കൊച്ചി: ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദികളായ കുറ്റവാളികള്‍ എത്ര ഉന്നതരാണെങ്കിലും ശിക്ഷിക്കപ്പെടണമെന്ന് സുരേഷ് ഗോപി എംപി. പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.
പൊലീസ് നടത്തിയ അതിക്രമ കേസുകളെല്ലാം ശരിയായി അന്വേഷിക്കണം. പൊലീസില്‍ കൊമ്പുള്ളവര്‍ ഉണ്ടെങ്കില്‍ അത്തരക്കാരുടെ കൊമ്പ് ഒടിക്കണമെന്നും അദേഹം പറഞ്ഞു. ശ്രീജിത്തിന്റെ കുടുംബത്തിന് എല്ലാവിധ സഹായവും തന്നില്‍ നിന്നും ഉണ്ടാകുമെന്നും ശ്രീജിത്തിന്റെ മരണത്തിന് കാരണക്കാരായവര്‍ക്ക് തക്ക ശിക്ഷ വാങ്ങി നല്‍കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ശ്രീജിത്തിന്റെ അമ്മ ശ്യാമളയുമായും ഭാര്യ അഖിലയുമായും സുരേഷ് ഗോപി സംസാരിച്ചു. ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ മൂന്ന് ആര്‍ടിഎഫുകാര്‍ ഇന്നലെ അറസ്റ്റിലായിരുന്നു. എസ്പിയുടെ സെപഷ്യല്‍ സ്‌ക്വാഡിലുള്ള സന്തോഷ്, സുമേഷ്, ജിതിന്‍രാജ് എന്നിവരാണ് അറസ്റ്റിലായത്. എന്നാല്‍ തങ്ങളെ കുടുക്കിയതാണെന്ന് പിടിയിലായ ഉദ്യോഗസ്ഥര്‍ പ്രതികരിക്കുന്ന വിഡിയോയും ഇതിനിടെ പുറത്തു വന്നിരുന്നു.