാറണം. അതിനായി തന്റെ ചവിട്ടുവരിയിലെ വര്‍ക്ക്ഷോപ്പിലേക്ക് വീണ്ടും പോവുകയാണ് ജോസഫ്.