കെവിന്‍ വധം; ദുരഭിമാനക്കൊല തന്നെയെന്ന് മുഖ്യമന്ത്രി, ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത്; കര്‍ശന നടപടി സ്വീകരിക്കും, നീനുവിന്റെ മാതാപിതാക്കള്‍ കോണ്‍ഗ്രസുകാരെന്നും പിണറായി

തിരുവനന്തപുരം: കോട്ടയത്ത് കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. അന്വേഷണത്തില്‍ ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്. കേസില്‍ 14 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. കെവിന്റെ ദുരഭിമാനക്കൊല കേരളത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഇത്തരം ജീര്‍ണ സംസ്‌കാരത്തിനെതിരെ കേരളം ഒന്നാകെ മുന്നോട്ടു വരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരഭിമാനക്കൊലയില്‍ കര്‍ശക്കശമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വീഴ്ച വരുത്തിയ ഒരു ഉദ്യോഗസ്ഥനെയും സംരക്ഷിക്കില്ല. കെവിന്റെ കൊലപാതകം മറ്റൊരു വഴിക്കു തിരിച്ചുവിടാനുള്ള ശ്രമം നടന്നു. സംഭവത്തില്‍ അനാവശ്യമായ ഒരു രാഷ്ട്രീയനില കൊണ്ടുവരാന്‍ നോക്കിയത് എന്തിനെന്നും മുഖ്യമന്ത്രി ചോദിച്ചു. നീനുവിന്റെ പിതാവ് ചാക്കോയും മാതാവ് രഹ്നയും സഹോദരന്‍ സാനുവും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

അതിനിടെ, കെവിന്റെ കൊലപാതകം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം അടിയന്തരപ്രമേയത്തിനു നോട്ടിസ് നല്‍കി. പൊലീസ് നിയമലംഘകരായി മാറുന്ന സ്ഥിതിവിശേഷം ചര്‍ച്ച ചെയ്യണം. കെവിന്റേതു സര്‍ക്കാരിന്റെയും പൊലീസിന്റെയും ഒത്താശയോടെ നടന്ന കൊലപാതകമാണ്. കേസ് സിബിഐക്കു വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കെവിന്‍ കേസ് വഴിതിരിച്ചുവിടാന്‍ പൊലീസ് ശ്രമിക്കുന്നു. നീനുവിനെ പൊലീസ് സ്‌റ്റേഷനകത്തുവച്ചു പിതാവ് ക്രൂരമായി മര്‍ദിച്ചിട്ടും പൊലീസ് നോക്കിനിന്നു. കെവിനെ കൊണ്ടുപോയതും കൊല്ലിച്ചതും സിപിഎമ്മാണ്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് ജൂനിയര്‍ ഡോക്ടറാണെന്നും അടിയന്തരപ്രമേയത്തിനു നോട്ടിസ് നല്‍കിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7