അഗര്‍ത്തല: അധികാരത്തിലേറി 50 ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ വിവാദങ്ങളുടെ തോഴനായി മാറിയിരിക്കുകയാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. മാധ്യമങ്ങള്‍ക്കു മുന്നില്‍ മസാല വിളമ്പുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് വീണ്ടും ബിപ്ലബ് കുമാര്‍ ദേബ് വിവാദത്തിലകപ്പെട്ടത്. മുന്‍ലോകസുന്ദരി ഡയാന ഹെയ്ഡനെതിരായ പരാമര്‍ശത്തിനു മാപ്പു പറഞ്ഞതിനു പിന്നാലെ ഭരണത്തെക്കുറിച്ചു നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വിവാദത്തിലേക്കു നയിച്ചിരിക്കുന്നത്. അപകീര്‍ത്തികരമായ പ്രസംഗത്തിന് ഡയാനയോട് മാപ്പു പറഞ്ഞതിനു പിന്നാലെ അഗര്‍ത്തലയില്‍ സിവില്‍ സര്‍വീസസ് ദിനത്തോട് അനുബന്ധിച്ചുനടന്ന ചടങ്ങിലായിരുന്നു ബിപ്ലബിന്റെ വിവാദപരാമര്‍ശം. സമൂഹമാധ്യമങ്ങളിലൂടെ ഇതിന്റെ വിഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
തന്റെ സര്‍ക്കാരിലോ ജനങ്ങള്‍ക്കുമേലോ കൈകടത്താന്‍ അനുവദിക്കില്ല. ബിപ്ലബ് ദേബല്ല സര്‍ക്കരാര്‍, ജനങ്ങളാണ് സര്‍ക്കാരെന്ന് വിഡിയോയില്‍ ബിപ്ലബ് പറയുന്നു. കാണികള്‍ക്കുനേരെ വിരല്‍ചൂണ്ടിയായിരുന്നു ബിപ്ലബിന്റെ പ്രസംഗം. ഹാളില്‍ നിശബ്ദത തുടരുന്നതിനിടെ ആര്‍ക്കും ജനത്തിനുമേല്‍ കൈകടത്താന്‍ ആകില്ലെന്ന് അദ്ദേഹം ആവര്‍ത്തിക്കുന്നു. എന്റെ ചെറുപ്പത്തില്‍ സര്‍ക്കാര്‍ ഭൂമി ആണെങ്കില്‍ എന്തും ചെയ്യാമെന്നാണ് ആളുകള്‍ പറഞ്ഞിരുന്നത്. രാവിലെ എട്ടുമണിക്ക് ചന്തയിലെത്തിക്കുന്ന പാവയ്ക്ക് ഒന്‍പതുമണിയാകുമ്പോഴേക്കും നഖത്തിന്റെ പോറലേറ്റ് വാടിപ്പോകും. എന്റെ സര്‍ക്കാര്‍ അങ്ങനെയല്ല. അധികാരത്തില്‍ നഖത്തിന്റെ പാടുകള്‍ അവശേഷിക്കാന്‍ അനുവദിക്കില്ല. അത്തരം അനുഭവമുണ്ടാക്കാന്‍ ശ്രമിക്കുന്നവരുടെ നഖങ്ങള്‍ മുറിച്ചുമാറ്റുമെന്നും ബിപ്ലബ് പറഞ്ഞു.
സിവില്‍ സര്‍വീസില്‍ സിവില്‍ എന്‍ജിനീയര്‍മാരെയാണു വേണ്ടതെന്നും മഹാഭാരത കാലത്ത് ഇന്റര്‍നെറ്റും സാറ്റലൈറ്റ് വാര്‍ത്താവിനിമയവും ഉണ്ടായിരുന്നെന്നും അടുത്തയിടെ ബിപ്ലബ് അഭിപ്രായപ്പെട്ടിരുന്നു. ഡയാന ഹെയ്ഡനു ലോക സുന്ദരിപ്പട്ടം നല്‍കിയതിനെ വിമര്‍ശിച്ച ബിപ്ലബ് പിന്നീടു ക്ഷമ ചോദിച്ചിരുന്നു. മാധ്യമങ്ങള്‍ക്കു ‘മസാല’ വിളമ്പരുതെന്നു ബിജെപി നേതാക്കളോടു പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചെങ്കിലും ബിപ്ലബ് വായടച്ചില്ല. ബുധനാഴ്ച കൂടിക്കാഴ്ച നടത്താന്‍ ബിപ്ലബിനെ മോദി ഡല്‍ഹിയിലേക്കു വിളിപ്പിച്ചിട്ടുണ്ട്.