തിരുവനന്തപുരം: നിപ്പാ വൈറസുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. അസത്യപ്രചാരണത്തിന്റെ ഉറവിടം സൈബര്‍സെല്‍ പരിശോധിക്കും.ചിലര്‍ അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ വിദഗ്ധസംഘവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.
അതേസമയം നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. വിമാനത്താവളങ്ങളില്‍ ആവശ്യമെങ്കില്‍ മെഡിക്കല്‍ സംഘത്തെ സജ്ജമാക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
നേരത്തെ വൈറസ് ബാധയില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ അറിയിച്ചിരുന്നു.സംസ്ഥാനത്ത് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ് . കേന്ദ്ര സംസ്ഥാന ആരോഗ്യവിദ്ധഗ്ധര്‍ മികച്ച സേവനമാണ് നല്‍കി വരുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. നവമാധ്യമങ്ങളിലുടെയുളള കുപ്രചരണങ്ങള്‍ തളളിക്കളയണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പനി ബാധിച്ചവരില്‍ പന്ത്രണ്ടു പേര്‍ക്കു നിപ്പ വൈറസ് സ്ഥിരീകരിച്ചു. പരിശോധനയ്ക്ക് അയച്ച 18 സാംപിളുകളില്‍ 12 പേര്‍ക്കു വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു.