കൊച്ചിയില്‍ നടത്താനിരുന്ന എ.ആര്‍. റഹ്മാന്‍ ഷോ മാറ്റി വച്ചു …

എറണാകുളം ഇരുമ്പനത്ത് ഇന്ന് നടത്താനിരുന്ന എ.ആര്‍ റഹ്മാന്‍ സംഗീത പരിപാടി മാറ്റിവച്ചു. ഫ്‌ലവേഴ്‌സ് ടി.വി സംഘടിപ്പിക്കുന്ന പരിപാടി കനത്ത മഴ മൂലമാണ് റദ്ദാക്കിയതെന്ന് പറയുന്നുണ്ടെങ്കിലും മറ്റു സംഭവങ്ങളും ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്നുണ്ട്. കനത്തമഴമൂലം കൊച്ചി നഗരത്തിലുണ്ടായ ഗതാഗതക്കുരുക്കു കാരണം ടിക്കറ്റ് ബുക്ക് ചെയ്ത ആസ്വാദകര്‍ക്ക് എത്തിച്ചേരാന്‍ കഴിയാതിരുന്നതാണ് പരിപാടി റദ്ദാക്കാന്‍ കാരണമായി പറയുന്നത്.
പരിപാടിയ്ക്കായി ഇരുമ്പനത്ത് 26 ഏക്കര്‍ പാടശേഖരവും തോടും മണ്ണിട്ട് നികത്തിയതായി ഹൈക്കോടതിയില്‍ പരാതി ലഭിച്ചിരുന്നു. എറണാകുളത്ത് വൈകീട്ട് കനത്ത മഴ പെയ്തതോടെ ഈ പാടം ചെളിക്കുണ്ടായി മാറി. കൊച്ചി നഗരത്തില്‍ വന്‍ ഗതാകുരുക്കും രൂപപ്പെട്ടതോടെ ആയിരവും അയ്യായിരവും രൂപ മുടക്കി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് നഗരത്തിന് പുറത്തെ ഇരുമ്പനത്ത് എത്തിച്ചേരാനും കഴിഞ്ഞില്ല. ഇതാണ് പരിപാടി മാറ്റിവയ്ക്കാന്‍ കാരണമെന്ന് പറയുന്നു. ഏകോപനത്തിലെ പാളിച്ചയും പരിപാടി അലങ്കോലമാകുന്നതിന് കാരണമായതായി ആരോപണമുണ്ട്. പകരം നാളെ ഷോ നടത്തുമെന്നാണ് വിശദീകരണം.

ഈ സംഗീത പരിപാടിക്ക് നെല്‍വയലും തോടും മണ്ണിട്ട് നികത്തിയെന്ന ഹര്‍ജിയില്‍ ദേശീയ അവാര്‍ഡ് ജേതാവും സംഗീത സംവിധായകനുമായ എആര്‍ റഹ്മാനും സംസ്ഥാന സര്‍ക്കാറിനും ഹൈക്കോടതിയുടെ നോട്ടീസ് നല്‍കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇരുമ്പനത്ത് 26 ഏക്കര്‍ പാടശേഖരം എ.ആര്‍ റഹ്മാന്‍ ഷോ എന്ന ‘സംഗീതനിശ’യുടെ മറവില്‍ മണ്ണിട്ട് നികത്തുന്നതായും പുറമ്പോക്ക് കൈയേറുന്നതായും ചൂണ്ടിക്കാട്ടി ചോറ്റാനിക്കര തിരുവാങ്കുളം സ്വദേശിനി വല്‍സല കുഞ്ഞമ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.

റഹ്മാനും സര്‍ക്കാറിനും പുറമെ, ജില്ലാ കളക്ടര്‍, സംഘാടകരായ സ്വകാര്യ ടിവി ചാനല്‍, സ്ഥലം ഉടമകളായ സ്വകാര്യ ആശുപത്രി എന്നീ എതിര്‍ കക്ഷികളോടും വിശദീകരണം തേടിയിട്ടുണ്ട്. നികത്തിയ ഭൂമി പൂര്‍വ്വ സ്ഥിതിയിലാക്കുകയും സ്‌റ്റേജ് നിര്‍മാണം തടയുകയും വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സര്‍ക്കാറിനും കളക്ടര്‍ക്കും നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. പരിപാടി തടസപ്പെടുത്താതിരുന്ന കോടതി കേസ് വീണ്ടും വേനലവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റുകയായിരുന്നു.

കണയന്നൂര്‍ താലൂക്ക് തിരുവാങ്കുളം വില്ലേജിലെ 13 റീ സര്‍വ്വേ നമ്പറുകളിലുള്ള സ്ഥലമാണ് നികത്തുന്നത്. ഒരു കിലോ മീറ്റര്‍ നീളവും ആറ് മീറ്റര്‍ വീതിയുമുള്ള തോടും മണ്ണിട്ട് നികത്തിയതായി ഹര്‍ജിയില്‍ പറയുന്നു. നെല്‍കൃഷി നടത്തുന്ന വയലുകളാണ് ഈ നിലത്തിനും തോടിനും ചുറ്റുമുള്ളത്. കൃഷി ഭൂമി കൃഷിയാവശ്യത്തിനല്ലാതെ നികത്താന്‍ പാടില്ലന്ന നിയമം നിലനില്‍ക്കെയാണ് പാടശേഖരം നികത്തുന്നത്.

ഇത് പ്രദേശത്തെ കുടിവെള്ള ലഭ്യതയും തകരാറിലാക്കും. അതിനാല്‍, 2008ലെ നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമത്തിന്റെയും കേരള ഭൂവിനിയോഗ ഉത്തരവിന്റെയും അടിസ്ഥാനത്തില്‍ ഉത്തരവാദികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

Similar Articles

Comments

Advertismentspot_img

Most Popular