ഇസ്ലാമാബാദ്: ഒരു കള്ളം പലയാവര്‍ത്തി പറഞ്ഞതുകൊണ്ടു മാത്രം അത് സത്യമാവില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’ പച്ചക്കള്ളമാണെന്നും പാകിസ്താന്‍.
2016ല്‍ ഇന്ത്യ പാകിസ്താനെതിരെ മിന്നാലാക്രമണം നടത്തിയെന്നും പാക് സൈന്യത്തെ ഫോണില്‍ വിളിച്ച് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം ശേഖരിക്കാന്‍ ആവശ്യപ്പെട്ടെന്നും ലണ്ടനില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് കൊണ്ട് മോദി പറഞ്ഞിരുന്നു. മിന്നാലാക്രമണത്തിന് ശേഷം രാവിലെ 11 മണി മുതല്‍ ബന്ധപ്പെടാന്‍ ശ്രിമിച്ചിരുന്നെങ്കിലും അവര്‍ ഫോണ്‍ എടുത്തില്ല. ഫോണില്‍ വരാന്‍ അവര്‍ക്ക് ഭയമായിരുന്നു, മോദി അവകാശപ്പെട്ടിരുന്നു.
എന്നാല്‍, ഈ അവകാശവാദം തെറ്റാണെന്നും ഇത്തരം ഒരു ആക്രമണവും നടന്നിട്ടില്ലെന്നും പാകിസിതാന്‍ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ വ്യക്തമാക്കി. പാകിസ്താനെതിരെ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയെന്ന ഇന്ത്യന്‍ വാദം അസത്യവും അടിസ്ഥാനരഹിതവുമാണ്. ഒരു കള്ളം പലയാവര്‍ത്തി പറഞ്ഞുകൊണ്ടിരുന്നാല്‍ അത് സത്യമാകില്ലെന്നും മുഹമ്മദ് ഫൈസല്‍ പറഞ്ഞു.
പാകിസ്താനിലെ തീവ്രവാദികളെ പിന്താങ്ങുന്നത് ഇന്ത്യയാണെന്നും മുഹമ്മദ് ഫൈസല്‍, പാകിസ്താന്‍ തീവ്രവാദത്തെ പറ്റിയുള്ള മോദിയുടെ വാദത്തിന് മറുപടിയായി പ്രതികരിച്ചു. ‘ഇന്ത്യയുടെ സ്റ്റേറ്റ് സ്പോണ്‍സേഡ് തീവ്രവാദത്തിന് തെളിവാണ് പാകിസ്താനില്‍ പിടിയിലായ ഇന്ത്യന്‍ ചാരന്‍ കുല്‍ഭൂഷണ്‍ ജാദവ്’, അദ്ദേഹം പറഞ്ഞു.