‘പ്രിയപ്പെട്ട മോദിജീ, നിങ്ങളുടെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ യാതൊരു ബന്ധവുമില്ല; ബിജെപി സ്ഥാനാര്‍ഥികള്‍ കര്‍ണാടകത്തിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളികള്‍: രാഹുല്‍ ഗാന്ധി

ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥികളുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. ബിജെപി ടിക്കറ്റില്‍ മല്‍സരിക്കുന്നവര്‍ കര്‍ണാടകത്തിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളികളാണ് എന്നായിരുന്നു കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ വിമര്‍ശനം. ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടിക കണ്ടാല്‍ ചില കേസികളിലെ ‘വാണ്ടഡ് ലിസ്റ്റ്’പോലെയുണ്ടെന്നും രാഹുല്‍ ഗാന്ധി ആരോുിച്ചു.

റെഡ്ഡി സഹോദരങ്ങള്‍ക്കായി ബിജെപി മാറ്റിവച്ച എട്ട് ടിക്കറ്റുകളെ കുറിച്ച് അഞ്ച് മിനിറ്റ് സംസാരിക്കുമോ എന്ന് പറഞ്ഞാണ് രാഹുല്‍ ഗാന്ധി തുടങ്ങുന്നത്. അഴിമതി, വഞ്ചന തട്ടിപ്പ് എന്നിങ്ങനെയുള്ള 23 കേസുകളുള്ള ഒരാളാണ് നിങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. അഴിമതി ആരോപണം അടക്കമുള്ള ക്രിമിനല്‍ കേസുകള്‍ നേരിടുന്ന നിങ്ങളുടെ പതിനൊന്ന് നേതാക്കളെ കുറിച്ച് എപ്പോഴാണ് നിങ്ങള്‍ സംസാരിക്കുക? ‘ രാഹുല്‍ ഗാന്ധി ആരാഞ്ഞു.

ബിജെപിയുടെ മുന്‍ മന്ത്രി ശ്രീരാമുലു, സോമശേഖര്‍ റെഡ്ഡി, ടി.എച്ച്.സുരേഷ് ബാബു, കട്ട സുബ്രഹ്മണ്യ നായിഡു, സി.ടി.രവി, മുര്‍ഗേഷ് നിരാനി, എസ്.എന്‍.കൃഷ്ണയ്യ സെട്ടി, ശിവന ഗൗഡ നായക്, ആര്‍.അശോക്, ശോഭാ കരണ്ട്‌ലജെ എന്നിവരെ പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ട്വിറ്ററില്‍ പങ്കുവച്ച എണ്‍പത് സെക്കന്റ് വീഡിയോയിലാണ് രാഹുല്‍ ഗാന്ധി ഈ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്.

‘പ്രിയപ്പെട്ട മോദിജീ, നിങ്ങള്‍ ഒരുപാട് സംസാരിക്കും. പക്ഷെ പ്രശ്‌നം എന്തെന്നാല്‍ നിങ്ങളുടെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നാണ്. കര്‍ണാടകത്തിലെ നിങ്ങളുടെ സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പ് നോക്കൂ. കര്‍ണാടകത്തിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളികള്‍’ എന്ന് പറഞ്ഞുവേണം ഇത് കാണാന്‍’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. റെഡ്ഡി സഹോദരന്മാരുടെ മേല്‍ ആരോപിക്കപ്പെട്ട 35000 കോടി രൂപയുടെ അഴിമതി മൂടിവച്ചതും ബിജെപി ആണ് എന്നും വീഡിയോയില്‍ വിമര്‍ശനമുണ്ട്. കടലാസ് നോക്കിയെങ്കിലും ഇതിന് ഉത്തരം നല്‍കൂ എന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.

ഒട്ടനവധി അഴിമതി കേസുകളില്‍ പ്രതികളായ റെഡ്ഡി സഹോദരങ്ങളെ കൂടെ നിര്‍ത്തിയാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് ക്യാംപെയ്ന്‍. ഗലി സോമശേഖര റെഡ്ഡി, ഗലി കരുണാകര റെഡ്ഡി എന്നിവര്‍ ബിജെപി ടിക്കറ്റില്‍ മല്‍സരിക്കുന്നുമുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7