ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്….

സാന്‍ഫ്രാന്‍സിസ്‌കോ: ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ ശൃംഖലയായ ഫെയ്‌സ്ബുക്കിലെ വ്യാജവാര്‍ത്തകളും കബളിപ്പിക്കലും തടയുന്നതിനായി ഉപയോക്താക്കളുടെ ചിത്രങ്ങളുടേയും വീഡിയോകളുടെയും വസ്തുതാ പരിശോധന ഫെയ്‌സ്ബുക്ക് ആരംഭിച്ചു. വെള്ളിയാഴ്ചയാണ് ഫെയ്സ്ബുക്ക് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ അമേരിക്കന്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ച വ്യാജ വാര്‍ത്തകളും വ്യാജ പരസ്യങ്ങളും ഫെയ്‌സ്ബുക്ക് പോസ്റ്റുകളുമെല്ലാം ഫെയ്‌സ്ബുക്കിനെതിരെ വലിയ പ്രതിഷേധങ്ങള്‍ക്കും നിയമ നടപടികള്‍ക്കും ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയുണ്ടായ കേംബ്രിജ് അനലറ്റിക്ക വിവാദവും ഫെയ്‌സ്ബുക്കിന് തിരിച്ചടിയായി. വ്യാജ ചിത്രങ്ങളും വീഡിയോകളുമാണ് ഫെയ്‌സ്ബുക്കില്‍ വളര്‍ന്നുവരുന്ന മറ്റൊരു പ്രശ്‌നം.
ബുധനാഴ്ച ഫ്രാന്‍സിലാണ് ഫെയ്‌സ്ബുക്ക് ചിത്രങ്ങളുടെയും വീഡിയോകളുടെയും വസ്തുതാ പരിശോധന ആരംഭിച്ചത്. വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയുമായി സഹകരിച്ചാണ് ഫെയ്‌സ്ബുക്കിന്റെ ഉദ്യമം. താമസിയാതെ മറ്റ് രാജ്യങ്ങളിലേക്കും ഫെയ്‌സ്ബുക്ക് വസ്തുതാ പരിശോധന ആരംഭിക്കുമെന്ന് ഫെയ്‌സ്ബുക്ക് പ്രൊഡക്റ്റ് മാനേജര്‍ ടെസ്സ ല്യോണ്‍സ് പറഞ്ഞു. എന്ത് മാനദണ്ഡത്തിലാണ് ഫെയ്‌സ്ബുക്കും എഎഫ്പിയും ചിത്രങ്ങളുടെയും വീഡിയോകളുടെയും വസ്തുതാ പരിശോധിക്കുന്നതെന്ന് ല്യോണ്‍സ് വ്യക്തമാക്കിയില്ല. തിരഞ്ഞെടുപ്പ് കാലത്തെ വ്യാജവാര്‍ത്തകളെ തടയുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതിയെന്ന് അവര്‍ പറഞ്ഞു. അതേസമയം എ.എഫ്.പി അധികൃതര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചില്ല.
വ്യാജവാര്‍ത്തകളെ തടയാന്‍ നേരത്തെ മറ്റ് ചില ശ്രമങ്ങളും ഫെയ്‌സ്ബുക്ക് നടത്തിയിരുന്നു. വാര്‍ത്തകളുടെ വസ്തുത പരിശോധിക്കാന്‍ പുറത്തുനിന്നുള്ളവരെ കമ്പനി നിയമിച്ചിരുന്നു. അങ്ങനെ തിരഞ്ഞെടുത്ത വാര്‍ത്തകള്‍ക്ക് ഫെയ്‌സ്ബുക്ക് ന്യൂസ് ഫീഡില്‍ ഇടം നല്‍കാതിരിക്കുകയും ചെയ്തു. മികച്ച വാര്‍ത്താ സ്രോതസ്സുകള്‍ കണ്ടെത്തുന്നതിനായി ഉപയോക്താക്കള്‍ക്കിടയില്‍ സര്‍വേ നടത്തുമെന്ന് ഫെയ്‌സ്ബുക്ക് തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് ജനുവരിയില്‍ പറഞ്ഞിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7