കേപ് ടൗണ്‍: പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രാജിവെച്ചു. സ്മിത്തിന്റെ രാജി ക്രിക്കറ്റ് ആസ്ട്രേലിയ ആവശ്യപ്പെട്ടിരുന്നു. വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഡേവിഡ് വാര്‍ണറും രാജിവെച്ചു. രാജിവിവരം ഓസ്ട്രേലിയ ക്രിക്കറ്റ് സ്ഥിരീകരിച്ചു. കേപ് ടൗണ്‍ ടെസ്റ്റില്‍ ബോളില്‍ കൃത്രിമം കാണിച്ചത് വലിയ വിവാദമായിരുന്നു. ടിം പെയ്നാണ് താല്‍ക്കാലിക ക്യാപ്ടന്‍.
ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് വിവാദത്തിന് ആസ്പദമായ സംഭവം. ഓസീസ് താരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് സാന്‍ഡ് പേപ്പറുപയോഗിച്ച് പന്തു ചുരണ്ടിയതാണു വിവാദത്തിനിടയാക്കിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട അംപയര്‍ ദൃശ്യങ്ങള്‍ പരിശോധിച്ച് ബാന്‍ക്രോഫ്റ്റിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. അംപയറോട് കുറ്റം സമ്മതിച്ചെന്ന് ബാന്‍ക്രോഫ്റ്റ് പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
അതിനിടെ ബാന്‍ക്രോഫ്റ്റ് ടീമിലെ സീനിയര്‍ താരങ്ങളുടെ അറിവോടെയാണു പന്തില്‍ കൃത്രിമം കാണിച്ചതെന്ന് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും വ്യക്തമാക്കി. ഇതോടെ സ്മിത്തിനും ടീമിനും നേരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ഏതു വിധേനയും ജയിക്കേണ്ട മല്‍സരമായതിനാലാണു പന്ത് അനുകൂലമാക്കാന്‍ ശ്രമിച്ചതെന്ന സ്മിത്തിന്റെ വിശദീകരണം എരിതീയില്‍ എണ്ണയൊഴിച്ചതുപോലെയായി.
പന്തില്‍ കൃത്രിമം കാട്ടിയതായി ടീം ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് സമ്മതിച്ച സാഹചര്യത്തില്‍ അദ്ദേഹത്തെ എത്രയും വേഗം ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നു നീക്കണമെന്ന് എഎസ്സി ആവശ്യപ്പെട്ടു. പന്തില്‍ കൃത്രിമം കാണിച്ചതിനെക്കുറിച്ചു നേരത്തേ അറിയാമായിരുന്ന ടീമംഗങ്ങളെയും പരിശീലക സംഘത്തിലെ ആളുകളെയും പുറത്താക്കണം. സംഭവത്തെക്കുറിച്ച് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് അന്വേഷണം പൂര്‍ത്തിയാക്കിയാലുടന്‍ നടപടി സ്വീകരിക്കണമെന്നും എഎസ്സി ആവശ്യപ്പെട്ടു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയതിനു പിന്നാലെ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും പന്തില്‍ കൃത്രിമം കാണിക്കുന്നതിന് സഹായിച്ച സ്മിത്തിനെ നായക സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഞെട്ടലും നിരാശയും രേഖപ്പെടുത്തി ഓസീസ് പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുളും രംഗത്തുവന്നു.