വരാപ്പുഴ: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് വീണ്ടും ഭീഷണിക്കത്ത്. കേസില്‍ റിമാന്റില്‍ കഴിയുന്ന ആലുവ മുന്‍ റൂറല്‍ എസ്പിയുടെ പ്രത്യേക സംഘത്തിലുണ്ടായിരുന്ന മൂന്ന് ആര്‍ടിഎഫുകാര്‍ക്കെതിരായ പരാതി പിന്‍വലിച്ചില്ലെങ്കില്‍ ശ്രീജിത്തിന്റെ ഗതി തന്നെയാകും അനുജനുമെന്നാണ് കത്തിലെ ഭീഷണി.
തിരുവനന്തപുരം റൂറല്‍ എസ് പിയുടെ ഷാഡോ സ്‌ക്വാഡിലെ അംഗങ്ങളായ ജയന്‍, സുനില്‍ലാല്‍, സുവിന്‍, ഷിബു എന്നിവരുടെ പേരിലാണ് കത്ത്. ഇതിന് മുന്‍പും സമാനമായ ഭീഷണിക്കത്ത് ഇതേ ഉദ്യോഗസ്ഥരുടെ പേരില്‍ ലഭിച്ചിരുന്നു. മാധ്യമങ്ങളുടെ സഹായത്തോടെ കളിക്കാന്‍ നില്‍ക്കേണ്ടെന്നും മുന്‍പും സമാനമായ കേസുകളില്‍ സര്‍ക്കാരിന് തങ്ങളെ ഒരു ചുക്കും ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും കത്തില്‍ പറയുന്നു.
ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ടു മൂന്ന് ആര്‍ടിഎഫുകാര്‍, വരാപ്പുഴ എസ്ഐ ജി.എസ്.ദീപക്, പറവൂര്‍ സിഐ ക്രിസ്പിന്‍ സാം എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. ആലുവ റൂറല്‍ എസ്പിയായിരുന്ന എ.വി.ജോര്‍ജ്, ആലുവ ഡിവൈഎസ്പി പ്രഫുല്ല ചന്ദ്രന്‍ എന്നിവരെ ചോദ്യംചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. മ
ുന്‍പും ശ്രീജിത്തിന്റെ കുടുംബത്തിനു ഭീഷണിക്കത്ത് ലഭിച്ചിരുന്നു. പൊലീസുകാര്‍ക്കെതിരായ പരാതി പിന്‍വലിക്കണമെന്നായിരുന്നു അന്നും ആവശ്യം. പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. ഈ കത്തും പൊലീസിന് കൈമാറുമെന്ന് ശ്രീജിത്തിന്റെ ഭാര്യ വ്യക്തമാക്കി.