വി.എം സുധീരന്‍ പാര്‍ട്ടിയില്‍ കലാപം സൃഷ്ടിക്കുന്നു; ഹൈക്കമാന്‍ഡിനെ സമീപിക്കാനൊരുങ്ങി എ ഗ്രൂപ്പ്

തിരുവനന്തപുരം: വി.എം.സുധീരനെതിരെ ഹൈക്കമാന്‍ഡിനെ സമീപിക്കാനൊരുങ്ങി എ ഗ്രൂപ്പ്. സുധീരനെ നിയന്ത്രിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് എ ഗ്രൂപ്പ് ഹൈക്കമാന്‍ഡിനെ സമീപിക്കുന്നത്. വിലക്ക് ലംഘിച്ച് പരസ്യ പ്രസ്താവന നടത്തിയെന്നതാണ് സുധീരനെതിരായ ആരോപണം. പാര്‍ട്ടിയില്‍ കലാപം സൃഷ്ടിക്കുകയാണ് സുധീരന്റെ ലക്ഷ്യമെന്നും എ ഗ്രൂപ്പ് ആരോപിക്കുന്നു.

ഗ്രൂപ്പ് സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യാതെയാണ് താന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവച്ചതെന്നായിരുന്നു സുധീരന്റെ പ്രതികരണം. ഗ്രൂപ്പ് മാനേജര്‍മാര്‍ തന്നെ വളഞ്ഞിട്ട് ആക്രമിച്ചെന്നും ഗ്രൂപ്പ് അതിപ്രസരത്തിന്റെ ഇരയാണ് താന്നെന്നും സുധീരന്‍ പറഞ്ഞു. സംഘടനാ പ്രവര്‍ത്തനം നേരെചൊവ്വെ കൊണ്ടു പോകാന്‍ ഗ്രൂപ്പ് നേതാക്കള്‍ തടസ്സമായിരുന്നു. സംഘടനാ സംവിധാനം മുന്നോട്ട് കൊണ്ടുപോയി പ്രവര്‍ത്തിക്കാന്‍ കഴിയാതെ വന്നപ്പോള്‍ രാജിവക്കുകയായിരുന്നുവെന്നും സുധീരന്‍ പറഞ്ഞു.

പാര്‍ട്ടിയല്ല, ഗ്രൂപ്പാണ് പ്രധാനമെന്ന സമീപനമാണവര്‍ക്ക്. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സീറ്റ് നല്‍കിയതും പരസ്പരം കാലുവാരിയതുമാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലേയും തോല്‍വിക്കു കാരണം. ഗ്രൂപ്പ് നേതാക്കന്‍മാരുടെ പ്രവര്‍ത്തനത്താല്‍ താഴെതട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ സാധിച്ചില്ലെന്നും സുധീരന്‍ വ്യക്തമാക്കി. കെപിസിസി അധ്യക്ഷ പദവി വഹിച്ചിരുന്നപ്പോള്‍ എല്ലാവരെയും ആദരിച്ചും അംഗീകരിച്ചും മാത്രമാണ് മുന്നോട്ടുപോയിരുന്നത്.

എന്നാല്‍ ഗ്രൂപ്പ് നേതാക്കന്മാര്‍ അവരുടെ താത്പര്യക്കാരുടെ നിലനില്‍പ്പ് മാത്രം ലക്ഷ്യംവച്ച് പ്രവര്‍ത്തിച്ചതോടെയാണ് സംഘടനാ തെരഞ്ഞെടുപ്പ് അടക്കം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ വന്നത് സുധീരന്‍ കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ പോലുള്ള ജില്ലകളില്‍ താഴെ തട്ടില്‍ മികച്ച രീതിയില്‍ ബൂത്ത് കമ്മിറ്റികള്‍ സജ്ജീകരിച്ചു വരികയായിരുന്നു. ഇതോടെ ഗ്രൂപ്പ് മാനേജര്‍മാര്‍ക്ക് സ്ഥാനമില്ലാത്ത സാഹചര്യം വന്നു. പിന്നാലെയാണ് അവര്‍ തനിക്കെതിരേ തിരിഞ്ഞതെന്നും പലയിടത്തും ഗ്രൂപ്പ് യോഗങ്ങള്‍ സംഘടിപ്പിച്ചതെന്നും സുധീരന്‍ കുറ്റപ്പെടുത്തിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7