ആലപ്പുഴ: ചേര്‍ത്തല ദിവാകരന്‍ കൊലക്കേസില്‍ സി പി എം ചേര്‍ത്തല മുന്‍ ലോക്കല്‍ സെക്രട്ടറി ആര്‍ ബൈജുവിന് വധശിക്ഷ. ആലപ്പുഴ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിലെ മറ്റ് അഞ്ചുപ്രതികള്‍ക്ക് ജീവപര്യന്തവും വിധിച്ചു. 2009ലാണ് കോണ്‍ഗ്രസ് നേതാവായിരുന്ന ദിവാകരന്‍ കൊല്ലപ്പെട്ടത്. കേസില്‍ ആറാം പ്രതിയായിരുന്നു ബൈജു.
ചേര്‍ത്തല നഗരസഭ 32-ാം വാര്‍ഡ് ചേപ്പിലപൊഴി വി.സുജിത്, കോനാട്ട് എസ്.സതീഷ് കുമാര്‍, ചേപ്പിലപൊഴി പി.പ്രവീണ്‍, 31ാം വാര്‍ഡ് വാവള്ളി എം.ബെന്നി, 32ാം വാര്‍ഡ് ചൂളയ്ക്കല്‍ എന്‍.സേതുകുമാര്‍, കാക്കപറമ്പത്ത് വെളി ആര്‍.ബൈജു എന്നിവരെ കോടതി കേസില്‍ കുറ്റക്കാരെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇന്നാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്.
കേസിലെ മുഖ്യസൂത്രധാരന്‍ ബൈജുവാണെന്ന് കോടതി കണ്ടെത്തി. തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നറിയിപ്പെടുന്ന മലയാളി നടിയുടെ ഡ്രൈവര്‍ സേതുകുമാറും കേസില്‍ പ്രതിയായിരുന്നു. ഇയാള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ജീവപര്യന്തം വിധിച്ചത്.
കയര്‍ കോര്‍പ്പറേഷന്റെ വീട്ടിലൊരു കയറുത്പന്നം പദ്ധതിയുടെ ഭാഗമായുള്ള കയര്‍തടുക്ക് വില്‍പനയിലെ തര്‍ക്കമാണ് കൊലപാതകത്തിലേക്കെത്തിയത്. തടുക്കു വില്‍പനക്കായാണ് സി.പി.എം. ചേര്‍ത്തല വെസ്റ്റ് മുന്‍ ലോക്കല്‍ സെക്രട്ടറിയും ചേര്‍ത്തല നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷനുമായിരുന്ന ആര്‍.ബൈജുവും സംഘവും ദിവാകരന്റെ വീട്ടിലെത്തുന്നത്. തടുക്കിനു വിലകൂടുതലാണെന്ന കാരണത്താല്‍ ദിവാകരന്‍ തടുക്കുവാങ്ങിയിരുന്നില്ല. എന്നാല്‍, സംഘം തടുക്ക് നിര്‍ബന്ധമായി വീട്ടില്‍ വെക്കുകയായിരുന്നു.
അതേദിവസം ഉച്ചയ്ക്കുനടന്ന അയല്‍സഭയില്‍ ദിവാകരന്റെ മകന്‍ ദിലീപ് വിഷയം ഉന്നയിച്ചു. ഇതിന്റെ വൈരാഗ്യത്തില്‍ രാത്രി വീടാക്രമിക്കുകയായിരുന്നുവെന്നാണ് കേസ്. തടികൊണ്ട് തലക്കടിയേറ്റാണ് ദിവാകരന് പരിക്കേറ്റത്. തടയാന്‍ശ്രമിച്ച മകന്‍ ദിലീപിനും ഭാര്യ രശ്മിക്കും പരിക്കേറ്റിരുന്നു. ചേര്‍ത്തല താലൂക്കാശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും ചികിത്സ നടന്നെങ്കിലും ഡിസംബര്‍ ഒമ്പതിന് ദിവാകരന്‍ മരിച്ചു.
വ്യാജവിസ കേസില്‍ നേരത്തെ അറസ്റ്റിലായിട്ടുള്ള ആര്‍.ബൈജു വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ ഇപ്പോള്‍ റിമാന്‍ഡിലുമാണ്. ആറാം പ്രതിയായ ബൈജുവിനെ ആദ്യം ലോക്കല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും പിന്നീട് പാര്‍ട്ടിയില്‍നിന്നും സി.പി.എം. പുറത്താക്കിയിരുന്നു. സേതുകുമാര്‍ എറണാകുളത്ത് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസിലെയും പ്രതിയാണ്. ഇതേകേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞതിനുശേഷം ബാറില്‍ ആക്രമണം നടത്തിയ കേസില്‍ അറസ്റ്റിലായ സുജിത്തിനെ പിന്നീട് ഗുണ്ടാ ആക്ടിലും ജയിലിലാക്കിയിരുന്നു.