നാളെ വൈകീട്ട് അറിയാം കര്‍ണാടക ആരുഭരിക്കുമെന്ന്; നാലു മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവ്

ന്യൂഡല്‍ഹി : രാജ്യം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പിന്റെ അന്തിമ വിധി നാളെ അറിയാം. നാളെ വൈകീട്ട് നാലു മണിക്ക് യെദ്യൂരപ്പ സര്‍ക്കാര്‍ കര്‍ണാടക നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കു ശേഷമാണ് ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ ബഞ്ച് നാളെ നിയമസഭയില്‍ ഭൂരിപക്ഷം തേടാന്‍ ആവശ്യപ്പെട്ടത്. തിങ്കളാഴ്ച്ച വിശ്വാസവോട്ടെടുപ്പ് നടത്താമെന്ന ബി.ജെ.പിയുടെ വാദം കോടതി തള്ളി. നാളെത്തന്നെ വിശ്വാസവോട്ടെടുപ്പിനെ നേരിടാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് നേരത്തേ അറിയിച്ചിരുന്നു.

തങ്ങളുടെ എം.എല്‍.എ.മാര്‍ക്ക് സുരക്ഷ ഒരുക്കണമെന്നും കോണ്‍ഗ്രസിന്റെ അഭിഭാഷകന്‍ മനു അഭിഷേഖ് സിംഗ് വി കോടതിയില്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് സംസ്ഥാന ഡി.ജി.പി. നിയമസഭയുടെയും അംഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. പ്രധാനപ്പെട്ട നയപരമായ തീരുമാനങ്ങള്‍ നടപ്പാക്കരുതെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പയോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് -ജെ.ഡി.എസ്. സഖ്യം നല്‍കിയ പിന്തുണ കത്തില്‍ പാര്‍ട്ടി ലീഡര്‍മാരുടെ മാത്രം ഒപ്പേ ഉള്ളൂവെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞെങ്കിലും കോടതി അത് മുഖവിലയ്‌ക്കെടുത്തില്ല. നിലവിലുള്ള സ്ഥിതി നേരിടാന്‍ രണ്ട് മാര്‍ഗങ്ങളാണ് ജസ്റ്റിസ് എ.കെ. സിക്രി നിര്‍ദേശിച്ചത്. ഒന്നുകില്‍ നിയമത്തെ നേരിടണം. അല്ലെങ്കില്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണം. നിയമസഭയിലെ വോട്ടെടുപ്പാണ് യഥാര്‍ത്ഥത്തില്‍ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

യെദ്യൂരപ്പ സര്‍ക്കാരിന് നിയമസഭയില്‍ നാളെ ഭൂരിപക്ഷം തെളിയിക്കാനാവുമോ എന്നു സുപ്രീം കോടതി നേരത്തേ ചോദിച്ചിരുന്നു. കര്‍ണാടകയില്‍ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ഗവര്‍ണര്‍ ബി.ജെ.പിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ചതിനെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം നടക്കവെയാണ് കോടതിയുടെ ചോദ്യം വന്നത്.

ഗവര്‍ണര്‍ എന്തടിസ്ഥാനത്തിലാണ ബിജെപിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ വിളിച്ചതെന്ന് സുപ്രീം കോടതി ചോദിച്ചു. മനു അഭിഷേക് സിങ് വി, കബില്‍ സിബല്‍, പി.ചിദംബരം, ശാന്തിഭൂഷണ്‍, രാം ജഠ്മലാനി, മുകുള്‍ റോത്തഗി, പി.വി വേണുഗോപാല്‍ തുടങ്ങി വന്‍ അഭിഭാഷക നിരയാണ് കോടതിയിലുള്ളത്.

നിയമസഭയില്‍ വ്യക്തമായ ഭൂരിപക്ഷമില്ലാതെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നിയമിക്കാനുള്ള നയവുമായി പുതിയ സര്‍ക്കാര്‍ മുന്നോട്ടു പോവുന്നുണ്ട്. ഇതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി തല്‍ക്കാലം വേണ്ടെന്നും വിശ്വാസവോട്ടെടുപ്പിന് ശേഷം മതിയെന്നും കോടതി നിര്‍ദേശിച്ചു.

കര്‍ണാടക നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയെ മന്ത്രിസഭ ഉണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതോടെയാണ് രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ കേസിന്റെ തുടക്കം. 104 അംഗങ്ങളുണ്ടെങ്കിലും കേവലഭൂരിപക്ഷത്തിന് ബി.ജെ.പി.ക്ക് എട്ട് അംഗങ്ങളുടെ കുറവുണ്ട്. എഴുപത്തെട്ട് അംഗങ്ങളുള്ള ബി.ജെ.പിയും 38 അംഗങ്ങളുള്ള ജെ.ഡി.എസും തിരഞ്ഞെടുപ്പിനു ശേഷം സഖ്യം രൂപീകരിച്ചതോടെയാണ് കര്‍ണാടക നിയമസഭയിലെ ഭൂരിപക്ഷം ആര്‍ക്കെന്ന ചോദ്യം ഉയര്‍ന്നത്.

മൂന്ന് സ്വതന്ത്രന്മാര്‍ മാത്രം വിജയിച്ച തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസംഗങ്ങളെ സ്വന്തം പാളയത്തില്‍ എത്തിക്കാനാണ് ബി.ജെ.പി. ശ്രമിച്ചത്. ഖനിവ്യവസായി ജനാര്‍ദനറെഡ്ഡിയുടെ സുഹൃത്ത് ബി. ശ്രീരാമുലിവിനെയാണ് ദൗത്യമേല്‍പ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, കോണ്‍ഗ്രസ്, ജെ.ഡി.എസ്. എം.എല്‍.എ.മാരെ റിസോര്‍ട്ടിലും ഹോട്ടലിലുമായി പാര്‍പ്പിച്ചതോടെ നീക്കങ്ങള്‍ മന്ദഗതിയിലായി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7