ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ കുറ്റക്കാരനെന്ന് കോടതി. കേസില്‍ മറ്റ് പ്രതികളായിരുന്ന സെയ്ഫ് അലി ഖാന്‍, തബു, സോനാലി, നീലം എന്നിവരെ കോടതി വെറുതെ വിട്ടു. ജോധ്പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ദേവ് കുമാര്‍ ഖാത്രിയാണ് വിധി പ്രഖ്യാപിച്ചത്. സല്‍മാന്‍ അടക്കം മുഴുവന്‍ പ്രതികളും വിധി കേള്‍ക്കാന്‍ എത്തിയിരുന്നു. സല്‍മാന് വേണ്ടി അഭിഭാഷകന്‍ എച്ച്.എം സരസ്വത് ആണ് ഹാജരായത്.
1998 ഒക്ടോബര്‍ രണ്ടിന് രാജസ്ഥാനിലെ ജോധ്പുര്‍ കങ്കണി ഗ്രാമത്തില്‍ രണ്ട് കൃഷ്ണമൃഗങ്ങളെ ആയുധമുപയോഗിച്ച് വേട്ടയാടിയെന്നാണ് കേസ്. കഴിഞ്ഞ സെപ്റ്റംബര്‍ 13-നാണ് ഈ കേസില്‍ വാദം തുടങ്ങിയത്. ‘ഹം സാഥ് സാഥ് ഹെ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് നായാട്ട് നടന്നത്. മാര്‍ച്ച് 28നു കേസിന്റെ വിചാരണാനടപടികള്‍ പൂര്‍ത്തിയായിരുന്നു.
വിധി പ്രഖ്യാപനത്തെ തുടര്‍ന്ന് കനത്ത സുരക്ഷാവലയത്തിലായിരുന്നു ജോധ്പൂര്‍ കോടതി. മൂന്ന് തലത്തിലുള്ള സുരക്ഷയാണ് രാജസ്ഥാന്‍ പൊലീസ് ജോധ്പൂര്‍ കോടതിയില്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഒളിച്ചിരുന്ന് വെടിവയ്ക്കുന്നതില്‍ വിദഗ്ദ്ധരായവരെയും കോടതി കെട്ടിടത്തിന് മുകളില്‍ വിന്യസിച്ചിരുന്നു.
ജില്ലാ പൊലീസിനെ കൂടാതെ അടിയന്തര സാഹചര്യം നേരിടാനുള്ള സംഘത്തേയും ഭീകര വിരുദ്ധ സ്‌ക്വാഡിനേയും പ്രത്യേക കമാന്‍ഡോകളേയും കോടതി പരിസരത്ത് നിയോഗിച്ചിരുന്നു. വിധി കേള്‍ക്കാന്‍ എത്തിയവരെ കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് കോടതിയിലേക്ക് കടത്തിവിട്ടത്. രാജസ്ഥാന്‍ ആംഡ് കോസ്റ്റബുലറിയുടെ ഒരു പ്‌ളാറ്റൂണിനേയും വിന്യസിച്ചിരുന്നു.
1998ല്‍ ജോദ്പൂരില്‍ വെച്ച് പതിനെട്ടു വയസ്സ് പ്രായമുള്ള വംശനാശം നേരിടുന്ന ചിങ്കാര വര്‍ഗത്തില്‍പ്പെട്ട രണ്ടു മാനുകളെ വേട്ടയിറച്ചിക്കായി സല്‍മാന്‍ വെടിവച്ചു കൊന്നു എന്നായിരുന്നു കേസ്. സൂരജ് ബര്‍ജാത്യയുടെ ‘ഹം സാത് സാത് ഹെ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനെത്തിയ സമയത്തായിരുന്നു സംഭവം.
കൃഷ്ണമാനിനെ വേട്ടയാടിയതിന് അഞ്ചു വര്‍ഷത്തെ തടവാണ് വിചാരണ കോടതി സല്‍മാന് വിധിച്ചത്. മറ്റൊരു വേട്ടയാടല്‍ കേസില്‍ ഒരു വര്‍ഷം തടവിനും ശിക്ഷിച്ചിരുന്നു. തുടര്‍ന്ന് 13 ദിവസം സല്‍മാന്‍ ജയിലില്‍ കഴിയുകയും പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങുകയും ചെയ്തിരുന്നു.